
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി മരുന്ന് കേസിലെ പ്രതി നാരായണദാസ് പിടിയില്‍. ബാംഗ്ലൂർ അമ്രവള്ളിയിൽ നിന്നുമാണ് അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. സ്പെഷ്യൽ സ്ക്വാഡ് ഉദ്യോഗസ്ഥർ ബാംഗ്ലൂരിലെത്തി നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിൽ ആകുന്നത്. നാരായണ ദാസിനെ നാളെ പുലർച്ചെ ചാലക്കുടിയിൽ എത്തിക്കുമെന്നാണ് വിവരം.
ഷീലാ സണ്ണിയുടെ ബന്ധുവായ യുവതിക്ക് വ്യാജ സ്റ്റാമ്പ് നൽകിയത് നാരായണ ദാസ് ആയിരുന്നു. കേസിൽ ഒന്നാംപ്രതിയായ ഇയാൾക്ക് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയപ്പോഴാണ് ഒളിവിൽ പോയത്. നാരായണ ദാസിനെ പിടികൂടിയതിൽ സന്തോഷമെന്നും ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് നാരായണദാസ് ഇത് ചെയ്തത് എന്നത് പുറത്തു വരണമെന്നും ഷീല സണ്ണി പറഞ്ഞു.
നാരായണ ദാസിനെ തനിക്കറിയില്ലെന്നും പറഞ്ഞു. മയക്കുമരുന്ന് എന്താന്ന് പോലും അറിയാത്ത തന്നെയാണ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചത്. മരുമകളുടെ അനിയത്തിയാണ് തലേദിവസം വീട്ടിൽ ഉണ്ടായിരുന്നത്. മരുമകളുടെ അനിയത്തിയുടെ കൂടെയുള്ള വ്യക്തിയാണ് നാരായണ ദാസ് എന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അങ്ങനെയെങ്കിൽ എന്തിന് അവർ അത് ചെയ്തു എന്നത് കണ്ടെത്തണം. മരുമകൾക്ക് തന്നെ വെറുപ്പ് തോന്നേണ്ട ഒരു കാരണവുമില്ലെന്നും ഷീല സണ്ണി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.