29 December 2025, Monday

Related news

December 29, 2025
December 28, 2025
December 26, 2025
December 22, 2025
December 3, 2025
November 13, 2025
March 12, 2025
February 25, 2025
February 16, 2025
August 10, 2024

ആരവല്ലി മലനിരകള്‍ക്ക് മരണമണി; ഖനനത്തിന് കേന്ദ്രാനുമതി

ചീഫ് ജസ്റ്റിസിന് കത്തയച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍
Janayugom Webdesk
ന്യൂഡല്‍ഹി
December 22, 2025 8:18 pm

പ്രതിപക്ഷ പാര്‍ട്ടികളുടെയും പൗരസംഘടനകളുടെയും ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് ആരവല്ലി പര്‍വതനിരകളില്‍ ഖനനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 0.19% പ്രദേശത്ത് മാത്രമേ ഖനനം അനുവദിക്കൂ എന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ ന്യായീകരണം. നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആരവല്ലിക്ക് 1.44 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണുള്ളത്. ഇതിന്റെ 90% സംരക്ഷിതമായി തുടരുമെന്നും മന്ത്രി അവകാശപ്പെട്ടു. 

കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി ശുപാര്‍ശയനുസരിച്ച് ആരവല്ലി കുന്നുകളുടെ ഏകീകൃത നിര്‍വചനം കഴിഞ്ഞ മാസം സുപ്രീം കോടതി അംഗീകരിച്ചതോടെയാണ് ആരവല്ലിക്കുമേല്‍ ഖനനത്തിന്റെ നിഴല്‍ പടര്‍ന്നത്. സമുദ്രനിരപ്പിൽ നിന്നല്ല, മറിച്ച് ആ പ്രദേശത്തെ ഭൂമിയിൽ നിന്ന് കുറഞ്ഞത് 100 മീറ്റർ എങ്കിലും ഉയരമുള്ള കുന്നുകളെ മാത്രമേ ഇനി ‘ആരവല്ലി കുന്ന്’ ആയി കണക്കാക്കൂ. ഇത്തരത്തിൽ 100 മീറ്ററിലധികം ഉയരമുള്ള രണ്ടോ അതിലധികമോ കുന്നുകൾ 500 മീറ്റർ ദൂരപരിധിക്കുള്ളിൽ ഉണ്ടെങ്കിൽ മാത്രമേ അതിനെ ‘ആരവല്ലി പർവതനിര’ എന്ന് വിളിക്കൂ. 

ഡൽഹി മുതൽ ഗുജറാത്ത് വരെ 700 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ആരവല്ലി, താർ മരുഭൂമി കിഴക്കോട്ട് വ്യാപിക്കുന്നത് തടയുന്ന സ്വാഭാവിക മതിലാണ്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം പരിസ്ഥിതിക്ക് ദോഷം വരുത്തുന്ന നിരവധി നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെങ്കിലും ആദിവാസികളെ അടക്കം കുടിയിറക്കി അതൊക്കെ നടപ്പാക്കുകയാണ് സര്‍ക്കാര്‍.
പുതിയ നിർവചനത്തില്‍ നിലവിലെ ആരവല്ലി കുന്നുകളുടെ 90 ശതമാനത്തോളവും നിയമപരമായ സംരക്ഷണത്തിന് പുറത്താകുമെന്ന് പരിസ്ഥിതി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 100 മീറ്ററിൽ താഴെ ഉയരമുള്ള ആയിരക്കണക്കിന് കുന്നുകൾ ഇതോടെ ഖനന മാഫിയകൾക്കും റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്കും മുന്നിൽ തുറക്കപ്പെടും. ഇത് വടക്കേ ഇന്ത്യയിലെ മരുഭൂവൽക്കരണത്തിനും കുടിവെള്ള ക്ഷാമത്തിനും കാരണമാകുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ആരവല്ലി പർവതനിരകളെ നിർവചിക്കാൻ 100 മീറ്റർ ഉയരം മാനദണ്ഡമാക്കിയ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹിതേന്ദ്ര ഗാന്ധി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും കത്തയച്ചു. 

ഉയരമുള്ള കൊടുമുടികൾ മാത്രമല്ല, ഉയരം കുറഞ്ഞ ചെറിയ കുന്നുകളും ചരിവുകളും ഭൂഗർഭജല സംരക്ഷണത്തിനും മരുഭൂവൽക്കരണം തടയുന്നതിനും ജൈവവൈവിധ്യത്തിനും നിർണായകമാണ്. ഒരിക്കൽ നശിപ്പിക്കപ്പെട്ടാൽ തിരിച്ചുപിടിക്കാനാവാത്ത വലിയ പരിസ്ഥിതി ആഘാതമായിരിക്കും ഇത് ഉണ്ടാക്കുക. ആരോഗ്യമുള്ള പരിസ്ഥിതിയിൽ ജീവിക്കാനുള്ള അവകാശം (ആർട്ടിക്കിൾ 21), പരിസ്ഥിതി സംരക്ഷിക്കാനുള്ള സർക്കാരിന്റെയും പൗരന്മാരുടെയും കടമ (ആർട്ടിക്കിൾ 48എ, 51എ(ജി)) എന്നിവയ്ക്ക് വിരുദ്ധമാണ് പുതിയ നടപടികളെന്നും ഹിതേന്ദ്ര ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.