
കാലാവസ്ഥാ വ്യതിയാനവും കെടുതികളും രൂക്ഷമായി തുടരുന്നതിനിടെ പവര്‍പ്ലാന്റുകളില്‍ നിന്നുള്ള സള്‍ഫര്‍ മലിനീകരണം പ്രതിരോധിക്കാനാകാതെ കേന്ദ്രം. സള്‍ഫര്‍ ബഹിര്‍ഗമനം പരിമിതപ്പെടുത്തുന്നതിനായി ക്ലീനിങ് സാങ്കേതിക വിദ്യ സ്ഥാപിക്കുന്നതില്‍ നിന്ന് 80% പവര്‍പ്ലാന്റുകളെ ഒഴിവാക്കി കൊണ്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം. അന്തരീക്ഷ മലിനീകരണം ഗണ്യമായ തോതില്‍ പരിമിതപ്പെടുത്താന്‍ ഉപകരിക്കുന്ന ക്ലീനിങ് സാങ്കേതിക വിദ്യയായ ഫ്ലൂ ഗ്യാസ് ഡീസള്‍ഫറൈസേഷന്‍ സിസ്റ്റം (എഫ്ഡിജിഎസ്) 20% പ്ലാന്റുകളില്‍ മാത്രം നടപ്പിലാക്കിയാല്‍ മതിയെന്നാണ് മോഡി സര്‍ക്കാരിന്റെ പുതിയ തീരുമാനം. തീരുമാനം അസംബന്ധമാണെന്നും രാജ്യത്തെ ഇത് പത്തുവര്‍ഷം പിന്നോട്ടടിക്കുമെന്നുമാണ് വിദഗ്ധരുടെ നിഗമനം.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. താപവൈദ്യുത നിലയം അടക്കമുള്ള രാജ്യത്തെ 80% വൈദ്യുതി ഉല്പാദന പ്ലാന്റുകളിലും എഫ്ഡിജിഎസ് സ്ഥാപിക്കേണ്ടതില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. 2015ല്‍ സള്‍ഫര്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ എല്ലാ വൈദ്യുത നിലയങ്ങളിലും എഫ്ഡിജിഎസ് സ്ഥാപിക്കണമെന്ന ഉത്തരവാണ് ഇതോടെ ഇല്ലാതായത്. വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള സള്‍ഫര്‍ ഉദ്‌വമനം നിയന്ത്രിക്കാനും ഉറവിടത്തില്‍ തന്നെ മലിനീകരണം കുറയ്ക്കുന്നതിനും ക്ലീനിങ് സാങ്കേതികവിദ്യ ഏക മാര്‍ഗമായിരുന്നുവെന്ന് പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എഫ്ഡിജിഎസ് സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ ഇന്ത്യയില്‍ സാങ്കേതികവിദ്യയുടെ അഭാവം ഉണ്ടെന്ന മന്ത്രാലയ വാദം അടിസ്ഥാനരഹിതമാണ്. 2022ല്‍ നടന്ന പഠനത്തില്‍ സള്‍ഫര്‍ ഉദ്‌വമനം കുറയ്ക്കുന്നതിന് ഇന്ത്യയില്‍ ഈ സാങ്കേതിക വിദ്യ ഫലപ്രദമായി നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
അമേരിക്കയും ചൈനയും ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍ പലതും എഫ്ഡിജിഎസ് വഴി മലിനീകരണം ഗണ്യമായി നിയന്ത്രിക്കുന്നുണ്ട്. താപ വൈദ്യുതനിലയ ഉദ്‌വമനങ്ങളിൽ നിന്നുള്ള സൾഫറിന്റെ 90 മുതല്‍ 95% വരെ അവ ഫിൽറ്റര്‍ ചെയ്യുന്നതായി ഡൽഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായു മലിനീകരണ ഗവേഷകനായ സുനിൽ ദഹിയ പ്രതികരിച്ചു.
ചൈനയില്‍ 2007 മുതല്‍ സള്‍ഫര്‍ ഉദ്‌വമനം എഫ്ഡിജിഎസ് സഹായത്തോടെ 75 ശതമാനം കുറയ്ക്കാന്‍ സാധിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ നിരക്ക് 50 ശതമാനം വര്‍ധിച്ചതായി സയന്റിഫിക് റിപ്പോര്‍ട്സ് ജേണലില്‍ 2017ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. ഇന്ത്യയിൽ, ഏകദേശം 3.3 കോടി ആളുകൾ ഇപ്പോൾ ഗണ്യമായ സള്‍ഫര്‍ ഡൈ ഒക്സൈഡ് (എസ്ഒ2) മലിനീകരണമുള്ള പ്രദേശങ്ങളിലാണ് താമസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കല്‍ക്കരി വൈദ്യുത ഉല്പാദന നിലയങ്ങളെ ആശ്രയിക്കുന്ന ഇന്ത്യയില്‍ സള്‍ഫര്‍ ഉദ്‌വമനം 70 ശതമാനവും രേഖപ്പെടുത്തുന്നത് ഇത്തരം നിലയങ്ങളിലാണ്.
പരിസ്ഥിതി മലിനീകരണം കാരണം ഓരോ വര്‍ഷവും ആയിരക്കണക്കിന് പേര്‍ മരിക്കുകയും ലക്ഷക്കണക്കിന് പേര്‍ തീരാരോഗത്തിന്റെ പിടിയില്‍ അമരുകയും ചെയ്യുന്ന അവസരത്തിലാണ് എഫ്ഡിജിഎസ് സംവിധാനം പരിമിതപ്പെടുത്താന്‍ പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം ഇറക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.