
കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം രാജ്യത്തേക്ക് ഒഴുക്കുന്ന പ്രവാസികളെയും വികസനക്കുതിപ്പിന് കാത്തിരിക്കുന്ന കേരളത്തെയും പാടെ തഴഞ്ഞുകൊണ്ടാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളത് എന്ന് കേരള അസോസിയേഷൻ കുവൈറ്റ് കുറ്റപ്പെടുത്തി.കേവലം സാങ്കേതിക മാറ്റങ്ങളിൽ ഒതുക്കി പ്രവാസികളെ കേന്ദ്ര സർക്കാർ വഞ്ചിച്ചിരിക്കുകയാണ്. കേരളത്തിന്റെ ദീർഘകാല സ്വപ്നങ്ങളോടും ന്യായമായ ആവശ്യങ്ങളോടും മുഖംതിരിച്ച ബജറ്റ് പച്ചയായ വിവേചനമാണ് കാട്ടിയിരിക്കുന്നത്. തൊഴിൽ നഷ്ടപ്പെട്ടും മറ്റും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ഒരു രൂപ പോലും ബജറ്റിൽ വകയിരുത്തിയില്ല. പ്രവാസി പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതമെന്ന ആവശ്യവും ഇത്തവണയും കടലാസിലൊതുങ്ങി.പ്രവാസികളെ പിഴിഞ്ഞുണ്ണുന്ന വിമാനക്കമ്പനികളുടെ ടിക്കറ്റ് കൊള്ള നിയന്ത്രിക്കാൻ ബജറ്റിൽ ഒരു നിർദ്ദേശവുമില്ല. ഗൾഫ് പ്രവാസികൾക്ക് ആശ്വാസമാകേണ്ട യാത്രാ ഇളവുകളെക്കുറിച്ച് ധനമന്ത്രി മിണ്ടിയില്ല. പണമയക്കുന്നതിലെ ടി.സി.എസ് കുറച്ചത് വലിയ നേട്ടമായി ഉയർത്തിക്കാട്ടുമ്പോഴും, സാധാരണ കുറഞ്ഞ വരുമാനക്കാരായ പ്രവാസികൾക്ക് ഗുണകരമാകുന്ന നികുതിയിളവുകളോ ഇൻഷുറൻസ് പദ്ധതികളോ പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തിന്റെ അർഹതയ്ക്കും വികസനത്തിനും നേരെ പതിവ് പോലെ കണ്ണടച്ച് പിടിക്കുകയാണ് കേന്ദ്ര ധനമന്ത്രി ഇത്തവണയും ചെയ്തിരിക്കുന്നത്.കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് കരുത്താകേണ്ട എയിംസ് (AIIMS) ഇത്തവണയും പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചില്ല.ആയുർവേദത്തിന്റെ ഈറ്റില്ലമായ കേരളത്തെ ഒഴിവാക്കിയതിലും കേന്ദ്ര സർക്കാരിന്റെ ബിജെപി ഇതര സംസ്ഥാനങ്ങളോടുള്ള വിവേചനം പ്രകടമാണ്. സംസ്ഥാനം നിരന്തരം ആവശ്യപ്പെടുന്ന റെയിൽവേ വികസന പദ്ധതികളും പാടെ അവഗണിക്കപ്പെട്ടു.ജീവിതം വഴിമുട്ടിയ റബ്ബർ കർഷകരെ രക്ഷിക്കാൻ താങ്ങുവില വർദ്ധിപ്പിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കാർഷിക മേഖലയ്ക്ക് ബജറ്റ് നൽകിയത് വെറും വാഗ്ദാനങ്ങൾ മാത്രമാണ്.ജി.എസ്.ടി വിഹിതത്തിലും മറ്റും കേരളം നേരിടുന്ന വിവേചനം പരിഹരിക്കാൻ ഒരു നീക്കവും ബജറ്റിലില്ല. വിഴിഞ്ഞം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾക്ക് പച്ചക്കൊടി കാട്ടാതെ കേന്ദ്രം കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നതിനെയും കേരള അസോസിയേഷൻ കുവൈറ്റ് പ്രതിഷേധിച്ചു.
പ്രവാസികളുടെ നിക്ഷേപങ്ങളെ ഓഹരി വിപണിയിലേക്ക് എത്തിക്കാൻ സൗകര്യമൊരുക്കുന്ന ബജറ്റ്, യഥാർത്ഥത്തിൽ സാധാരണ പ്രവാസിയുടെ സമ്പാദ്യത്തിന് സുരക്ഷിതത്വം നൽകുന്നതിനേക്കാൾ കോർപ്പറേറ്റ് നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പലയാവർത്തി സാധാരണക്കാരനെ മറന്നുകൊണ്ട് കോർപറേറ്റുകളെ പ്രീണിപ്പിക്കുന്ന കേന്ദ്രസർക്കാറിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നു വരേണ്ടതുണ്ടെന്ന് കേരള അസോസിസിയേഷൻ കുവൈറ്റ് അഭിപ്രായപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.