ഫെഡറല്‍ തത്വങ്ങള്‍ പരിഗണിക്കാതെ സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ കടന്നുകയറുന്നതിനുള്ള ശ്രമങ്ങള്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ശക്തമായിരുന്നു. ഫാസിസത്തിന്റെ അടിസ്ഥാന സിദ്ധാന്തമായ അധികാരകേന്ദ്രീകരണം ശക്തിപ്പെടുത്തുന്ന പ്രവണതയാണ് അവര്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ആദ്യം കേന്ദ്ര സര്‍ക്കാരിലേക്കും പിന്നീട് മന്ത്രിസഭയിലെ ഉന്നതവ്യക്തികളിലേക്കും അധികാരം കേന്ദ്രീകരിക്കുകയാണ് ചെയ്യുന്നത്. അതിലൊന്നായിരുന്നു സഹകരണ മേഖല പിടിച്ചടക്കുവാന്‍ നടത്തുന്ന ശ്രമം. നിയമഭേദഗതികളും മറ്റുമായി ആരംഭിച്ച സഹകരണ മേഖലയിലേയ്ക്കുള്ള കടന്നുകയറ്റം പൂര്‍ണമാക്കുന്നതിന്റെ ഭാഗമായി ചില സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുന്നു. രാജ്യത്താകെ രണ്ടു ലക്ഷം പുതിയ പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ (പിഎസിഎസ്) ആരംഭിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഏത് പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുമ്പോഴും സാധാരണക്കാരുടെയും അടിസ്ഥാന ജനവിഭാഗങ്ങളുടെയും പേരു പറഞ്ഞാണ് അവര്‍ കബളിപ്പിക്കാറുള്ളത്. അതുതന്നെയാണ് പിഎസിഎസുകള്‍ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിലും ചെയ്തിരിക്കുന്നത്. രാജ്യത്ത് കാര്‍ഷിക, ക്ഷീര, മത്സ്യ മേഖലയിലുള്ള സാധാരണക്കാര്‍ക്ക് കേന്ദ്ര പദ്ധതികള്‍ വഴിയുള്ള സഹായങ്ങള്‍ എത്തിക്കുന്നതിന് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള സംഘങ്ങള്‍ രൂപീകരിക്കുന്നുവെന്നാണ് വിശദീകരിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ അത്തരമൊരു പ്രചാരണത്തിലൂടെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണവര്‍ ചെയ്യുന്നത്.
സഹകരണ മേഖല സജീവമായ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക സഹകരണ സംഘങ്ങള്‍ ഗ്രാമീണ സമ്പദ്ഘടനയെ നിലനിര്‍ത്തുന്ന അടിസ്ഥാനങ്ങളില്‍ ഒന്നാണ്. വിവിധ വായ്പാ പദ്ധതികളിലൂടെയും നിക്ഷേപ സമാഹരണത്തിലൂടെയും ഗ്രാമീണ മേഖലയില്‍ അവ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. കോവിഡ് പോലുള്ള ദുരന്ത സാഹചര്യങ്ങളില്‍ കേരളത്തിന്റെ ഗ്രാമീണ മേഖലയെ നിലനിര്‍ത്തുന്നതില്‍ അവ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. അതാത് സംസ്ഥാനങ്ങളുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ സാഹചര്യങ്ങളെ പരിഗണിച്ചാണ് പ്രാഥമിക വായ്പാ സംഘങ്ങള്‍ രൂപീകരിക്കപ്പെടുന്നത്. അത് തികച്ചും സംസ്ഥാനങ്ങളുടെ ഉത്തരവാദിത്തമാണ്. അതിനു വിരുദ്ധമായി ബൈലോ ഉള്‍പ്പെടെ തയ്യാറാക്കി നല്കി അതനുസരിച്ചുള്ള പിഎസിഎസുകള്‍ രൂപീകരിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും പ്രാഥമിക വായ്പാ സംഘങ്ങളുടെ ഘടനയും പ്രവര്‍ത്തന രീതികളും തീരുമാനിക്കുന്നത് അതാത് സംസ്ഥാന സഹകരണ വകുപ്പുകളാണ്. പ്രാദേശികമായ സന്തുലിതാവസ്ഥയും മറ്റ് പ്രത്യേകതകളും പരിഗണിച്ചാണ് ഓരോ സംഘങ്ങളുടെയും പ്രവര്‍ത്തന പരിധി നിശ്ചയിക്കുന്നത്. വിവിധ ജനവിഭാഗങ്ങള്‍, സംഘടിത സംവിധാനങ്ങള്‍ എന്നിങ്ങനെ എല്ലാതലങ്ങളിലും മേഖലകളിലും പ്രാഥമിക വായ്പാ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുകയാണ്. അങ്ങനെ വരുമ്പോള്‍ എല്ലാ പഞ്ചായത്തുകളിലും വായ്പാ സംഘങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാഹചര്യമുണ്ടാകണമെന്നില്ല. ഒരേ പഞ്ചായത്തില്‍ ചിലപ്പോള്‍ വിവിധ ഘടനകളില്‍ ഒന്നിലധികം സംഘങ്ങള്‍ സ്ഥാപിക്കാനുമാകും.
ഈ പശ്ചാത്തലത്തില്‍ പ്രാഥമിക സംഘങ്ങളില്ലാത്ത പഞ്ചായത്തുകളില്‍ കേന്ദ്ര ബൈലോ പ്രകാരമുള്ള പിഎസിഎസുകള്‍ രൂപീകരിക്കണമെന്ന നിര്‍ദേശം നിലവിലുള്ള സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. പ്രാഥമിക സഹകരണ സംഘങ്ങളെ പോലും നിരീക്ഷിക്കുന്ന വിധത്തിലുള്ള കേന്ദ്രീകൃത‑വികേന്ദ്രീകൃത സമിതികള്‍ക്കും രൂപം നല്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ളതാണ് കേന്ദ്രസമിതിയെന്ന് അറിയുമ്പോള്‍തന്നെ ഇതിന് പിന്നിലെ ഗൂഢോദ്ദേശ്യം വ്യക്തമാണ്. മന്ത്രിസഭാതീരുമാനം അറിയിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നത് രാജ്യത്തെ 2.5 ലക്ഷത്തില്‍ 1.6 ലക്ഷം പഞ്ചായത്തുകളില്‍ കേന്ദ്രം നിര്‍ദേശിക്കുന്ന രൂപത്തിലുള്ള പിഎസിഎസുകള്‍ ഇല്ലെന്നാണ്. അതിനര്‍ത്ഥം സംസ്ഥാനങ്ങളിലെ നിയമാവലിക്കും അതാതിടങ്ങളിലെ ഘടനയ്ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്ന പ്രാഥമികാ വായ്പാ സഹകരണ സംഘങ്ങളെ കേന്ദ്രം അംഗീകരിക്കുന്നില്ല എന്നു കൂടിയാണ്. പ്രാഥമിക വായ്പാ സംഘങ്ങളും ക്ഷീര, മത്സ്യ സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലും പുതിയ സംഘങ്ങള്‍ രൂപീകരിക്കുകയെന്ന ലക്ഷ്യം ഇതിനു പിന്നിലുണ്ടെന്ന് സംശയിക്കാവുന്നതാണ്.
25 തരത്തിലുള്ള വ്യാപാര അവസരങ്ങള്‍ കൂടി അനുവദിച്ചുകൊണ്ട് കേന്ദ്രം നേരിട്ട് സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് കേന്ദ്ര‑സംസ്ഥാന അധികാരങ്ങള്‍ സംബന്ധിച്ച സംഘര്‍ഷത്തിന് വഴിവയ്ക്കുകയും ചെയ്യും. പിഎസിഎസുകള്‍ രൂപീകരിക്കാന്‍ തീരുമാനിച്ച മന്ത്രിസഭാ യോഗത്തിന്റെ തലേദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതിനും വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുമായി ബിജെപി ഭരിക്കുന്ന ഹരിയാനയ്ക്ക് 10,000 കോടി രൂപ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചതും ഇതിനോട് കൂട്ടിവായിക്കണം. സഹകരണ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിവയ്ക്കുന്ന വിഹിതം ബിജെപി സര്‍ക്കാരുകള്‍ക്ക് നല്കുവാനുള്ള അവസരമായും ഇതിനെ ഉപയോഗിക്കാവുന്നതാണ്. കേരളം പോലെ ഇപ്പോള്‍ തന്നെ സഹകരണ മേഖലയുടെ ശക്തമായ സാന്നിധ്യമുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വയ്ക്കുക കൂടിയാണ് ഈ തീരുമാനത്തിലൂടെ കേന്ദ്രം ചെയ്യുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.