ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ തിലക് വര്‍മ്മ ഒരു സ്ഥാനംകയറി രണ്ടാമതെത്തി. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലില്ലാത്ത യശസ്വി ജയ്സ്വാള്‍ ഒരു സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി.
അതേസമയം പരമ്പരയില്‍ മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണ്‍ 29-ാം സ്ഥാനത്തേക്ക് പതിച്ചു. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളില്‍ നിന്നായി 34 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്. മൂന്ന് മത്സരങ്ങളിലും അഞ്ച് ഓവറിനപ്പുറം സഞ്ജു ബാറ്റ് ചെയ്തിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുമ്പ് മൂന്നാം സ്ഥാനത്തായിരുന്ന ഇരുപത്തിരണ്ടുകാരൻ തിലക് വർമ, രണ്ടാം ടി20യിൽ 55 പന്തിൽ പുറത്താകാതെ നേടിയ 72 റൺസിന്റെ ബലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് കയറിയത്. രാജ്കോട്ടിൽ നടന്ന മൂന്നാം ടി20യിൽ തിലക് വർമ 18 റൺസെടുത്ത് പുറത്തായിരുന്നു. ഒന്നാം സ്ഥാനത്തുള്ള ഓസീസ് താരം ട്രാവിസ് ഹെഡിനേക്കാൾ 23 പോയിന്റ് മാത്രം പിന്നിലാണ് താരം.
അതേസമയം ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലുമാണ്. ബൗളിങ് റാങ്കിങ്ങില്‍ 25 സ്ഥാനങ്ങള്‍ കയറിയ വരുണ്‍ അഞ്ചാമതെത്തി. 679 റേറ്റിങ് പോയിന്റാണ് വരുണിനുള്ളത്. പരമ്പര തുടങ്ങും മുമ്പ് 30–ാം സ്ഥാനത്തായിരുന്ന വരുണിന്, ആദ്യ മൂന്നു മത്സരങ്ങളിൽനിന്ന് 10 വിക്കറ്റ് പിഴുത പ്രകടനമാണ് അഞ്ചാം സ്ഥാനത്തേക്കുള്ള കുതിപ്പിന് കാരണമായത്. രാജ്കോട്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും, അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാന്‍ വരുൺ ചക്രവർത്തിക്കായിരുന്നു. രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിങ്എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റു ഇന്ത്യന്‍ താരങ്ങള്‍. അഞ്ച് സ്ഥാനങ്ങള്‍ നഷ്ടമായ ബിഷ്‌ണോയ് പത്താം സ്ഥാനത്തായി. അര്‍ഷ്ദീപ് സിങ് എട്ടാം സ്ഥാനത്ത് തുടരുന്നു. രാജ്‌കോട്ട് ടി20യില്‍ അര്‍ഷ്ദീപിനെ കളിപ്പിച്ചിരുന്നില്ല. അഞ്ച് സ്ഥാനങ്ങള്‍ കുതിച്ച് അക്സര്‍ പട്ടേല്‍ 11-ാം സ്ഥാനത്താണ്. 13 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ആറാം സ്ഥാനത്തെത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.