18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 15, 2024
April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024

സഹകരണ മേഖലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നുകയറ്റം

രണ്ടു ലക്ഷം പിഎസിഎസുകള്‍ തുടങ്ങുന്നു
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഈ സംഘങ്ങള്‍ മുഖേന
ബൈലോ തയ്യാറാക്കി
Janayugom Webdesk
തിരുവനന്തപുരം
February 15, 2023 10:35 pm

സംസ്ഥാനങ്ങളുടെ അധികാരപരിധിയില്‍ കെെകടത്തുന്നതിന് സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയ കേന്ദ്രം സഹകരണ മേഖലയിലേയ്ക്ക് കടന്നുകയറുന്നതിനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി രാജ്യത്ത് അഞ്ചുവര്‍ഷം കൊണ്ട് രണ്ടു ലക്ഷം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പിഎസിഎസ്) ആരംഭിക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്രം പുതിയതായി രൂപം നല്കിയ സഹകരണ വകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ ഉന്നതതല സമിതിക്കും രൂപം നല്കി. കൃഷി, മത്സ്യ ബന്ധനം, മൃഗസംരക്ഷണം, ക്ഷീര വികസന മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും അടങ്ങുന്നതാണ് സമിതി. പ്രാഥമിക വായ്പാ സംഘങ്ങള്‍ രൂപീകരിക്കുകയും കേന്ദ്ര പദ്ധതികള്‍ ഇതുവഴി സുഗമമായി നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സമിതിക്ക് അധികാരമുണ്ട്. ദേശീയ സമിതിക്കു പുറമേ സംസ്ഥാന ജില്ലാസമിതികളും രൂപീകരിക്കുന്നുണ്ട്.

നിലവില്‍ പിഎസിഎസുകള്‍ ഇല്ലാത്ത പഞ്ചായത്തുകളിലും വില്ലേജുകളിലും ഇവ രൂപീകരിക്കാനാണ് തീരുമാനം. ഇവയ്ക്കൊപ്പം ക്ഷീര, മത്സ്യ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും പദ്ധതിയുണ്ട്. പ്രവർത്തനക്ഷമമായ സഹകരണ സംഘങ്ങൾ സ്ഥാപിക്കുന്നതിനും കേന്ദ്ര പദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുമാണ് രൂപരേഖ ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. നബാർഡും നാഷണൽ ഡയറി ഡെവലപ്‌മെന്റ് ബോർഡും (എൻഡിഡിബി) നാഷണൽ ഫിഷറി ഡെവലപ്‌മെന്റ് ബോർഡും (എൻഎഫ്‌ഡിബി) ചേർന്ന് ഇവ സ്ഥാപിക്കുന്നതിനുള്ള കർമപദ്ധതി തയ്യാറാക്കും. പി‌എ‌സി‌എസിന്റെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും അവരുടെ പ്രവർത്തനങ്ങൾ വൈവിധ്യവല്‍ക്കരിക്കുന്നതിനുമായി, മാതൃകാ ബൈലോ മന്ത്രാലയം തയ്യാറാക്കി. പെട്രോൾ പമ്പുകൾ, എൽപിജി വിതരണം തുടങ്ങി 25ലധികം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ബൈലോ പ്രകാരം പുതിയ സംഘങ്ങള്‍ക്ക് സാധ്യമാകും. അതാത് സംസ്ഥാന സഹകരണ നിയമങ്ങൾക്കനുസൃതമായി ഉചിതമായ മാറ്റങ്ങൾ വരുത്തി പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ ആരംഭിക്കണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കിയിട്ടുള്ളതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

13 കോടി അംഗങ്ങളുള്ള ഏകദേശം 98,995 പ്രാഥമിക സംഘങ്ങളാണ് നിലവിലുള്ളതെന്നും ഇവവഴി ഹ്രസ്വകാല, ഇടത്തരം വായ്പകളും മറ്റും നൽകുകയും വിത്ത്, വളം, കീടനാശിനി എന്നിവ വിതരണം നടത്തുകയും ചെയ്യുന്നുണ്ടെന്നും പ്രസ്താവന വിശദീകരിക്കുന്നു. ഒന്നരക്കോടി അംഗങ്ങളുള്ള 1.99 ലക്ഷത്തിലധികം പ്രാഥമിക ക്ഷീര സഹകരണ സംഘങ്ങൾ, 38 ലക്ഷം അംഗങ്ങളുള്ള 25,297ലധികം പ്രാഥമിക മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾ എന്നിവയും രാജ്യത്തുണ്ട്. പാൽ സംഭരിക്കുക, പാൽ പരിശോധനാ സൗകര്യങ്ങൾ, കാലിത്തീറ്റ വില്പന, വിപുലീകരണ സേവനങ്ങൾ, മത്സ്യവിപണന സൗകര്യങ്ങൾ, മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യ വിത്ത്, തീറ്റ എന്നിവ വാങ്ങുന്നതിന് സഹായിക്കുക കൂടാതെ അംഗങ്ങൾക്ക് വായ്പാ സൗകര്യങ്ങളും നല്കുന്ന ഉത്തരവാദിത്തമാണ് ഈ സംഘങ്ങള്‍ നിര്‍വഹിക്കുന്നത്.
നിലവിലില്ലാത്ത പഞ്ചായത്തുകളില്‍ പിഎസിഎസ് സ്ഥാപിതമാവുമ്പോള്‍ ഇപ്പോഴുള്ളവയുടെ പ്രവര്‍ത്തനങ്ങളെ അത് ദോഷകരമായി ബാധിക്കാനിടയുണ്ട്. പല സംഘങ്ങളും ഒന്നിലധികം പഞ്ചായത്തുകള്‍ പരിധിയായി നിശ്ചയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അത്തരം പ്രദേശങ്ങളില്‍ പുതിയ കാര്‍ഷിക വായ്പാ സംഘങ്ങളും ക്ഷീര, മത്സ്യ സഹകരണ സംഘങ്ങളും രൂപീകരിച്ച് കടന്നുകയറുകയാണ് ഇതിന് പിന്നിലുള്ള ഗൂഢോദ്ദേശ്യമെന്ന് വ്യക്തമാണ്. മാത്രമല്ല കേന്ദ്ര പദ്ധതികള്‍ ഈ സംഘങ്ങളിലേക്ക് മാറ്റുമെന്ന തീരുമാനവും നിലവിലുള്ള കാര്‍ഷിക,ക്ഷീര, മത്സ്യ വായ്പാ സംഘങ്ങളുടെ നിലനില്പിനെ ബാധിക്കാനിടയുണ്ട്.

Eng­lish Sum­ma­ry: Cen­tral gov­ern­ment intru­sion into coop­er­a­tive sector
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.