22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 26, 2024
October 18, 2024
October 9, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024

ചെലവ് ചുരുക്കൽ തകൃതി; തപാൽ ഓഫിസുകൾ അടച്ചുപൂട്ടുന്നു

ബേബി ആലുവ
കൊച്ചി
December 11, 2022 8:07 pm

ചെലവ് ചുരുക്കലിന്റെ പേരിൽ താഴെത്തട്ടിലുള്ള തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ കേന്ദ്ര നീക്കം. നാട്ടിൽപുറങ്ങളിൽ പ്രായം ചെന്നവർക്ക് ലൈഫ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇതോടെ ഇല്ലാതാകും.
എല്ലാ ഗ്രാമങ്ങളിലും പോസ്റ്റ് ഓഫിസുകളുള്ള സംസ്ഥാനമാണ് കേരളം. അതിനാൽ, നടപടിയുടെ ദൂഷ്യഫലങ്ങൾ ഏറ്റവുമധികം ബാധിക്കുക കേരളത്തെയാവും. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ. കുറവ് വയനാട് ജില്ലയിലും.
ലാഭകരമായി പ്രവർത്തിക്കുന്നതെന്നോ അല്ലാത്തതെന്നോ ഉള്ള തരം തിരിവൊന്നുമില്ലാതെ, വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എബിസി വിഭാഗത്തിൽപ്പെട്ട എല്ലാ പോസ്റ്റ് ഓഫീസുകളും ചെലവ് ചുരുക്കലിന്റെ ഭാഗമായി നിർത്തലാക്കാനാണ് നീക്കം.

ആദ്യപടിയായി ഈ വിഭാഗത്തിൽപ്പെടുന്ന 100 ‑ലേറെ സ്ഥാപനങ്ങൾ പൂട്ടാൻ നിർദ്ദേശം നൽകിക്കഴിഞ്ഞതായാണ് വിവരം. വാടകക്കരാർ തുടർന്ന് പുതുക്കേണ്ടതില്ലെന്നും പ്രത്യേക നിർദ്ദേശമുണ്ട്. ഭൂരിഭാഗം പോസ്റ്റ് ഓഫീസുകളും വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത് എന്നതിനാൽ, അവശേഷിക്കുക സ്വന്തം സ്ഥലത്തുള്ള ഹെഡ് പോസ്റ്റ് ഓഫീസുകൾ മാത്രമാകും. എബിസി വിഭാഗത്തിൽപ്പെടുന്നവയുടെ വരുമാനക്കണക്ക് ശേഖരിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വൈകാതെ ഘട്ടം ഘട്ടമായി അവയ്ക്ക് പൂട്ട് വീഴും.

ജീവനക്കാരുടെ എണ്ണം പരമാവധി കുറച്ച് ചെലവ് ചുരുക്കൽ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പരിഷ്കരണം കേരളത്തിൽ മാത്രം ലക്ഷക്കണക്കായ വയോജനങ്ങൾക്ക് വലിയ തിരിച്ചടിയാകും. പെൻഷൻ ആനുകൂല്യങ്ങൾക്ക് നിർബ്ബന്ധമായ ലൈഫ് സർട്ടിഫിക്കറ്റിനായി നഗരങ്ങളിലെ ഹെഡ് പോസ്റ്റ് ഓഫീസുകളുടെ മുമ്പിൽ ക്യൂ നിൽക്കേണ്ട ഗതികേടിലാവും പ്രായം ചെന്ന മനുഷ്യർ. ഇതിനു പുറമെ, ഉയർന്ന പലിശ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായി തപാൽ ഓഫീസുകളിൽ നിക്ഷേപം നടത്തിയിട്ടുള്ള വലിയൊരു വിഭാഗവും ഗതി കേടിലാകും. അടച്ചുപൂട്ടൽ പ്രക്രിയയുടെ തുടക്കം കേരളത്തിലാണ്.

ചെലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരുടെ ആനുകൂല്യങ്ങളിൽ പലതും ഇപ്പോൾത്തന്നെ വെട്ടിക്കുറച്ചിട്ടുണ്ട്. താഴ്ന്ന തസ്തികളിലേക്ക് താത്കാലിക പകരക്കാരെ നിയമിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. അടച്ചുപൂട്ടാനുള്ളവയുടെ പട്ടികയിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം കോട്ടൺ ഹിൽ, പാലക്കാട് ഫോർട്ട് പോസ്റ്റ് ഓഫീസുകളും ഉൾപ്പെടുത്തിയിട്ടുള്ളത്, കേന്ദ്ര നീക്കം ജീവനക്കാരെ ഉന്നമിട്ടുള്ളതാണ് എന്നതിന്റെ ദൃഷ്ടാന്തമായി അവർ ചൂണ്ടിക്കാട്ടുന്നു.
തപാൽ ഓഫീസുകളുടെ സേവനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി അവയുടെ സാങ്കേതിക നവീകരണം ലക്ഷ്യമിട്ട് 5200 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷത്തിൽത്തന്നെ 10, 000 പോസ്റ്റ് ഓഫീസുകൾ കൂടി പുതുതായി തുറന്ന് അവയുടെ എണ്ണം 1.7 ലക്ഷത്തിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വികരിച്ചിട്ടുണ്ടെന്നും അടുത്തിടെ തപാൽ വകുപ്പ് സെക്രട്ടറി അമൽ ശർമ്മ വെളിപ്പെടുത്തിയതിന് പിന്നാലെയാണ്, നിലവിൽ ഉള്ളവയ്ക്ക് താഴിടാനുള്ള നീക്കം.

Eng­lish Sum­ma­ry : Cen­tral gov­ern­ment move to close post offices
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.