23 November 2024, Saturday
KSFE Galaxy Chits Banner 2

രാജ്യത്ത് സിസേറിയന്‍ നിരക്ക് ഇരട്ടിയായി

web desk
ന്യൂഡല്‍ഹി
March 1, 2023 11:10 am

രാജ്യത്തെ സിസേറിയന്‍ (സി-സെക്ഷന്‍) നിരക്ക് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചതിനേക്കാള്‍ ഇരട്ടി. നിലവില്‍ ഇന്ത്യയിലെ സിസേറിയന്‍ നിരക്ക് 21.5 ശതമാനമാണ്. ഡബ്ല്യുഎച്ച്ഒ ശുപാര്‍ശ ചെയ്യുന്ന 10 മുതല്‍ 15 ശതമാനം എന്ന അനുയോജ്യമായ ശ്രേണിയേക്കാൾ കൂടുതലാണിത്. സിസേറിയന്‍ നിരക്ക് ഉയര്‍ന്നതുകൊണ്ട് മാതൃ, ശിശു മരണ നിരക്കുകളില്‍ വ്യത്യാസം ഉണ്ടാകുന്നില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതേസമയം ഗുരുതരമായ കേസുകളെ ഒഴിവാക്കി സി-സെക്ഷന്‍ നിരക്ക് കുറയ്ക്കുന്നത് ആരോഗ്യകരമായി ഗുണമുണ്ടാക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ആഗോളതലത്തിലും സിസേറിയന്‍ നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു. 1990ല്‍ ഏഴ് ശതമാനമായിരുന്നെങ്കില്‍ 2021ല്‍ ഇത് 21 ശതമാനമായി ഉയര്‍ന്നു. 2030 ആകുമ്പോഴേക്കും മൊത്തം ജനനങ്ങളുടെ മൂന്നിലൊന്നും (29 ശതമാനവും) സിസേറിയനിലൂടെ ആയിരിക്കുമെന്നും സംഘടന പ്രവചിക്കുന്നു. ആഗോളതലത്തില്‍ സി-സെക്ഷന്‍ നിരക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം ഇന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിരക്ക് വര്‍ധനയാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

സാധാരണ പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം അപകടത്തിലാക്കുമ്പോൾ മാത്രം ഉപയോഗിക്കുന്ന അവസാന ആശ്രയമാണ് സി-സെക്ഷൻ. എന്നാല്‍ ഇന്നിത് കൂടുതലായും ആദ്യ ഓപ്ഷനായി ഉപയോഗിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ആവശ്യമുള്ളതിലും കൂടുതൽ സി-സെക്ഷനുകൾ ആഗോളതലത്തിൽ നടക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ലൈംഗിക, പ്രത്യുല്പാദന ആരോഗ്യ ഗവേഷണ വകുപ്പിന്റെ ഡയറക്ടർ ഡോ. ഇയാന്‍ ആസ്ക്യൂ പറയുന്നു. ഇപ്പോള്‍ നടത്തുന്ന എല്ലാ സിസേറിയനുകളും മെഡിക്കല്‍ ആവശ്യകതകളെ തുടര്‍ന്നുള്ളതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ കുടുംബാരോഗ്യ സര്‍വേ (എന്‍എഫ്എച്ച്എസ്-അഞ്ച്) യുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ സിസേറിയനുകള്‍ നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളത് തെലങ്കാനയാണ്, 60.7 ശതമാനം. തമിഴ്‌നാട് (44.9), ആന്ധ്രാപ്രദേശ് (42.4), ജമ്മു കശ്മീര്‍ (41.7), ഗോവ (39.5) എന്നിങ്ങനെയാണ് കണക്ക്. ആറാം സ്ഥാനത്തുള്ള കേരളത്തില്‍ സിസേറിയന്‍ പ്രസവങ്ങളുടെ നിരക്ക് 38.9 ശതമാനമാണ്. ഏറ്റവും കുറവ് നാഗാലാന്‍ഡ്(5.2 ശതമാനം), മേഘാലയ (8.2 ശതമാനം) എന്നിങ്ങനെയാണ്.

പട്ടികയില്‍ ആദ്യ 27 ലുള്ള സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും നിരക്ക് ലോകാരോഗ്യ സംഘടനയുടെ പരിധിയേക്കാള്‍ മുകളിലാണ്. ഇതില്‍ ജമ്മു കശ്മീരിലെ നിരക്ക് ആശങ്കപ്പെടുത്തുന്നതാണ്. എന്‍എഫ്എച്ച്എസ്-നാലിലെ കണക്കുകള്‍ പ്രകാരം കേന്ദ്രഭരണപ്രദേശത്തെ സിസേറിയന്‍ നിരക്ക് 33.4 ശതമാനമായിരുന്നു. ജമ്മു കശ്മീരില്‍ 25 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

 

Eng­lish Sam­mury: Cesare­an rate has dou­bled in the country

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.