10 December 2025, Wednesday

ഭരണകൂട വേട്ട: വാര്‍ത്താ ചാനലുകള്‍ അടച്ചുപൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2024 11:32 pm

ബിജെപിക്കെതിരെ വാര്‍ത്തകള്‍ നല്‍കിയതിന് വേട്ടയാടപ്പെട്ട ആഗോള വാര്‍ത്താ ചാനലായ ബിബിസിയുടെ ഇന്ത്യയിലെ ന്യൂസ് റൂം അടച്ചുപൂട്ടി. ഹിന്ദി ഡിജിറ്റല്‍ വാർത്താമാധ്യമമായ ബോല്‍ത്താ ഹിന്ദുസ്ഥാന്റെ യൂട്യൂബ് ചാനലിനും കേന്ദ്രസര്‍ക്കാര്‍ തടയിട്ടു.
കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വേട്ടയുടെ ഫലമായാണ് ബിബിസി ഇന്ത്യയിലെ പ്രവര്‍ത്തനം നിര്‍ത്തിയത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോഡിയുടെ പങ്ക് വിവരിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് പിന്നാലെയാണ് ബിബിസിക്കെതിരെ വേട്ടയാടല്‍ ആരംഭിച്ചത്. ദ മോഡി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററി സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ വിലക്കിയിരുന്നു.
2022 ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. വന്‍ തുക പിഴ അടയ്ക്കേണ്ടതായും വന്നു. ഒരു വര്‍ഷമായി പ്രതികാര നടപടി തുടരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഓഫിസുകള്‍ അടയ്ക്കാന്‍ ബിബിസി തീരുമാനിച്ചത്.
മോഡി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന മറ്റൊരു മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓണ്‍ലൈനിന് നേരെയും റെയ്ഡും അറസ്റ്റും ഉള്‍പ്പെടെ നടന്നിരുന്നു. 

കേന്ദ്രസർക്കാരിന്റെ നിർദേശത്തെ തുടർന്നാണ് ബോല്‍ത്താ ഹിന്ദുസ്ഥാനെ യുട്യൂബില്‍ നിന്നും നീക്കംചെയ്തിരിക്കുന്നത്. 2021ലെ ഇൻഫർമേഷൻ ടെക്‌നോളജി റൂൾസ് 15 (2) പ്രകാരം ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്കനുസൃതമായാണ് ചാനൽ നീക്കം ചെയ്തതെന്ന് ബോല്‍ത്താ ഹിന്ദുസ്ഥാന് യൂട്യൂബ് അയച്ച കത്തില്‍ പറ‍യുന്നു. അതേസമയം കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
2015 മുതൽ സംപ്രേക്ഷണം ചെയ്യുന്ന ചാനലിന് ഏകദേശം മൂന്നുലക്ഷത്തോളം സബ്സ്ക്രെെബേഴ്സ് ഉണ്ടായിരുന്നു. ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ ആം ആദ്മി പാർട്ടി (എഎപി) എംപി സഞ്ജയ് സിങ്ങിന് ജാമ്യം അനുവദിച്ചതിനെ കേന്ദ്രീകരിച്ചായിരുന്നു യുട്യൂബ് ചാനലിലെ അവസാന വീഡിയോ. മാസങ്ങള്‍ക്ക് മുമ്പ് 40,000 ഫോളോവേഴ്‌സുള്ള ബോല്‍ത്താ ഹിന്ദുസ്ഥാന്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിനും കേന്ദ്ര നിര്‍ദേശപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ബിബിസി പ്രവര്‍ത്തനം ‘കളക്ടീവ് ന്യൂസ് റൂ‘മിലൂടെ

മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘കളക്ടീവ് ന്യൂസ് റൂം’ വഴിയാകും ബിബിസിയുടെ ഇന്ത്യയിലെ ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍. കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ക്കായി ബിബിസി സര്‍ക്കാരിന് അപേക്ഷ നല്‍കി. ബിബിസി ഇന്ത്യന്‍ മേധാവിയായിരുന്ന രൂപ ഝാ ന്യൂസ് റൂമിനെ നയിക്കും. ബിബിസി മറ്റൊരു സ്ഥാപനത്തിന് പ്രസിദ്ധീകരണ ലൈസന്‍സ് നല്‍കുന്നത് ആദ്യമായാണെന്നും പത്രപ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും രൂപ ഝാ പറഞ്ഞു. ബിബിസി ഇന്ത്യയിലെ സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന ഝാ, കളക്ടീവ് ന്യൂസ് റൂമിന്റെ നാല് സ്ഥാപക ഓഹരി ഉടമകളില്‍ ഒരാളാണ്. ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഏഴ് ഭാഷകളിലെ ബിബിസിയുടെ ഡിജിറ്റല്‍ സേവനങ്ങള്‍ക്കുള്ള ഉള്ളടക്കങ്ങള്‍ കളക്ടീവ് ന്യൂസ്‌ റൂം നിര്‍മിക്കും. നിലവില്‍ ഇന്ത്യയിലെ ഓഫിസിലുണ്ടായ ജീവനക്കാരെ കളക്ടീവ് ന്യൂസ്‌ റൂമിലേക്ക് മാറ്റിയിട്ടുണ്ട്. 1940 മേയിലാണ് ബിബിസി ഇന്ത്യയില്‍ സംപ്രേഷണം ആരംഭിച്ചത്. 200 ജീവനക്കാര്‍ അടങ്ങിയ ഇന്ത്യയിലെ ബ്യൂറോയാണ് ലണ്ടന്‍ കഴിഞ്ഞാല്‍ ബിബിസിയുടെ ഏറ്റവും വലിയ ഓഫിസ്. 

Eng­lish Sum­ma­ry: Cen­tral goven­ment shut-down channels

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.