5 February 2026, Thursday

കേന്ദ്രസർക്കാർ ഫെഡറലിസത്തെ തകർക്കുന്നു: പി പി സുനീർ എംപി

Janayugom Webdesk
ന്യൂഡല്‍ഹി
February 5, 2026 9:27 pm

കേന്ദ്ര സർക്കാരിന്റെ നയങ്ങൾ രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണെന്ന് സിപിഐ അംഗം പി പി സുനീർ എംപി. രാജ്യസഭയിൽ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന സാമ്പത്തിക അവഗണനയും വിവാദമായ തൊഴിൽ നിയമങ്ങളും വിവരാവകാശ നിയമത്തിലെ മാറ്റങ്ങളും അദ്ദേഹം സഭയിൽ ഉന്നയിച്ചു. ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ശിലയാണെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രം ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് പി പി സുനീർ ചൂണ്ടിക്കാട്ടി. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ നൽകേണ്ട സഹായത്തിനായി പോലും കേരളത്തിന് സുപ്രീം കോടതിയെ സമീപിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചും അർഹമായ ഫണ്ടുകൾ തടഞ്ഞുവച്ചും കേരളത്തെ സാമ്പത്തികമായി കേന്ദ്രം ശ്വാസം മുട്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്തെ 29 പ്രധാന തൊഴിൽ നിയമങ്ങൾ റദ്ദാക്കി പകരം കൊണ്ടുവന്ന നാല് ലേബർ കോഡുകൾ തൊഴിലാളികളുടെ സുരക്ഷ ഇല്ലാതാക്കാനാണ് സഹായിക്കുന്നത്. ഇത് പരിഷ്കാരമല്ല മറിച്ച് തൊഴിലാളി വർഗത്തെ പിന്നോട്ടടിക്കലാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ആകാശം മുട്ടെ വര്‍ധിച്ചു. സാധാരണക്കാരന്റെ ജീവിക്കാനുള്ള അവകാശം പോലും ഹനിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഇല്ലാതാക്കാൻ സർക്കാർ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. വിവരാവകാശ നിയമം പുനഃപരിശോധിക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണ്. 2019 ലെ ഭേദഗതിയിലൂടെ വിവരാവകാശ കമ്മിഷണർമാരുടെ സ്വാതന്ത്ര്യം സർക്കാർ കവർന്നെടുത്തു. നിയമം ഇനിയും ദുർബലപ്പെടുത്തുന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ബോർഡ് ഓഫ് പീസ് എന്ന സമാധാന സമിതിയിൽ ഇന്ത്യ അംഗമാകരുതെന്നും പി പി സുനീർ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.