
പതിനൊന്ന് വർഷത്തിനിടെ ഏഴാം തവണയും കേന്ദ്ര വിവരാവകാശ കമ്മിഷ(സിഐസി)നില്‍ നാഥനില്ലാത്ത അവസ്ഥ. ആർടിഐ സംവിധാനം താളം തെറ്റിയതിനാൽ സിഐസി പ്രതിസന്ധി നേരിടുന്നു. 26,000 അപ്പീലുകളും പരാതികളും കുന്നുകൂടുമ്പോൾ, വിവരാവകാശ കമ്മിഷണർമാരെ നിയമിക്കുന്നതിലെ കാലതാമസം സർക്കാരിന് കമ്മിഷനോടുള്ള അവഗണനയെ തുറന്നുകാട്ടുന്നു.
കഴിഞ്ഞ ശനിയാഴ്ച വിരമിച്ച ഹീരാലാൽ സമരിയയുടെ പിൻഗാമിയെ സർക്കാർ ഇതുവരെ നിയമിച്ചിട്ടില്ലാത്തതിനാൽ, കേന്ദ്ര വിവരാവകാശ കമ്മിഷൻ തലവനില്ലാത്ത അവസ്ഥയിലാണ്. 2023 നവംബർ ആറിന് മുഖ്യ വിവരാവകാശ കമ്മിഷണറായി നിയമിതനായ സമരിയ, 65 വയസ് തികഞ്ഞപ്പോൾ വിരമിച്ചു. നിലവിൽ, സിഐസി രണ്ട് കമ്മിഷണർമാരുമായി മാത്രമാണ് പ്രവർത്തിക്കുന്നത്. അതേസമയം ചീഫ് ഇൻഫർമേഷൻ കമ്മിഷൻ ഉൾപ്പെടെ ഒമ്പത് സ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നു.
2014 ഓഗസ്റ്റിൽ വിരമിച്ച രാജീവ് മാത്തൂറിന്റെ പിൻഗാമിയെ ഏകദേശം പത്ത് മാസങ്ങൾക്ക് ശേഷമാണ് നിയമിച്ചത്. 2015 ജൂൺ 10ന് വിജയ് ശർമ്മ ചുമതലയേറ്റു. ശർമ്മയുടെ പിൻഗാമിയായ ആർ കെ മാത്തൂര്‍ 2016 ജനുവരി നാലിന് മാത്രമാണ്, ശർമ്മ വിരമിച്ചതിനുശേഷം അധികാരമേറ്റത്. അതുപോലെ, മാത്തൂര്‍ ചുമതലയൊഴിഞ്ഞ് ഏകദേശം 40 ദിവസങ്ങൾക്ക് ശേഷമാണ് സുധീർ ഭാർഗവയെ നിയമിച്ചത്, ബിമൽ ജുൽക്ക, വൈ കെ സിൻഹ, സമരിയ എന്നിവരെ അവരുടെ മുൻഗാമികൾ സ്ഥാനമൊഴിഞ്ഞ് ഏകദേശം ഒരു മാസത്തിന് ശേഷമാണ് നിയമിച്ചത്. തസ്തികകൾ ഒഴിവുവരുന്ന കൃത്യമായ തീയതികൾ അറിഞ്ഞിട്ടും സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആക്ടിവിസ്റ്റുകളായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും ചൂണ്ടിക്കാട്ടി. ഒഴിവുകൾ സമയബന്ധിതമായും സുതാര്യമായും നികത്തുന്നുവെന്ന് ഉറപ്പാക്കാൻ വ്യക്തമായ നിർദേശങ്ങൾ നൽകിയ സുപ്രീം കോടതിയുടെ 2019 ലെ വിധിന്യായത്തിന്റെ നേരിട്ടുള്ള ലംഘനമാണിതെന്നും അവർ ചൂണ്ടിക്കാട്ടി.
ആക്ടിങ് ചീഫ് ജസ്റ്റിസുമാരെ പതിവായി നിയമിക്കുന്ന സംവിധാനത്തില്‍ നിന്ന് വ്യത്യസ്തമായി, 2005 ലെ ആർടിഐ നിയമത്തിൽ ആക്ടിങ് ചീഫ് ഇൻഫർമേഷൻ കമ്മിഷണർക്കുള്ള വ്യവസ്ഥയില്ലെന്ന് വിവരാവകാശ പ്രവർത്തകൻ കൊമഡോർ ലോകേഷ് ബത്ര ചൂണ്ടിക്കാട്ടി. 2024 ഓഗസ്റ്റിൽ കേന്ദ്ര സർക്കാർ ഒഴിവുള്ള വിവരാവകാശ കമ്മിഷണർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഒരു പരസ്യം പുറപ്പെടുവിച്ചു, പക്ഷേ നിയമനങ്ങളൊന്നും നടത്തിയിട്ടില്ല. ഈ വർഷം മേയിൽ, മുഖ്യ വിവരാവകാശ കമ്മിഷണർ സ്ഥാനത്തേക്ക് സർക്കാർ അപേക്ഷകൾ ക്ഷണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതൽ പുരോഗതികളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.