8 December 2025, Monday

തദ്ദേശ തെരഞ്ഞെടുപ്പില്‍ കേന്ദ്ര‑സംസ്ഥാന ജീവനക്കാര്‍ക്ക് മത്സരിക്കാനാവില്ല

അങ്കണവാടി ജീവനക്കാർക്കും ആശാവർക്കർമാര്‍ക്കും മത്സരിക്കാം
Janayugom Webdesk
തിരുവനന്തപുരം
November 13, 2025 10:00 pm

തദ്ദേശ തെരഞ്ഞെടുപ്പിൽ കേന്ദ്ര — സംസ്ഥാന സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിലെയും അവ നിയന്ത്രിക്കുന്ന കോർപറേഷനുകളിലെയും ജീവനക്കാർക്ക് മത്സരിക്കാനാകില്ല. സർക്കാരിന് 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലെയും സഹകരണ സംഘങ്ങളിലെയും ജീവനക്കാർക്കും മത്സരിക്കാൻ യോഗ്യതയില്ല. ബോർഡുകളിലോ സർവകലാശാലകളിലോ ജോലി ചെയ്യുന്നവർക്കും ഇതേ നിയന്ത്രണം ബാധകമാണ്. പാർട്ട് ടൈം ജീവനക്കാരും ഓണറേറിയം വാങ്ങി ജോലി ചെയ്യുന്നവരും ഇതിലുൾപ്പെടും. അതേസമയം, അങ്കണവാടി ജീവനക്കാർക്കും ബാലവാടി ജീവനക്കാർക്കും ആശാവർക്കർക്കും മത്സരിക്കാമെന്ന് സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശത്തില്‍ പറയുന്നു.
കെഎസ്ആർടിസി, വൈദ്യുതി ബോർഡ്, എംപാനൽ കണ്ടക്ടർമാർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെ താത്കാലികമായി നിയമിതരായവർ എന്നിവർക്കും മത്സരിക്കാനാവില്ല. കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺമാർക്ക് മത്സരിക്കാം. എന്നാൽ സിഡിഎസ് അക്കൗണ്ടന്റുമാർക്ക് മത്സരിക്കാനാവില്ല. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ നിലവിൽ കരാറിൽ ഏർപ്പെട്ടിട്ടുള്ളവർക്കും കരാർ കാലാവധി അവസാനിക്കാത്തവർക്കും മത്സരിക്കാൻ കഴിയില്ല. തദ്ദേശ സ്ഥാപനത്തിന്റെ കെട്ടിടമോ കടമുറിയോ വാടകയ്ക്കെടുത്തിട്ടുള്ളവർക്ക് മത്സരിക്കാം. സർക്കാരുമായോ തദ്ദേശ സ്ഥാപനങ്ങളുമായോ കരാറിൽ വീഴ്ച വരുത്തിയതിനാൽ ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ, തദ്ദേശ സ്ഥാപനത്തിന്റെ ധനനഷ്ടത്തിന് ഉത്തരവാദികളായി ഓംബുഡ്സ്മാൻ കണ്ടെത്തിയവർ എന്നിവരും അയോഗ്യരാണ്. അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് വിലക്കപ്പെട്ടവരും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റി ജോലി ചെയ്യുന്ന അഭിഭാഷകരായുള്ളവരും മത്സരിക്കാൻ പാടില്ല. സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ കുടിശികയുള്ളവർ അയോഗ്യരാണ്. ബാങ്കുകൾ, സർവീസ് സഹകരണ സംഘങ്ങൾ, കെഎഫ്‍സി, കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങളിലേക്കോ അടയ്ക്കാനുള്ള കുടിശ്ശിക ഇതിലുൾപ്പെടില്ല. ഗഡുക്കളാക്കി അടയ്ക്കുന്ന കുടിശികയിൽ ഗഡു മുടങ്ങിയാൽ മാത്രമേ അയോഗ്യതയുണ്ടാകൂ.
1951‑ലെ ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ, സാൻമാർഗിക ദൂഷ്യം ഉൾപ്പെട്ട കുറ്റങ്ങൾക്ക് മൂന്നു മാസത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചവർ എന്നിവർക്ക് മത്സരിക്കുന്നതിന് അയോഗ്യതയുണ്ട്. ശിക്ഷിക്കപ്പെട്ടാൽ ശിക്ഷ കഴിഞ്ഞതിനു ശേഷം ആറ് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. ശിക്ഷയ്ക്ക് അപ്പീലിൽ സ്റ്റേ ലഭിച്ചാലും കുറ്റസ്ഥാപനം സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ബാധകമായിരിക്കും. അഴിമതിയ്ക്കോ കൂറില്ലായ്മയ്ക്കോ പിരിച്ചുവിട്ട ഉദ്യോഗസ്ഥർക്ക് പിരിച്ചുവിട്ടതു മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യത ഉണ്ടാകും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ടവർക്ക് അയോഗ്യനാക്കപ്പെട്ടതു മുതൽ ആറു വർഷം അയോഗ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം ചെലവുകണക്ക് സമർപ്പിക്കാത്തവർക്ക് ഉത്തരവ് തീയതി മുതൽ അഞ്ച് വർഷത്തേക്ക് അയോഗ്യതയുണ്ടാകും. സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.