
പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച 35,000 കോടി രൂപയുടെ കാര്‍ഷിക പദ്ധതി സംസ്ഥാനങ്ങളുടെ കാര്‍ഷിക പദ്ധതികളുടെ അന്ത്യം കുറിക്കും. സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തുള്ള പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നടത്തിയത്.
പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന (പിഎംഡിഡികെവൈ) പദ്ധതി ലക്ഷ്യം കാണാതെ ഉഴലുന്ന അവസരത്തിലാണ് മോഡിയുടെ പുതിയ പ്രഖ്യാപനം. പി എം കിസാൻ, പ്രധാനമന്ത്രി ഫസൽ ബീമ യോജന (പിഎംഎഫ്ബിവൈ), പ്രധാൻ മന്ത്രി കൃഷി സിഞ്ചായീ യോജന (പിഎംകെഎസ്‌വൈ), രാഷ്ട്രീയ കൃഷി വികാസ് യോജന എന്നിവ ഉൾപ്പെടെ നിലവിലുള്ള 36 പദ്ധതികൾ പിഎംഡിഡികെവൈയില്‍ ലയിപ്പിക്കുമെന്നാണ് മോഡി പ്രഖ്യാപിച്ചിരിക്കുന്നത്.
നീതി ആയോഗ് പഠനം അനുസരിച്ച് ജില്ലാ തലത്തില്‍ ശരാശരിയിലും താഴെ വിളവ് (3.5 ഹെക്ടറില്‍ താഴെ), കുറഞ്ഞ വായ്പ ലഭ്യത എന്നിവയുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടാണ് 35,000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപനം. 2025 മുതല്‍ 2031 വരെയുള്ള ആറുവര്‍ഷത്തേക്ക് പ്രതിവര്‍ഷം 24,000 കോടി രൂപയാകും ബജറ്റില്‍ വകയിരുത്തുക. മൊത്തം 1.44 ലക്ഷം കോടിയാണ് അടങ്കല്‍ തുകയായി നീക്കിവച്ചിരിക്കുന്നത്.
2024–25 ലെ സാമ്പത്തിക സര്‍വേ പ്രകാരം രണ്ട് ഹെക്ടറില്‍ താഴെയുള്ള ചെറുകിട, നാമമാത്ര ഭൂവുടമകളായ 1.7 കോടി കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് മോഡി അവകാശപ്പെടുന്നത്. കൃഷി സംസ്ഥാന വിഷയമായ ഇന്ത്യയില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനുള്ള രഹസ്യനീക്കമാണ് പുതിയ പ്രഖ്യാപനത്തിലുടെ പുറത്ത് വന്നിരിക്കുന്നത്.
പിഎംകെഎസ്‌വൈ പദ്ധതിയിലുടെ അധികാര കേന്ദ്രീകരണവും ലക്ഷ്യമിടുന്നു. പുതിയ പ്രഖ്യാപനത്തിലുടെ കാർഷിക മേഖലയിലെ സംസ്ഥാന അധികാരം വളരെ പരിമിതമാകും. കൂടാതെ എല്ലാ പദ്ധതികളും ഫണ്ടിങും ഓഡിറ്റിങും തന്ത്രങ്ങളും കേന്ദ്ര സർക്കാരിലോ അതിന്റെ ഏജൻസികളിലോ നിന്ന് സ്വീകരിക്കേണ്ട സ്ഥിതിയിലേക്ക് സംസ്ഥാനങ്ങളെ കൊണ്ടുചെന്നെത്തിക്കും. ഇത് സംസ്ഥാന കാർഷിക ഏജൻസികൾക്ക് ഗണ്യമായ സാമ്പത്തിക തീരുമാനമെടുക്കൽ അധികാരം നഷ്ടപ്പെടുത്തും. മാത്രമല്ല പ്രഖ്യാപനം സംസ്ഥാന കാർഷിക വിഷയം കേന്ദ്ര സര്‍ക്കാരിന്റെ അന്തിമ ഏറ്റെടുക്കലായി മാറുകയും ചെയ്യും. രാജ്യത്തെ കാര്‍ഷിക മേഖലയിലേക്ക് കുത്തക കമ്പനികളുടെ കടന്ന് വരവിനും പ്രഖ്യാപനം വഴിതുറക്കും.
ഇന്ത്യന്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (ഐഎആര്‍ഐ) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) തുടങ്ങിയ പൊതുമേഖല ഗവേഷണ സ്ഥാപനങ്ങള്‍ക്ക് പകരം മഹീന്ദ്ര, ഐടിസി, ഗോദ്റെജ് പോലുള്ള സ്വകാര്യ കുത്തക ഭീമന്‍മാര്‍ കാര്‍ഷിക മേഖല കയ്യടക്കുന്നതിനും പ്രഖ്യാപനം വഴിതുറക്കും. പൊതുമേഖല കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളെ ഒഴിവാക്കി സ്വകാര്യ കുത്തകകള്‍ക്ക് കാര്‍ഷിക മേഖല അടിയറ വെയ്കുന്ന നയങ്ങളാണ് മോഡിയുടെ പ്രഖ്യാപനത്തിലുള്ളത്. ഇത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളെ പൂർണമായും തകർക്കുകയും നാമാവശേഷമാക്കുകയും ചെയ്യും. കൂടാതെ പൊതു കാർഷിക സ്ഥാപനങ്ങളെ കൂടുതൽ ശോഷിപ്പിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യും.
രാജ്യത്തെ 100 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക എന്നാണ് പ്രഖ്യാപനം. എല്ലാ കാര്‍ഷിക പദ്ധതികളുടെയും മാതാവ് എന്ന വിശേഷണത്തോടെ ആരംഭിച്ച പദ്ധതിയില്‍ രാജ്യത്തെ 800 ജില്ലകളില്‍ 100 എണ്ണത്തെ മാത്രം തെരഞ്ഞെടുത്തതിലും അപാകത ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.