22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024

സംഘ്പരിവാർ പരീക്ഷണശാലയിലെ വ്യാജ നിർമ്മിതികൾ

അബ്ദുൾ ഗഫൂർ
June 30, 2023 4:30 am

മഹാത്മാ ഗാന്ധിയെ നമ്മുടെ രാജ്യത്തെ പുതിയ തലമുറ സ്കൂൾ ക്ലാസുകൾ മുതൽ വായിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിനപ്പുറം അദ്ദേഹത്തിന്റെ ജീവിതത്തെ നന്നായി മനസിലാക്കിയത് 1980കളിൽ പുറത്തിറങ്ങുകയും രാജ്യമെമ്പാടും പ്രദർശിപ്പിക്കപ്പെടുകയും ചെയ്ത ഗാന്ധി എന്ന ചലച്ചിത്രാവിഷ്കാരത്തിലൂടെയായിരുന്നു. റിച്ചാർഡ് ആറ്റൻബറോ എന്ന സംവിധായകന്റെ പ്രസ്തുത ചലച്ചിത്രാവിഷ്കാരം ഗാന്ധിയെ വായിച്ചവർക്കും പഠിച്ചവർക്കും അതിനെക്കാൾ നന്നായി മനസിലാക്കിക്കൊടുത്തു. നടന്ന സംഭവങ്ങളായാലും കുറ്റകൃത്യങ്ങളായാലും ചരിത്രമായാലും ചരിത്രപുരുഷന്മാരായാലും വളരെ നന്നായി അനുഭവവേദ്യമാകുമെന്നത് ചലച്ചിത്രത്തിന്റെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഏറ്റവുമധികം ജനങ്ങളുടെ വിനോദോപാധിയെന്ന നിലയിൽ ചരിത്രത്തെ പുനര വതരിപ്പിക്കുന്നതിൽ ചലച്ചിത്രങ്ങൾ ഇന്നും വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ ഫാസിസ്റ്റ് സത്യാനന്തര കാലത്ത് ചരിത്രത്തെ വസ്തുതാപരമായി അവതരിപ്പിക്കുക എന്നതിനപ്പുറം വ്യാജനിർമ്മിതിക്കാണ് ചലച്ചിത്രത്തെ കൂടുതലായി ഉപയോഗിക്കുന്നത് എന്ന ദുരന്ത പരിസരത്താണ് നാമിപ്പോഴുള്ളത്. അതിന്റെ ഉദാഹരണമായാണ് കേരള സ്റ്റോറി എന്ന ചലച്ചിത്രം വിവാദത്തിന് വഴിമരുന്നിട്ടത്. യഥാർത്ഥ കേരളത്തെയല്ല, വ്യാജമായൊരു കേരള ചിത്രം അവതരിപ്പിക്കുകയെന്നതായിരുന്നു പിന്നണി പ്രവർത്തകർ ലക്ഷ്യം വച്ചത്. പക്ഷേ അത് സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തുറന്നുകാട്ടപ്പെട്ടു. കമ്മ്യൂണിസ്റ്റ് ഭരണം നിലനിൽക്കുന്ന കേരളമെന്ന കൊച്ചുസംസ്ഥാനത്ത് മതപരിവർത്തനവും വിഘടന സംഘടനകളിലേക്ക് ആളുകളെ ചേർക്കലും കയറ്റി അയയ്ക്കുമാണ് കൂടുതലായി നടക്കുന്നത് എന്ന വ്യാജ പ്രചരണമാണ് പ്രസ്തുത സിനിമ നടത്താൻ ശ്രമിച്ചത്.

സമൂഹമാധ്യമങ്ങളിലും അല്ലാതെയും വലിയ വിമർശനങ്ങളും വിവാദങ്ങളും സംഭവിച്ചപ്പോൾ അതിന്റെ പ്രചരണ ബാനറുകളിൽ നിന്ന് ഈ വ്യാജങ്ങളെ മാറ്റിയെങ്കിലും ഉള്ളടക്കത്തിൽ വലിയ മാറ്റങ്ങൾ വരുത്തപ്പെട്ടില്ല. അതുകൊണ്ടുതന്നെ പിന്നണിയിൽ പ്രവർത്തിച്ചവർ ഉദ്ദേശിച്ച വ്യാജ സന്ദേശങ്ങൾ തന്നെയാണ് സിനിമ പ്രദർശിപ്പിച്ച ഇടങ്ങളിൽ വിതരണം ചെയ്യപ്പെട്ടത്. അതിന്റെ അപകടം വളരെ വലുതാണ്. കാരണം സമൂഹമാധ്യമങ്ങളോ ദൃശ്യ സാങ്കേതിക സംവിധാനങ്ങളോ ഇപ്പോഴും അന്യമായ ഉത്തരേന്ത്യൻ ജനസമൂഹത്തിന് വിവാദങ്ങളോ വിമർശനങ്ങളോ അതേത്തുടർന്ന് ടീസറുകളിലും ബാനറുകളിലും വരുത്തിയ മാറ്റങ്ങളോ അജ്ഞാതമാണ്. അവർ കണ്ടത് വ്യാജ കേരള സ്റ്റോറിയാണ്. അവരുടെ മനസിൽ പതിഞ്ഞത് ആ സിനിമ അവതരിപ്പിക്കുവാൻ ശ്രമിച്ച കള്ളങ്ങൾ തന്നെയാണ്. അതുതന്നെയായിരുന്നു അവരുടെ ലക്ഷ്യവും. സമൂഹമാധ്യമങ്ങളെ ആശ്രയിക്കുന്ന ജനകോടികൾക്ക് മുന്നിൽ വ്യാജ പ്രചരണങ്ങളും വിദ്വേഷം വിതറലും വ്യക്തിഹത്യയും നന്നായി നടത്തുന്നതിന് വലിയൊരു ശൃംഖല 2014ൽ അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ രാജ്യത്ത് വികസിപ്പിച്ച്, പ്രവർത്തിച്ചുവരുന്നുണ്ട്. അതിൽ അവർ ഒരു പരിധിവരെ വിജയിക്കുന്നുമുണ്ട്. എന്നാൽ സമൂഹമാധ്യമങ്ങളുടെ പരിസരങ്ങളിലൊന്നുമെത്താത്ത വലിയൊരു വിഭാഗമുണ്ടെന്നും അവരിലേക്കും വ്യാജ ചരിത്രവും വിദ്വേഷവും വ്യക്തിഹത്യയുമെത്തിക്കുന്നതിനുള്ള ഉപാധികളും സ്വീകരിക്കണമെന്ന ഫാസിസ്റ്റ് പ്രചാരണ തന്ത്രജ്ഞരുടെ തലച്ചോറിൽ ഉദിച്ചതാണ് ചലച്ചിത്രങ്ങളിലൂടെയുള്ള കുപ്രചരണങ്ങൾ. ഹിറ്റ്ലറുടെയും മുസോളിനിയുടെയും കാലത്തും ഇതേ പരീക്ഷണങ്ങളുണ്ടായിരുന്നു. യുഎസ് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഇരുവിഭാഗവും എതിർ വിഭാഗങ്ങൾക്കെതിരെ ഇതേ തന്ത്രം പയറ്റിയിരുന്നതായും കൂടുതലായി നടത്തിയത് നരേന്ദ്ര മോഡിയുടെ അക്കാലത്തെ ഉറ്റകൂട്ടുകാരനായിരുന്ന ഡൊണാൾഡ് ട്രംപായിരുന്നു എന്നതും നാമോർക്കണം.


ഇതുകൂടി വായിക്കൂ:  വെറുപ്പിന്റെയും നുണകളുടെയും പ്രചരണം ചെറുക്കണം


ഇന്ത്യയെ സംബന്ധിച്ച് കേരള സ്റ്റോറി പുറത്തിറങ്ങിയ 2023നുള്ള പ്രത്യേകത 2024ന് മുമ്പുള്ള വർഷമാണെന്നതാണ്. 2024 മേയ് മാസത്തിന് മുമ്പാണ് നരേന്ദ്ര മോഡി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടേണ്ടത്. തികച്ചും അനുകൂലമായിരുന്ന 2019ലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റങ്ങൾ ദൃശ്യമായ കാലയളവിലൂടെ സഞ്ചരിച്ചാണ് മോഡി അടുത്ത തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്നത്. അതുകൊണ്ടുതന്നെ വ്യാജ ചരിത്ര നിർമ്മിതിയും വിദ്വേഷ പ്രചരണങ്ങളും വ്യക്തിഹത്യയും നിറഞ്ഞ ചലച്ചിത്രങ്ങൾ നിരവധിയാണ് അന്തപ്പുരങ്ങളിൽ രൂപപ്പെട്ടിരിക്കുന്നത്. അടുത്ത മാസം മുതൽ അടുത്ത വർഷം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെ പുറത്തിറക്കുന്നതിനുള്ള സിനിമകൾ സംഘ്പരിവാർ സ്റ്റുഡിയോകൾ രൂപപ്പെടുത്തിയിട്ടുണ്ട്. കേരള സ്റ്റോറി പറഞ്ഞതുപോലെ വ്യാജ ചരിത്രങ്ങളും സംഭവങ്ങളും അവതരിപ്പിച്ച സാമുദായിക ധ്രുവീകരണവും അന്യമത ഇതര പ്രത്യയശാസ്ത്ര വിരുദ്ധ പ്രചരണങ്ങളും ഉള്ളടക്കമായുള്ളവയാണ് ഒരുങ്ങിയിരിക്കുന്ന എല്ലാത്തിന്റെയും പ്രമേയം. കഥയും തിരക്കഥയും ഒരേ കേന്ദ്രങ്ങളിൽ നിന്ന് രചിക്കുകയും സംവിധാനം പൊതുവെന്ന് തോന്നുന്നവരെക്കൊണ്ട് നിർവഹിക്കുകയുമാണ് ചെയ്യുന്നത്. മുസ്ലിം മതവിദ്വേഷത്തിന്റെ ഉള്ളടക്കവുമായി അടുത്തിറങ്ങുന്ന സിനിമയാണ് സഞ്ജയ് പുരൺ സിങ് ചൗഹാന്റെ ’72 ഹുറൈൻ’. വിദ്വേഷം പ്രചരിപ്പിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളുമുണ്ട് എന്നതിനാൽ ഇതിന്റെ ട്രെയിലറിന് തന്നെ അംഗീകാരം നൽകാതിരുന്നത് വിവാദമായിരുന്നു. 72 ഹൂറികൾ എന്ന് പരിഭാഷപ്പെടുത്താവുന്ന ഇതിന്റെ പ്രചരണഭാഗങ്ങൾ പുറത്തിറങ്ങി. ‘നിങ്ങൾ തിരഞ്ഞെടുത്ത ജിഹാദിന്റെ പാത നിങ്ങളെ സ്വർഗത്തിലേക്ക് നയിക്കും, അവിടെ 72 കന്യകകൾ എന്നേക്കും നിങ്ങളുടേതായിരിക്കുമെന്നാണ് ഇതിലൂടെ സന്ദേശമായി അവതരിപ്പിച്ചിരിക്കുന്നത്.

ഒസാമ ബിൻ ലാദൻ, അജ്മൽ കസബ്, യാക്കൂബ് മേമൻ, ഹാഫിസ് സയീദ്, മസൂദ് അസ്ഹർ എന്നിവരുടെ ദൃശ്യങ്ങളും ടീസർ വീഡിയോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുറ്റവാളികൾ മനസിനെ സാവധാനത്തിൽ വിഷലിപ്തമാക്കി, സാധാരണ മനുഷ്യരെ ചാവേറുകളാക്കുന്നു. ’ എന്നിങ്ങനെ വിദ്വേഷത്തിന്റെ വിഷവാക്കുകളാണ് ഇതിന്റെ സംവിധായകൻ തന്നെ വിശദീകരിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ചില വിശ്വാസങ്ങൾ വെറും ഭാവനകളാണെന്ന് ബോധ്യപ്പെടുത്താൻ സിനിമ തീർച്ചയായും പ്രേരിപ്പിക്കും. ഒരു തരത്തിലും യാഥാർത്ഥ്യത്തോട് അടുക്കാത്ത ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും കുറിച്ച് നിങ്ങളെ ചിന്തിപ്പിക്കും, ജിഹാദിന്റെ പേരിൽ ആളുകളെ തീവ്രവാദികളാക്കി വാർത്തെടുക്കാൻ മസ്തിഷ്ക പ്രക്ഷാളനം ചെയ്യുന്നതെങ്ങനെ’ എന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നാണ് സഹനിർമ്മാതാവ് അശോക് പണ്ഡിറ്റ് അഭിപ്രായപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ലൗജിഹാദ് എന്ന വെറുപ്പിന്റെ സംജ്ഞയെ ഉപയോഗിച്ചാണ് സിനിമ വികസിക്കുന്നത്. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കുന്നതിന് ഇത്തരം നിരവധി ചലച്ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. എം കെ ശിവാക്ഷ് സംവിധാനം ചെയ്ത് ബി ജെ പുരോഹിതും രാംകുമാർ പാലും നിർമ്മിക്കുന്ന ഗോധ്ര അപകടമോ ഗൂഢാലോചനയോ എന്ന സിനിമ അതിലൊന്നാണ്. ഗോധ്ര കലാപത്തിനുള്ള യഥാർത്ഥ കാരണം അനാവരണം ചെയ്യുന്നുവെന്നാണ് ഇതിന്റെയും ടീസറിലുള്ളത്.


ഇതുകൂടി വായിക്കൂ: നുണകൾ നൃത്തമാടുന്ന സിനിമാ കാലം


ഗുജറാത്ത് കലാപത്തിലേക്ക് നയിച്ചത് നന്നായി ആസൂത്രണം ചെയ്ത ആക്രമണമാണോ അതോ ഉന്മാദത്തിന്റെ ഫലമാണോ? ഗോധ്ര ട്രെയിൻ കത്തിക്കൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷനായിരുന്ന നാനാവതി കമ്മിഷൻ റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഗോധ്ര തീപിടിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത് പ്രദേശത്തെ ഒരു പ്രത്യേകവിഭാഗം മതവിശ്വാസികളാണെന്ന് വരുത്തിത്തീർക്കുന്നതാണ് പ്രമേയമെന്നാണ് വ്യക്തമാകുന്നത്. മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ടിപ്പു എന്ന മറ്റൊരു സിനിമ ഏതാനും മാസങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണ്. ടിപ്പുവിന്റെ കാലത്ത് 8000 ക്ഷേത്രങ്ങളും 27 പള്ളികളും നശിപ്പിക്കപ്പെട്ടു എന്നാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ അവകാശപ്പെടുന്നത്. നാല് ദശലക്ഷം ഹിന്ദുക്കൾ ഇസ്ലാം മതം സ്വീകരിക്കാനും ഗോമാംസം കഴിക്കാന്‍ നിർബന്ധിതരാവുകയും ചെയ്തു. ഒരു ലക്ഷത്തിലധികം ഹിന്ദുക്കൾ തടവിലാക്കപ്പെട്ടു എന്നിങ്ങനെ പച്ചനുണകൾ പ്രചരിപ്പിക്കുന്നതാണ് ഇതിന്റെയും ഉള്ളടക്കം. ചരിത്രത്തിന്റേതല്ല, തീവ്ര ഹിന്ദുത്വ പ്രചരണങ്ങളെയാണ് ഈ ചലച്ചിത്രകാരന്മാരും ആശ്രയിച്ചിരിക്കുന്നത് എന്ന് വ്യക്തം. സവർക്കറെ വീരപരിവേഷത്തിലെത്തിക്കുന്നതിനുള്ള സിനിമകളും അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്നു. പത്തുമാസത്തിനപ്പുറം നടക്കുന്ന തെരഞ്ഞെടുപ്പിനായി സംഘ്പരിവാർ പരീക്ഷണശാലകളിൽ ഒരുങ്ങുന്ന ചലച്ചിത്രങ്ങളിൽ ചിലതുമാത്രമാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. ഇതിന് പുറമേ വിവിധ പ്രാദേശിക ഭാഷകളിലും ചലച്ചിത്രങ്ങൾ ഒരുങ്ങുന്നുണ്ട്. കടുത്ത വിഭാഗീയതയും വിദ്വേഷപ്രചരണവും ലക്ഷ്യമിട്ടുള്ള ചലച്ചിത്രങ്ങളിലൂടെയും പ്രചരണങ്ങളിലൂടെയും ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെ നിരക്ഷര ജനകോടികളുടെ മസ്തിഷ്ക പ്രക്ഷാളനം ലക്ഷ്യം വച്ച് അവർ മുന്നോട്ടുപോകുകയാണ്. കേരള സ്റ്റോറിയെ എന്നതുപോലെ ഇവയെയും നമുക്ക് തോല്പിക്കുവാനാകുന്നില്ലെങ്കിൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം വളരെ കനത്തതായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.