
റയിൽവേയിലും സര്‍വകലാശാലകളിലും അടക്കം ഒബിസി ഒഴിവുകൾ നികത്താതെ കേന്ദ്രം. ഇതു സംബന്ധിച്ച കൃത്യമായ കണക്കുകൾ പോലും കേന്ദ്രത്തിന്റെ കൈവശമില്ല.
റയിൽവേയിൽ മാത്രം 7427 ഒബിസി ഒഴിവുകൾ നികത്താതെയുണ്ടെന്നാണ് വിവരം. കേന്ദ്ര സർവകലാശാലകളിൽ ഒബിസി വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്കായി 300 — ലധികം പ്രൊഫസർ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഈ തസ്തികയിലേക്കുള്ള നിയമനം കമ്മിയാണെന്നാണ് പരാതി. ഒബിസി ക്വാട്ടയിൽ ഉൾപ്പെടുത്തി വർഷങ്ങളായി ഒരു പ്രൊഫസറെപ്പോലും നിയമിക്കാത്ത കേന്ദ്ര സർവകലാശാലകളുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒബിസി വിഭാഗം 19.15 ശതമാനം മാത്രമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒബിസി വിഷയത്തിൽ കള്ളക്കണ്ണീരൊഴുക്കുന്ന നരേന്ദ്ര മോഡി സർക്കാരിന്റെ തനിനിറം വ്യക്തമാക്കുന്നതാണ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ആ വിഭാഗം അനുഭവിക്കുന്ന അവഗണന.
പട്ടികജാതി, പട്ടിക വർഗ്ഗ, ഒബിസി വിഭാഗക്കാരുടെ നിയമനത്തിലുണ്ടാകുന്ന ഗുരുതര വീഴ്ചയുടെ കണക്കുകൾ പുറത്തു വരുന്നതും ആരോപണമുയരുന്നതും പുതിയ കാര്യമൊന്നുമല്ല. നിലവിലുള്ള നിയമനരീതിയിലൂടെയല്ലാതെ ലാറ്ററൽ എൻട്രി വഴി 37 പേർക്ക് വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത പദവികളിൽ ജോലി നൽകിയതായി കഴിഞ്ഞ വർഷം കണക്കുകൾ പുറത്തുവന്നിരുന്നു. യോഗ്യരായ പട്ടികജാതി, പട്ടിക വർഗ്ഗ, ഒബിസി വിഭാഗങ്ങളിൽപ്പെടുന്ന ഉദ്യോഗാർത്ഥികളെയും ഇതര വിഭാഗങ്ങൾക്കൊപ്പമാണ് പരിഗണിക്കുന്നത്. ഇപ്രകാരം നിയമനം ലഭിച്ചവരുടെ ജാതി തിരിച്ചുള്ള വിശദാംശങ്ങൾ നൽകണമെന്ന ആവശ്യത്തിന് പാർലമെന്റിൽപ്പോലും കൃത്യമായ മറുപടിയുണ്ടാകുന്നില്ല എന്നാണ് ആക്ഷേപം.
2021 വരെയുള്ള ഒബിസി നിയമനത്തിന്റെ വിശദാംശങ്ങൾ അടുത്തിടെ പാർലമെന്റിൽ അന്വേഷിച്ച അംഗങ്ങൾക്ക് 2019 വരെയുള്ള കണക്കാണ് കേന്ദ്രം നൽകിയത്. അതു തന്നെ 20 ശതമാനമെന്നും 31 ശതമാനമെന്നും വൈരുദ്ധ്യമുള്ള കണക്ക്. ഇത് പ്രകാരം 20. 46 ശതമാനം മാത്രമാണ് ഈ വിഭാഗത്തിന്റെ കേന്ദ്ര സർവീസിലെ പ്രാതിനിധ്യം. എസ് സി, എസ് ടി, ഒബിസി വിഭാഗങ്ങൾ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 70 ശതമാനത്തിലധികം വരുമെങ്കിലും ഇവരെല്ലാം ചേർന്നുള്ള കേന്ദ്ര സർവീസിലെ പ്രാതിനിധ്യം 46 ശതമാനത്തിൽ താഴെ മാത്രമാണ്. അതേസമയം, 26 ശതമാനം വരുന്ന മുന്നാക്ക സമുദായക്കാർക്കുള്ള പ്രാതിനിധ്യം 48 ശതമാനമാണ്. 2015 — ലെ കുടുംബാരോഗ്യ സർവേ വെളിപ്പെടുത്തിയ കണക്കാണിത്.
english summary: Center without filling OBC vacancies
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.