ഇന്ത്യയിലെ ക്രെെസ്തവസഭകളുടെ സഹസ്രകോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ കേന്ദ്രനിയമം വരുന്നു. വഖഫ് ഭേദഗതി ബില്ലിന് പിന്നാലെ ക്രെെസ്തവസഭകളുടെ വസ്തുവകകള്‍ കയ്യടക്കാനുള്ള നിയമനിര്‍മ്മാണത്തിന് ആഭ്യന്തര, ന്യൂനപക്ഷ, നിയമമന്ത്രാലയങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ അണിയറ നീക്കങ്ങള്‍ ആരംഭിച്ചതായാണ് ഈ വകുപ്പുവൃത്തങ്ങള്‍ നല്കുന്ന സൂചന. ക്രെെസ്തവസഭാ സ്വത്തു നിയന്ത്രണ ഭേദഗതി ബില്‍ എന്നായിരിക്കും പേരെന്നും ഈ കേന്ദ്രങ്ങള്‍ വെളിപ്പെടുത്തുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് വിവിധ സഭകള്‍ക്ക് പള്ളികളും മറ്റ് സ്ഥാപനങ്ങളും നിര്‍മ്മിക്കുന്നതിന് പതിച്ചുനല്കിയ ഭൂമികളുടെ നിയമപ്രകാരമുള്ള അവകാശം സ്വാതന്ത്ര്യലബ്ധിക്കുശേഷം നഷ്ടപ്പെട്ടിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം. ക്രെെസ്തവസഭാ സ്വത്തുനിയന്ത്രണ ഭേദഗതി ബില്‍ തയ്യാറാക്കാന്‍ വേണ്ടി ശേഖരിച്ച സ്വത്തുവിവരത്തിന്റെ സ്ഥിതിവിവരക്കണക്കുകളാണ് ആര്‍എസ്എസ് മുഖപത്രമായ ‘ഓര്‍ഗനെെസര്‍’ പുറത്തുവിട്ടതെന്നാണ് വിവരം. ദേശവ്യാപകമായ പ്രതിഷേധം അലയടിക്കുന്നതിനിടെ ‘ഓര്‍ഗനെെസര്‍’ ഒരു വഴിപാടുപോലെ ലേഖനം പിന്‍വലിച്ചെങ്കിലും ക്രെെസ്തവസ്വത്തുക്കള്‍ പിടിച്ചെടുക്കല്‍ നിയമവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്ര തീരുമാനമെന്നുറപ്പാണ്.
കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞാല്‍ സര്‍ക്കാരിതര ഭൂവുടമകളില്‍ ഒന്നാം സ്ഥാനം കത്തോലിക്കാ സഭയ്ക്കാണെന്ന കണക്കാണ് ആഭ്യന്തര മന്ത്രാലയം ‘ഓര്‍ഗനെെസറി‘ന് ചോര്‍ത്തിക്കൊടുത്തത്. വഖഫ് സ്വത്തുക്കളുടെ 200 മടങ്ങ് സ്വത്ത് ക്രെെസ്തവ സഭകള്‍ക്കുണ്ടെന്നും ഈ കണക്കുകളില്‍ പറയുന്നു. 9.04 ലക്ഷം ഏക്കര്‍ ഭൂമിയാണ് വഖഫ് ബോര്‍ഡിനുള്ളത്. 17.296 കോടി ഏക്കര്‍ സ്വത്താണ് ക്രെെസ്തവസഭകള്‍ക്കുള്ളതെന്നും കേന്ദ്രം കണക്കുകൂട്ടുന്നു. കുറഞ്ഞ അളവില്‍ മാത്രമുള്ള വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നിയമം കൊണ്ടുവന്ന കേന്ദ്രം ക്രെെസ്തവ സഭകളുടെ ഭൂമി എന്തുകൊണ്ട് പിടിച്ചെടുക്കുന്നില്ലെന്ന ചോദ്യം ഹിന്ദുത്വ കേന്ദ്രങ്ങളില്‍ നിന്നുയര്‍ത്തി, അതേതുടര്‍ന്ന് അവയും പിടിച്ചെടുക്കാനാണ് നീക്കം. അതിനായാണ് ഓര്‍ഗനൈസറില്‍തന്നെ ആദ്യവാര്‍ത്ത വരുത്തിച്ചത്.
ക്രെെസ്തവ ഭൂസ്വത്തുക്കള്‍ വിദ്യാഭ്യാസം, ആശുപത്രി എന്നിങ്ങനെ വാണിജ്യാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിനാല്‍ കേന്ദ്ര നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ അവകാശം നല്കുന്നതാവും വരാനിരിക്കുന്ന നിയമം. 2,457 ആശുപത്രികള്‍, 240 മെഡിക്കല്‍, നഴ്സിങ് കോളജുകള്‍, ആയിരത്തോളം കോളജുകള്‍, നൂറിലധികം എന്‍ജിനീയറിങ് കോളജുകള്‍, 3,765 ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍, 7,319 പ്രെെമറി സ്കൂളുകള്‍, 3,157 നഴ്സറി സ്കൂളുകള്‍ എന്നിവയും കാത്തലിക് ബിഷപ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുണ്ടെന്നും ഓര്‍ഗനെെസറിന് കേന്ദ്രം ചോര്‍ത്തിക്കൊടുത്ത രേഖകളില്‍ പറയുന്നു.
അതേസമയം വഖഫ് ബോര്‍ഡിനും ക്രെെസ്തവ സഭകള്‍ക്കുമുള്ളതിനേക്കാള്‍ ഭൂമി മൂന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേവസ്വങ്ങള്‍ക്ക് മാത്രമുണ്ടെന്ന കാര്യം മറച്ചുവയ്ക്കുകയാണെന്ന് കപില്‍ സിബല്‍ വഖഫ് ബില്‍ ചര്‍ച്ചയ്ക്കിടെ ചൂണ്ടിക്കാട്ടിയതിന് അമിത് ഷായ്ക്കും ജെ പി നഡ്ഡയ്ക്കും മറുപടിയില്ലായിരുന്നു. തമിഴ്‌നാട്ടില്‍ 4.47 ലക്ഷം ഏക്കറും ആന്ധ്രയില്‍ 4.65 ലക്ഷം ഹെക്ടറുമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മാത്രം 10 ലക്ഷം ഏക്കര്‍ ഭൂമിയാണ് ദേവസ്വങ്ങള്‍ കെെവശം വച്ചിരിക്കുന്നത്. ഈ കണക്കുകള്‍ക്കിടയിലാണ് കണക്കില്ലാത്ത ഭൂമി ക്രെെസ്തവരും മുസ്ലിങ്ങളും കെെവശം വച്ചിരിക്കുന്നുവെന്നാരോപിച്ച് അവ പിടിച്ചെടുക്കാന്‍ കേന്ദ്രം കച്ചമുറുക്കുന്നത്. ഒപ്പം ന്യൂനപക്ഷ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്നതിലൂടെ രാജ്യത്ത് കലാപസമാനമായ ഒരന്തരീക്ഷത്തിനാണ് കേന്ദ്രം തിരികൊളുത്തിയിരിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.