1 January 2026, Thursday

കേന്ദ്രസര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പാചകവാതക വില കൂട്ടി

വാണിജ്യ സിലിണ്ടറിന് 111 രൂപ വര്‍ധിപ്പിച്ചു
ഇരുട്ടടി ആഗോള എണ്ണവില കുറഞ്ഞുനില്‍ക്കുമ്പോള്‍
Janayugom Webdesk
ന്യൂഡൽഹി
January 1, 2026 9:51 pm

പുതുവർഷത്തിന്റെ ആദ്യദിനത്തിൽ തന്നെ രാജ്യത്തെ വ്യാപാര മേഖലയ്ക്കും പൊതുജനങ്ങൾക്കും തിരിച്ചടിയായി പാചകവാതക വില കൂട്ടി. വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോയുടെ എൽപിജി സിലിണ്ടറിന് 111 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ഡല്‍ഹിയില്‍ 1,580.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1,691.50 രൂപ നല്‍കണം. ചെന്നൈയില്‍ വാണിജ്യ 1,739.5 രൂപയില്‍ നിന്ന് 1,849.50 രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെന്നൈയിലാണ്. കൊല്‍ക്കത്തയില്‍ വില 1,684 രൂപയില്‍ നിന്ന് 1,795 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1,531.50 രൂപയ്ക്ക് ലഭ്യമായിരുന്ന സിലിണ്ടറിന് 1,642.50 രൂപയായി. തിരുവനന്തപുരത്ത് 1,719 രൂപയാണ് വില. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്.
രാജ്യാന്തര വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചതെന്നതാണ് ശ്രദ്ധേയം. രാജ്യാന്തര വില വിലയിരുത്തി എല്ലാമാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് മാസം നാമമാത്രമായി വില കുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് അഞ്ച് രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയുമാണ് കുറച്ചത്.
വില വര്‍ധനവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട തട്ടുകടകൾ എന്നിവയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കും. ചെലവ് ഗണ്യമായി വര്‍ധിക്കുന്നതോടെ ഹോട്ടലുകളിലെ ഭക്ഷണ സാധനങ്ങളുടെ വില കൂട്ടാൻ ഉടമകൾ നിർബന്ധിതരായേക്കും. നിലവിൽ പണപ്പെരുപ്പം നേരിടുന്ന വാണിജ്യ മേഖലയ്ക്ക് ഇത് വലിയ തിരിച്ചടിയാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്കു വില കുറയുമ്പോൾ അതിന്റെ ആനുകൂല്യം ഉപഭോക്താക്കൾക്ക് നൽകാൻ എണ്ണക്കമ്പനികൾ പലപ്പോഴും തയ്യാറാകാറില്ല. എന്നാൽ വില കൂടുമ്പോൾ അത് ഉടൻ തന്നെ ജനങ്ങളിലേക്ക് അടിച്ചേല്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ റെക്കോഡ് ലാഭമാണ് കൊയ്തത്. റഷ്യയിൽ നിന്നുള്‍പ്പെടെ കുറഞ്ഞ വിലയ്ക്ക് എണ്ണ ലഭിച്ചിട്ടും അതിന്റെ ഗുണം സാധാരണക്കാർക്ക് നൽകാതെ ഉയർന്ന വിലയ്ക്ക് ഇന്ധനം വിൽക്കുന്നത് കമ്പനികളുടെ ലാഭം വർധിപ്പിക്കാൻ മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗാർഹിക സിലിണ്ടറുകൾക്ക് വില കൂട്ടുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകാൻ സാധ്യതയുള്ളതിനാൽ, കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി ലാഭം കണ്ടെത്താനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇത് ഹോട്ടൽ ഭക്ഷണത്തിലൂടെയും മറ്റും സാധാരണക്കാരന്റെ പോക്കറ്റ് ചോർത്തുകയും ചെയ്യുന്നു, 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.