ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനായി കര്‍ശന ഉപാധികളോടെ 529.50 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ച് കേന്ദ്രം. ആവശ്യപ്പെട്ട പ്രത്യേക ധനസഹായത്തിന് പകരമാണ് 16 പദ്ധതികള്‍ക്കായി വായ്പ അനുവദിച്ചത്. ഈ സാമ്പത്തിക വര്‍ഷത്തേക്ക് എന്ന ഉപാധിയുള്ളതിനാല്‍ മാര്‍ച്ച് 31ന് മുമ്പ് തുക ചെലവഴിച്ച് വിവരം നല്‍കേണ്ടതുണ്ട്. അത് പ്രായോഗികതലത്തില്‍ വെല്ലുവിളിയാണ്. ഒന്നര മാസത്തിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തുക വിനിയോഗിക്കുക എന്ന ഉപാധി മറികടക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ധനവകുപ്പ് ആലോചിക്കുകയാണ്. മൂലധന നിക്ഷേപ സഹായമായി പലിശയില്ലാതെ 50 വര്‍ഷത്തേക്ക് നല്‍കുന്ന വായ്പയായ കാപെക്സില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. തുക മാറ്റി ചെലവഴിച്ചാല്‍ വായ്പ വെട്ടിച്ചുരുക്കുമെന്നും ആവര്‍ത്തന പദ്ധതികള്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.
നെടുമ്പാല, എല്‍സ്റ്റോണ്‍ എസ്റ്റേറ്റുകളിലെ ടൗണ്‍ഷിപ്പില്‍ പുനരധിവാസത്തിന് പൊതുകെട്ടിട നിര്‍മ്മാണം 111.32 കോടി, റോഡ് നിര്‍മ്മാണം 87.24 കോടി, പുന്നപ്പുഴ നദിയില്‍ എട്ട് കിലോമീറ്ററില്‍ ഒഴുക്ക് ക്രമീകരിക്കല്‍ 65 കോടി, ഫയര്‍ ആന്റ് റെസ്ക്യൂ സ്റ്റേഷന്‍ 21 കോടി, മുട്ടില്‍ മേപ്പാടി റോഡ് നവീകരണം 60 കോടി, ചൂരല്‍മല പാലം നിര്‍മ്മാണം 38 കോടി, വെള്ളാര്‍മല, മുണ്ടക്കൈ സ്കൂളുകളുടെ പുനര്‍നിര്‍മ്മാണം 12 കോടി, ജില്ലയില്‍ വിവിധോദേശ്യ ഷെല്‍ട്ടര്‍ നിര്‍മ്മാണം 28 കോടി എന്നിങ്ങനെയാണ് തുക വിനിയോഗിക്കേണ്ടത്.
വയനാട് പ്രത്യേക പാക്കേജിനായി സംസ്ഥാന ബജറ്റില്‍ 750 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി 2,000 കോടി രൂപയുടെ പ്രത്യേക സഹായം തേടി പലതവണ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രവുമായി ബന്ധപ്പെട്ടിരുന്നെങ്കിലും ഒരു രൂപ പോലും ലഭ്യമായില്ല. അതിനിടയിലാണ് പുനര്‍നിര്‍മ്മാണത്തിനായി 535 കോടി രൂപയുടെ 16 പദ്ധതികള്‍ സംസ്ഥാനം സമര്‍പ്പിച്ചത്. ഇതിനുള്ള മറുപടിയായാണ് വായ്പ അനുവദിച്ചുള്ള അറിയിപ്പ് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്.
ഇത്രയും വലിയ തുക മാര്‍ച്ച് 31ന് മുമ്പ് ചെലവഴിക്കുകയെന്നത് പ്രായോഗികമായി വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതുപോലെയാണ് പല കേന്ദ്രപദ്ധതികളുടെയും പ്രായോഗികാനുഭവം. പരമാവധി ഫണ്ട് എങ്ങനെ ഉപയോഗിക്കാമെന്നാണ് നോക്കുന്നതെന്നും മന്ത്രി പറഞ്ഞു. നിയമസഭയുടെ എസ്ഡിജിയില്‍ ചേര്‍ത്ത് പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി നമ്മള്‍ മുന്നോട്ടുപോവുകയാണ്. ഏത് സംസ്ഥാനത്താണ് ഇത് സംഭവിക്കുന്നതെങ്കിലും ഗ്രാന്റായിത്തന്നെ തുക കിട്ടേണ്ടതാണെന്നും വായ്പയ്ക്ക് പകരം പ്രത്യേക ഫണ്ട് കേന്ദ്രം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായ്പ തരാന്‍ ഏറെ വൈകി എന്ന പ്രശ്നവുമുണ്ട്. കുറച്ചുകൂടി മുമ്പ് അനുവദിക്കാമായിരുന്നു. ഗ്രാന്റ് കിട്ടുമെന്നാണ് പ്രതീക്ഷ. എല്ലാ അനുമതികളും കിട്ടിയാല്‍ അടുത്ത വര്‍ഷം തന്നെ ദുരിതാശ്വാസത്തിന്റെ ആദ്യപ്രവര്‍ത്തനമായി ടൗണ്‍ഷിപ്പും മറ്റുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ധനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.