
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎൻആർഇജിഎ) യിൽ നിന്ന് തൊഴിലാളികൾ പിന്മാറുന്നു. സർക്കാരിന്റെ അവഗണനമൂലമെന്ന് പരാതി. രണ്ട് വർഷത്തിനുള്ളിൽ 85 ലക്ഷത്തിലധികം തൊഴിലാളികളുടെ കുറവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്രത്തിന്റെ നിരന്തരമായ അവഗണനയും കുറഞ്ഞ വേതന നിരക്കുമാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്ത തൊഴിലാളികളുടെ വർഷം തിരിച്ചുള്ള വിവരങ്ങൾ, അനുവദിച്ച പണം, വേതന നിരക്ക് എന്നിവ ആം ആദ്മി അംഗം സന്ദീപ് കെ പഥക് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ഗ്രാമവികസന സഹമന്ത്രി കമലേഷ് പാസ്വാൻ അതിന് നൽകിയ മറുപടി പ്രകാരം, ജോലി ചെയ്തവരുടെ എണ്ണം 2022–23ൽ 8.75 കോടി ആയിരുന്നത് 2024–25ൽ 7.88 കോടി ആയി കുറഞ്ഞു.
തൊഴിലാളികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ സംസ്ഥാനങ്ങൾ മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവയാണ്. മധ്യപ്രദേശില്‍ 2022–23ല്‍ തൊഴിലാളികള്‍ 76 ലക്ഷമായിരുന്നത് 2024–25ല്‍ 58 ലക്ഷമായി. ഒഡിഷയില്‍ 52 ലക്ഷമായിരുന്നത് 34 ലക്ഷമായും രാജസ്ഥാനില്‍ 88 ലക്ഷമായിരുന്നത് 77 ലക്ഷമായും യുപിയില്‍ 84 ലക്ഷമായിരുന്നത് 76 ലക്ഷമായും കുറഞ്ഞു. ഈ കാലയളവിൽ, ക്രമക്കേടുകൾ ആരോപിച്ച് ബംഗാളിൽ പദ്ധതി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. വിവിധ സംസ്ഥാന സർക്കാരുകൾ നിശ്ചയിച്ചിട്ടുള്ള മിനിമം വേതനത്തെക്കാൾ കുറവാണ് എംജിഎൻആർഇജിഎ വേതന നിരക്കെന്ന് മസ്ദൂർ കിസാൻ ശക്തി നേതാവ് നിഖിൽ ഡേ ചൂണ്ടിക്കാട്ടി. ബിഹാറിലും ഝാർഖണ്ഡിലും പ്രതിദിനവേതനം 255 രൂപയും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും 261 രൂപയും ഒഡിഷയിൽ 273ഉം ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും 252ഉം രാജസ്ഥാനിൽ 281 രൂപയുമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ കുടിശിക വേതനം ഉടനടി വിതരണം ചെയ്യണമെന്ന് പാര്‍ലമെന്ററി സമിതി. പദ്ധതിയുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന എല്ലാ ബില്ലുകളും അടിയന്തരമായി പാസാക്കണമെന്നും ഗ്രാമവികസന മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് എംപി സപ്തഗിരി ഉലാക അധ്യക്ഷനായ സമിതിയാണ് മന്ത്രാലയത്തിന്റെ ഉദാസീനതയെ വിമര്‍ശിച്ചത്. വളരെ നിര്‍ണായകമായ ശുപാര്‍ശകള്‍ പോലും നടപ്പിലാക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായും സമിതി കുറ്റപ്പെടുത്തി. ബജറ്റ് വിഹിതം അനുവദിച്ചതില്‍ 12,219.18 കോടി കുടിശികയാണ്. തൊഴിലുറപ്പ് പോലുള്ള ക്ഷേമാധിഷ്ഠിത പദ്ധതിയില്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് 11,227.09 കോടി വിതരണം ചെയ്തതില്‍ വ്യക്തതയില്ലെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. അനുവദിച്ച ഫണ്ടിന്റെ നാലിലൊന്നിൽ കൂടുതൽ മുൻവർഷങ്ങളിലെ കുടിശിക തീർക്കാൻ ഉപയോഗിക്കണം. നടപ്പു സാമ്പത്തിക വർഷത്തെ പ്രവർത്തന ബജറ്റ് 62,553.73 കോടിയായി കുറച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.