സംഘര്‍ഷം രൂക്ഷമായ മണിപ്പൂരിലേക്ക് കൂടുതല്‍ കേന്ദ്രസേനയെത്തും. 90 കമ്പനി സൈനികരെ കൂടി സംസ്ഥാനത്ത് വിന്യസിക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുല്‍ദീപ് സിങ് പറഞ്ഞു. നിലവില്‍ 288 കമ്പനി സൈനികരാണ് സംസ്ഥാനത്തുള്ളത്. ഓരോ ജില്ലകളിലും ജോയിന്റ് കണ്‍ട്രോള്‍ റൂം സ്ഥാപിക്കാനും സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. കരസേന, പൊലീസ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത സുരക്ഷാ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിപ്പൂരിലെ വംശീയ കലാപത്തില്‍ ഇതുവരെ 258 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്. പൊലീസിന്റെ ആയുധപ്പുരയില്‍ നിന്നും കൊള്ളയടിച്ച 3000 ആയുധങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു.
ഏകോപനത്തിനും, അതിര്‍ത്തി, ദേശീയ പാത സുരക്ഷയ്ക്കും സേനയെ വിന്യസിപ്പിക്കുന്നത് സംബന്ധിച്ച് വ്യക്തമായ രൂപരേഖ തയ്യാറാക്കിയതായും കുല്‍ദീപ് സിങ് പറഞ്ഞു. ജിരിബാമില്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവരുടേതുള്‍പ്പെടെ ഒമ്പത് മൃതദേഹങ്ങള്‍ സംസ്കരിച്ചതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് നിരോധനം രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. എംഎല്‍എമാരുടെ വസതികള്‍ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 34 ആയെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.