രാജ്യത്തേക്കുള്ള സ്വര്‍ണ കള്ളക്കടത്തിന് ആക്കം കൂട്ടിയത് കേന്ദ്ര സര്‍ക്കാരിന്റെ നികുതി നയങ്ങള്‍. സ്വര്‍ണത്തിന്റെ ഇറക്കുമതിക്കുള്ള നികുതികളില്‍ ഇളവ് വേണമെന്ന ആവശ്യവുമായി ജ്വല്ലറി ഉടമകളുടെ സംഘടനകള്‍.ലോകത്തിലെ സ്വര്‍ണ ഉപയോക്താക്കളുടെ പട്ടികയില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഇറക്കുമതിയുടെ കാര്യത്തില്‍ ഒന്നാമതും. നിലവില്‍ 18.5 ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി. ഇതില്‍ കസ്റ്റംസ് ഡ്യൂട്ടി, കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന സെസ്, ജിഎസ്‌ടി എന്നിവ ഉള്‍പ്പെടുന്നു. സെസിന്റെ പൂര്‍ണ പ്രയോജനം കേന്ദ്രത്തിനു മാത്രമാണ്. ഈ നികുതി ഘടനയില്‍ മാറ്റം വേണമെന്ന ആവശ്യമാണ് സ്വര്‍ണ വിപണി നേരിടുന്ന പ്രതിസന്ധികള്‍ മുന്നില്‍ കണ്ട് ജൂവലറി ഉടമകള്‍ മുന്നോട്ടു വയ്ക്കുന്നത്.
കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് ഒരു കിലോ സ്വര്‍ണം എത്തുമ്പോള്‍ 8–9 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കു പ്രകാരം ഒരു രാജ്യത്ത് ഉപയോഗിക്കുന്ന 10 ശതമാനം സ്വര്‍ണം കള്ളക്കടത്തിലൂടെ എത്തുന്നതാണെന്ന പൊതു നിഗമനമാണുള്ളത്. മുമ്പ് കള്ളക്കടത്ത് അധോലോകത്തിന്റെ കുത്തകയായിരുന്നെങ്കില്‍ ഇന്നത് വിവിധ മാഫിയകളിലേക്ക് പുനര്‍ വിന്യാസം ചെയ്യപ്പെട്ടെന്നും ഈ മേഖലയില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പ്രതിവര്‍ഷം 800 ടണ്‍ സ്വര്‍ണമാണ് ഉപഭോക്താക്കള്‍ വാങ്ങികൂട്ടുന്നത്. ഇതില്‍ ഏതാണ്ട് 80–90 ടണ്‍ സ്വര്‍ണം രാജ്യത്തുള്ള പഴയ സ്വര്‍ണത്തിന്റെ മറിച്ച് വില്പനയുടെ ബാക്കിയായ ഉരുക്കലും തുടര്‍ന്നുള്ള പുതിയ ഉരുപ്പടി നിര്‍മ്മാണത്തിലും ഉള്‍പ്പെടുന്നു. ബാക്കിയുള്ളത് ഇറക്കുമതി അടിസ്ഥാനമാക്കിയുള്ളതാണ്. രാജ്യത്തേക്ക് 80–100 ടണ്‍ വരെ സ്വര്‍ണം കള്ളക്കടത്തിലൂടെ എത്തുന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ സി ഇ ഒ സോമസുന്ദരം അഭിപ്രായപ്പെടുന്നത്.
സ്വര്‍ണ ഇറക്കുമതിക്ക് നികുതി നിരക്കുകളില്‍ സര്‍ക്കാര്‍ കുറവു വരുത്തിയാല്‍ കള്ളക്കടത്ത് വന്‍ തോതില്‍ കുറയ്ക്കാമെന്ന നിലപാടാണ് സ്വര്‍ണ ഇറക്കുമതിക്കാര്‍ക്ക് ഇടയിലുള്ളത്. കള്ളക്കടത്തിലൂടെ രാജ്യത്തേക്ക് എത്തുന്ന സ്വര്‍ണത്തിന്റെ തോത് കണക്കാക്കിയാല്‍ നികുതി നിരക്ക് ഏകീകരണം സര്‍ക്കാര്‍ ഖജനാവിന് കൂടുതല്‍ വരുമാനം നേടിത്തരുമെന്നും ഇക്കൂട്ടര്‍ കണക്കുകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു.നികുതി ഇളവിന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം കയറ്റുമതി ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പഴയ നയങ്ങള്‍ കള്ളക്കടത്തു തടയാന്‍ ഉപകരിക്കില്ലെന്നും ജൂവലറി ഉടമകളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
English Summary: Central government has given momentum to gold smuggling
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.