2014ല്‍ അധികാരത്തില്‍ വന്നയുടന്‍ ചരക്ക് സേവന നികുതി(ജിഎസ്ടി)യില്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട വിഹിതം വെട്ടിക്കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവശ്യപ്പെട്ടു. ധനകാര്യ കമ്മിഷനുമായി രഹസ്യമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അന്നത്തെ ധനകാര്യ കമ്മിഷന്‍ ചെയര്‍മാന്‍ വൈ വി റെഡ്ഡിയുടെ എതിര്‍പ്പ് കാരണം മോഡിയുടെ ശ്രമം പരാജയപ്പെട്ടതായി റിപ്പോര്‍ട്ടേഴ്സ് കളക്ടീവ് അല്‍ ജസീറയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ധനകാര്യ കമ്മിഷന്റെ ഉറച്ച് നിലപാട് കാരണം മോഡി സര്‍ക്കാര്‍ അതേ വര്‍ഷം സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചുവെന്നും എന്നാല്‍ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ കേന്ദ്ര സര്‍ക്കാരിന് ധനകാര്യ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നികുതി വിഹിതത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അന്നുവരെയുണ്ടായിരുന്ന 32 ശതമാനത്തില്‍ നിന്ന് 10 ശതമാനം വര്‍ധനവാണ് കമ്മിഷന്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ മോഡി സര്‍ക്കാര്‍ വിഹിതം 33 ആയി നിലനിര്‍ത്താന്‍ തീവ്രശ്രമം നടത്തി.
ഇതുസംബന്ധിച്ച് തുടര്‍ചര്‍ച്ചകള്‍ക്കായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും അന്നത്തെ നിതി ആയോഗ് ചെയര്‍മാനുമായിരുന്ന വൈ വി റെഡ്ഡിയുമായി പ്രധാനമന്ത്രി മോഡി അനൗപചാരിക ചര്‍ച്ച നടത്തിയെന്നും താനും ചര്‍ച്ചയില്‍ പങ്കാളിയായതായും നിതി ആയോഗ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബി വി ആര്‍ സുബ്രഹ്മണ്യത്തെ ഉദ്ധരിച്ച് കളക്ടീവ് റിപ്പോര്‍ട്ടേഴ്സ് പറയുന്നു. ഭരണഘടന പ്രകാരം ധനകാര്യ കമ്മിഷന്‍ ശുപാര്‍ശ അംഗീകരിക്കുക അല്ലെങ്കില്‍ തള്ളിക്കളയുക എന്നീ രണ്ട് മാര്‍ഗങ്ങള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നത്. ഇത് പരിഹരിക്കാനാണ് മോഡി നിതി ആയോഗ് ചെയര്‍മാനുമായി അനൗപചാരിക ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ധനകാര്യ മന്ത്രി, മന്ത്രാലയം പ്രതിനിധി എന്നിവര്‍ പങ്കെടുത്തിരുന്നില്ല.
രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ വൈ വി റെഡ്ഡി ഉറച്ച നിലപാടാണ് സ്വീകരിച്ചത്. കമ്മിഷന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ 42 ശതമാനം വിഹിതം നല്‍കാമെന്ന് ഒടുവില്‍ മോഡിക്ക് സമ്മതിക്കേണ്ടി വന്നു. സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കാന്‍ തീവ്രശ്രമം നടത്തിയ മോഡി പാര്‍ലമെന്റില്‍ അസത്യപ്രചരണം ആവര്‍ത്തിച്ചതായും സുബ്രഹ്മണ്യത്തെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഫെബ്രുവരി 27ന് ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ കേന്ദ്ര നികുതി വിഹിതത്തില്‍ നിന്ന് 42 ശതമാനം തുക സംസ്ഥാനങ്ങള്‍ക്ക് നല്‍കി രാജ്യത്തെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്നായായിരുന്നു മോഡിയുടെ വാക്കുകള്‍.
ആസൂത്രണ കമ്മിഷനു പകരം മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നിതി ആയോഗിന്റെ പ്രഥമ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ ബി വി ആര്‍ സുബ്രഹ്മണ്യവും കേന്ദ്ര ബജറ്റ് സംവിധാനം സത്യം മറയ്ക്കാനുള്ള പാളികളാല്‍ മൂടപ്പെട്ടിരിക്കുന്നതായി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്റ് ഇക്കണോമിക്സ് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടുകള്‍ സുതാര്യമല്ലെങ്കില്‍ അവ തുറന്നുകാട്ടുന്ന ഒരു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവരുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
English Summary;Central Tax: Modi asked to reduce state share
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.