
ഫാസിസം അതിന്റെ തനിനിറം ഒറ്റയടിയ്ക്ക് കാണിക്കാറില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. 25ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ജില്ലാ പ്രതിനിധി സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (മൂന്നാം കുറ്റി സിഎംഎ ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിറ്റ്ലർ തെരഞ്ഞെടുപ്പിലൂടെയാണ് കടന്നുവന്നത്. കേന്ദ്രസർക്കാരിന്റെ നീക്കം ഹിറ്റ്ലറിന്റെ സ്വഭാവരീതിയ്ക്ക് സമാനമായിട്ടാണ്. അടിമുടി ഫാസിസ്റ്റായ ബിജെപി, ആർഎസ്എസ് സർക്കാരാണ് രാജ്യം ഭരിക്കുന്നത്. മോഡിയേക്കാൾ വാചാലമായിരുന്നു ഹിറ്റ്ലറിന്റെ ആദ്യപ്രസംഗങ്ങളും. എല്ലാം കൈപ്പിടിയിൽ ഒതുങ്ങിയപ്പോൾ ഹിറ്റ്ലർ ഫാസിസ്റ്റായി. മോഡി സർക്കാർ മുതലാളിത്ത പാർട്ടിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് അകത്ത് ചർച്ചയും സംവാദവും നടക്കുന്നത് പാർട്ടിയ്ക്ക് വേണ്ടി മാത്രമാണ്. സ്വന്തം താല്പര്യങ്ങളെക്കാൾ ഉപരി തൊഴിലാളികളുടേയും നാടിന്റെയും സേവകരാണ് കമ്മ്യൂണിസ്റ്റുകാർ. മൈക്കും കാമറയും വഴിയല്ല പാർട്ടി ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ് പാർട്ടിയെപ്പറ്റിയുള്ള ചർച്ചകൾ വരുമ്പോൾ ഈ കാര്യം ആരും മറക്കരുത്. കെട്ടുറപ്പിന്റെ ഐക്യം തകർക്കുന്നവർ ആരും ഈ പാർട്ടിയിൽ ഇല്ല. നിലമ്പൂരിലെ തോൽവി കണ്ട് കമ്മ്യൂണിസ്റ്റുകാർ ഭയപ്പെട്ടിട്ടില്ല.
വിജയവും പരാജയവും സ്വാഭാവികമാണ്. എൽഡിഎഫ് എന്തെങ്കിലും കുറവുണ്ടെങ്കിൽ കൂട്ടായി പരിഹരിച്ച് മുന്നോട്ട് പോകും. എൽഡിഎഫ് ചൂണ്ടിക്കാണിച്ച വഴി മാത്രമേ കേരളത്തിനുള്ളൂ. കഴിഞ്ഞ ഒമ്പത് വർഷമായി കേരളം അത് കാണുന്നുമുണ്ട്. കേരളത്തിലെ കോൺഗ്രസുകാർക്ക് ബിജെപിയെ വിട്ട് ഒരു കളിയുമില്ല. ഇനിയും ഇലക്ഷൻ വരും. അപ്പോഴെല്ലാം എൽഡിഎഫ് ഒറ്റക്കെട്ടായി നിന്ന് പോരാടും. അനിവാര്യമായ സന്ദർഭങ്ങളിൽ സിപിഐ വിമർശനം നടത്തുന്നത് രാഷ്ട്രീയ ശരികളെ ശക്തിപ്പെടുത്തുന്നതിനാണ്. ഇടതുപക്ഷത്തിൽ ചിലപ്പോൾ തർക്കങ്ങൾ വരാറുണ്ട്. എന്നാലും തമ്മിൽ തല്ലില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ രാഷ്ട്രീയം പലതായിരുന്നെങ്കിലും എന്നും പലസ്തീനൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ പലസ്തീനെ ഇന്ത്യ കൈവിട്ടിരിക്കുന്നു. ഇന്ത്യ മാനംകെട്ട സമീപനം ആണ് സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റും ഇസ്രയേൽ പ്രധാനമന്ത്രിയും മോഡിയും തമ്മിലുള്ള കൂട്ടുകെട്ട് ലോകത്തിന് മുന്നിൽ അപഹാസ്യമാവുകയാണ്. അതുകൊണ്ട് അമേരിക്കയും ഇസ്രയേലും ചെയ്യുന്ന വിനാശങ്ങൾക്ക് ഇന്ത്യ മൗനം പൂണ്ട് നിൽക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിനിധി സമ്മേളന നഗറിൽ വിപ്ലവ ഗായിക പി കെ മേദിനി പതാക ഉയർത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ, മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ജെ ചിഞ്ചുറാണി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് തുടങ്ങിയവർ സംസാരിച്ചു. ദീപ്തി അജയകുമാർ, എം കെ ഉത്തമൻ, സി എ അരുൺകുമാർ, ബൈരഞ്ജിത്ത്, അജയ് കൃഷ്ണൻ എന്നിവരടങ്ങിയ പ്രിസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. വി മോഹൻദാസ് (പ്രമേയം), ജി കൃഷ്ണപ്രസാദ് (ക്രഡൻഷ്യൽ), ആർ സുരേഷ് (മിനിട്സ്) എന്നിവർ കൺവീനർമാരായി വിവിധ കമ്മിറ്റികളും പ്രവർത്തിക്കുന്നു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ ഗ്രൂപ്പ് ചർച്ചയും പിന്നീട് പൊതുചർച്ചയും തുടങ്ങി. സമ്മേളനം ഇന്ന് തുടരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.