കേന്ദ്രസര്‍വീസിലെ സംവരണം സംബന്ധിച്ചുള്ള വിവരങ്ങള്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്ന് ബോധപൂര്‍വം സര്‍ക്കാര്‍ ഒഴിവാക്കി. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പേഴ‍്സണല്‍ ആന്റ് ട്രെയിനിങ് മന്ത്രാലയം പുറത്തിറക്കിയ 2023–24 വര്‍ഷത്തെ റിപ്പോര്‍ട്ടിലാണ് ജോലികളിലും തസ്തികകളിലുമുള്ള സംവരണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചത്.
കഴിഞ്ഞമാസം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍, കേന്ദ്ര മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും എല്ലാ ജോലികളെക്കുറിച്ചും, എ, ബി, സി, ഡി ഗ്രൂപ്പുകളിലുടനീളമുള്ള പട്ടികജാതി, പട്ടികവര്‍ഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിലെ ജീവനക്കാരുടെ എണ്ണവും ഒഴിവാക്കി. മുന്‍ വര്‍ഷങ്ങളിലെ എല്ലാ റിപ്പോര്‍ട്ടുകളിലും ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പേഴ‍്സണല്‍ മന്ത്രാലയത്തോട് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ‍്തു.
ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന ആദിവാസി അധികാര്‍ രാഷ‍്ട്രീയ മഞ്ചിന്റെ (എഎആര്‍എം), ഞായറാഴ്ച നടന്ന ദേശീയ കണ്‍വെന്‍ഷന്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചു. ആദിവാസികളെ ജോലിയില്‍ നിന്ന് ഒഴിവാക്കുന്നതും സര്‍ക്കാര്‍ ജോലികളിലെ സംവരണം സംബന്ധിച്ച വിവരങ്ങള്‍ മനഃപൂര്‍വം മറച്ചുവയ്ക്കുന്നതും പ്രധാന ആശങ്കയാണെന്നും അവര്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗമാണിത്. സംവരണ വിഭാഗങ്ങളിലെ എത്രപേര്‍ സര്‍വീസിലുണ്ട്, സംവരണമുള്ള എത്ര തസ്തികകള്‍ നികത്തി, എത്രയെണ്ണം ഒഴിഞ്ഞുകിടക്കുന്നു എന്നത് സംബന്ധിച്ച് മുഴുവന്‍ കണക്കോ, ഏകീകൃത ഡാറ്റയോ ഇല്ലാത്തതിനാല്‍ ഈ വിഭാഗങ്ങള്‍ക്ക് കോടതിയില്‍ പോലും പോകാന്‍ കഴിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
2016 ജനുവരി ഒന്നുവരെ മൊത്തം 32 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ സംവരണ വിഭാഗത്തിലുള്ളവരാണെന്ന് പരാമര്‍ശിക്കുക മാത്രമാണ് ചെയ‍്തിട്ടുള്ളത്. എന്നാല്‍ ഈ ഡാറ്റ 2018–19ലെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. തുടര്‍ന്നുള്ള റിപ്പോര്‍ട്ടില്‍ സംവരണ പട്ടികയിലെ മൊത്തം ജീവനക്കാരുടെ എണ്ണം ഏകദേശം 19 ലക്ഷമാണെന്നും പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.