28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 27, 2025
April 23, 2025
April 19, 2025
April 19, 2025
April 17, 2025
April 15, 2025
April 3, 2025
March 30, 2025
March 23, 2025
March 21, 2025

ഗുജറാത്ത് വംശഹത്യയിൽ പങ്ക്; മോഡിക്കെതിരായ ബിബിസി ഡോക്യുമെന്ററി ലിങ്ക് നീക്കം ചെയ്യാൻ നിർദേശം

Janayugom Webdesk
ന്യൂഡല്‍ഹി
January 21, 2023 6:27 pm

2002 ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി നീക്കം ചെയ്യാന്‍ ട്വിറ്ററിനും യുട്യൂബിനും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം. പിന്നാലെ ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററിയുടെ വീഡിയോ ലിങ്കുകള്‍ വെബ്സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായി. ഡോക്യുമെന്ററിയിലേക്കുള്ള എല്ലാ ആക്സസുകളും സര്‍ക്കാര്‍ തടഞ്ഞിട്ടുമുണ്ട്.
സര്‍ക്കാര്‍ നിലപാടിന്റെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ഷെയര്‍ ചെയ്തുള്ള ട്വീറ്റുകള്‍ നീക്കം ചെയ്തതായി ട്വിറ്റര്‍ വിശദീകരിച്ചു. ജി20 അധ്യക്ഷ സ്ഥാനത്തിരിക്കെ പുറത്തിറങ്ങിയ ഡോക്യുമെന്ററി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അവഹേളിക്കാൻ ഉന്നമിട്ടുള്ളതാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പൗരാവകാശ പ്രവര്‍ത്തകര്‍ അടക്കം ഡോക്യുമെന്ററിയുടെ ലിങ്ക് ട്വീറ്റ് ചെയ്തതോടെയാണ് ഇവ നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.

ഡോക്യുമെന്ററിയുടെ ആദ്യത്തെ എപ്പിസോഡ് നീക്കം ചെയ്യാന്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം സാമൂഹ മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2021ലെ ഐടി നിയമത്തിനു കീഴിലുള്ള അടിയന്തര അധികാരങ്ങള്‍ വിനിയോഗിച്ച് മന്ത്രാലയം സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പുതുതായി ആരെങ്കിലും വീഡിയോയുടെ ലിങ്കുകള്‍ പങ്കുവച്ചാല്‍ അതും നീക്കം ചെയ്യണമെന്ന് ട്വിറ്ററിനും യൂട്യൂബിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട 50 ട്വീറ്റുകള്‍ നീക്കം ചെയ്യാനും ട്വിറ്ററിനോട് ആവശ്യപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്റെ ട്വീറ്റും ഇതില്‍ ഉള്‍പ്പെടുന്നു. ന്യൂനപക്ഷങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്രവെറുക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ബിബിസിയുടെ ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയെന്ന് ഡെറക് ഒബ്രിയാന്‍ പറഞ്ഞു. 

ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള പങ്ക് വ്യക്തമാക്കുന്നതായിരുന്നു ബിബിസിയുടെ ഡോക്യുമെന്ററി. ഈ മാസം 17നാണ് ഇതിന്റെ ആദ്യഭാഗം പുറത്തുവിട്ടത്. 2002ല്‍ നടന്ന ഗുജറാത്ത് കലാപം സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് കലാപത്തില്‍ മോഡിക്ക് പങ്കുണ്ടെന്ന് ബിബിസി വ്യക്തമാക്കുന്നത്.
ഒട്ടേറെ തത്സമയ തെളിവുകളും രേഖകളും വിശദീകരണങ്ങളും ഡോക്യുമെന്ററിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വിദേശ മന്ത്രി ജോൺ വിറ്റാകർ സ്ട്രോ, മോഡിയുമായി സംസാരിച്ച ബിബിസി മാധ്യമ പ്രവർത്തക ജിൽ മഗി വറിങ് തുടങ്ങിയവരുടെ അഭിമുഖങ്ങളും ആർ ബി ശ്രീകുമാർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ മൊഴികളും ഇതിലുണ്ട്. മുസ്ലിങ്ങളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ പദ്ധതിയുടെ പുറത്താണ് ഗുജറാത്ത് കലാപം നടന്നതെന്നും ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്. 

ബിബിസിയുടെ വാദങ്ങള്‍ പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും പ്രചരണതന്ത്രമാണെന്നുമായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. എന്നാല്‍ വിശദമായ ഗവേഷണത്തിന് ശേഷമാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്ന്‌ ഇന്ത്യയുടെ വിമര്‍ശനത്തിന് ബിബിസി മറുപടി നല്‍കി. ഇതിന് പിന്നാലെയാണ് വീഡിയോ ലിങ്കുകള്‍ നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്. വിഷയത്തില്‍ ഔദ്യോഗികമായി ബ്രിട്ടീഷ് സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. 

Eng­lish Sum­ma­ry: Cen­tre directs offi­cials to block YouTube videos, tweets on ‘BBC doc­u­men­tary on PM’
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.