30 January 2026, Friday

കേരള ഹൈഡ്രജൻ വാലിക്ക് കേന്ദ്ര അനുമതി; ഹൈഡ്രജൻ സമ്പദ് വ്യവസ്ഥയിലേക്കുള്ള വലിയ ചുവടുവയ്പ്

Janayugom Webdesk
തിരുവനന്തപുരം
July 25, 2025 10:47 pm

കേരളത്തിന്റെ ഹരിത ഊർജ റോഡ് മാപ്പിന്റെ പ്രധാന നാഴികക്കല്ലായി ഹൈഡ്രജൻ വാലി ഇന്നോവേഷൻ ക്ലസ്റ്റർ (എച്ച്‍വിഐസി) പദ്ധതിക്ക് കേന്ദ്ര അനുമതി ലഭിച്ചു. ദേശീയ ഹരിത ഹൈഡ്രജൻ മിഷനിൽ (എന്‍ജിഎച്ച്എം) ഉൾപ്പെടുത്തി കേന്ദ്ര നവീന പുനരുപയോഗ മന്ത്രാലയം ആണ് ഉത്തരവായിട്ടുള്ളത്. അനേര്‍ട്ട് അവതരിപ്പിച്ച പദ്ധതിക്ക് ഡിഎസ്‍ടി രൂപീകരിച്ച എസ്‍പേര്‍ട്ട് പാനല്‍ കമ്മിറ്റി (ഇപിസി) ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം.
ദേശീയ തലത്തിൽ തെരഞ്ഞെടുത്ത നാലു പദ്ധതികളിൽ ഒന്നാണ് കേരള എച്ച്‍വിഐസി. തെന്നിന്ത്യയിലെ ഏക എച്ച്‍വിഐസിയും ഒരു സംസ്ഥാന സർക്കാർ സ്ഥാപനം നേതൃത്വം നൽകുന്ന ഏക സ്ഥാപനം എന്ന പ്രത്യേകതയും അനെർട്ട് നടപ്പാക്കുന്ന കേരള എച്ച്‍വിഐസിക്കുണ്ട്. പൈലറ്റ് ഹരിത ഹൈഡ്രജൻ പ്രൊജക്ടുകൾ നടപ്പാക്കിക്കൊണ്ട് വൻതോതിൽ വാണിജ്യ വ്യവസായ ഹരിത ഹൈഡ്രജൻ ഉപയോഗിക്കുന്ന സംരംഭങ്ങളിലേക്ക് വളരാനാവശ്യമായ മാതൃകകളും അടിസ്ഥാന സൗകര്യങ്ങളും വൈദഗ്ധ്യവും നൈപുണ്യവും സ്വായത്തമാക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. 

ഹൈഡ്രജൻ വാലി എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഹൈഡ്രജൻ മുഴുവൻ മൂല്യ ശൃംഖലയുമുൾപ്പെടുന്ന (ഉല്പാദനം, സംഭരണം, വിതരണം, ഉപയോഗം) പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഒരു പ്രദേശത്തെയാണ്. പൊതുമേഖലയും സ്വകാര്യസംരംഭങ്ങളും അക്കാദമിക്-വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം സഹകരിച്ച് പൈലറ്റ് പദ്ധതികളും പ്രയോഗങ്ങളും നടപ്പിലാക്കാനാണ് ഇതിലൂടെ സാധ്യമാകുക. 

അനേര്‍ട്ടിന് മറ്റൊരു ഹരിത ഹൈഡ്രജൻ പൈലറ്റ് ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (എആര്‍എഐ–കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം) അനുവദിച്ചിട്ടുണ്ട്. ഇതും ദേശീയ ഹരിത ഹൈഡ്രജൻ മിഷനിലാണ് ഉൾപ്പെട്ടിട്ടുള്ളത്. ഹൈഡ്രജൻ ഗതാഗത പൈലറ്റ് പദ്ധതിയിൽ ഹൈഡ്രജൻ വാഹനങ്ങൾ, റിഫ്യൂവലിങ് നിലയങ്ങൾ എന്നിവ ഉൾപ്പെടുന്നു. ബിപിസിഎല്‍, കെഎസ്ആര്‍ടിസി എന്നിവയുമായുള്ള സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക. ഹൈഡ്രജൻ അധിഷ്ഠിത സമ്പദ് വ്യവസ്ഥ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. പദ്ധതിയുടെ മൊത്തം അടങ്കല്‍ 133.18 കോടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.