22 November 2024, Friday
KSFE Galaxy Chits Banner 2

താജ്മഹലിന് വെല്ലുവിളി; പുതിയ മാര്‍ബിള്‍ ശവകുടീരം തുറന്നു

Janayugom Webdesk
ലഖ്നൗ
May 17, 2024 9:39 pm

ആഗ്രയില്‍ താജ്മഹലിന് വെല്ലുവിളിയായി പുതിയൊരു മാര്‍ബിള്‍ ശവകുടീരം. രാധാസോമി മത സ്ഥാപകനായ പരംപുരുഷ് പൂരണ്‍ ധനി സ്വാമിജി മഹാരാജിന്റെ ഓര്‍മ്മയ്ക്കായി പണിത മാര്‍ബിള്‍ സ്മാരകമാണ് ലോകാത്ഭുതങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന താജ് മഹലിനോട് മത്സരിക്കാനൊരുങ്ങുന്നത്. 

102 വര്‍ഷം മുമ്പ് നിര്‍മ്മാണം ആരംഭിച്ച പരം പുരുഷ് സ്വാമി സ്മാരകം ഇപ്പോഴാണ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. താജ് മഹലില്‍ നിന്നും ഏകദേശം 12 കിലോമീറ്റര്‍ അകലെ രാധാസോമി വിഭാഗക്കാര്‍ തിങ്ങി പാര്‍ക്കുന്ന സോമി ബാഗിലാണ് സ്മാരകം. ചുരുങ്ങിയ ദിവസം കൊണ്ടു തന്നെ സഞ്ചാരികള്‍ക്കിടയില്‍ താജ്മഹലിനോളം പ്രശസ്തി നേടാന്‍ പുതിയ മാര്‍ബിള്‍ ശവകുടീരത്തിന് സാധിച്ചിട്ടുണ്ടെന്ന് വിശ്വാസികള്‍ പറയുന്നു. 

രാജസ്ഥാനിലെ മക്രാനയില്‍ നിന്നും ഇറക്കുമതി ചെയ്ത തൂവെള്ള മാര്‍ബിളുകളും പാക്കിസ്ഥാനിലെ നൗഷേറയില്‍ നിന്നുള്ള മൊസെയ്ക് ശിലകളും ഉപയോഗിച്ചാണ് 193 അടി ഉയരമുള്ള ഈ സ്മാരകം നിര്‍മ്മിച്ചിരിക്കുന്നത്. സ്വര്‍ണം പൂശിയ താഴികക്കുടത്തിന് 31.4 അടി ഉയരമുണ്ട്. ഇത് താജ്മഹലിന്റെ താഴികക്കുടത്തിന്റെ ഉയരത്തെ മറികടക്കും. സന്ദര്‍ശകര്‍ക്ക് പ്രവേശനം സൗജന്യമാണ്. എന്നാല്‍ സ്മാരകത്തിനകത്ത് ഫോട്ടോഗ്രഫി നിരോധിച്ചിട്ടുണ്ട്. 

സ്മാരകത്തിന്റെ ആദ്യ രൂപം സാധാരണ കല്ലുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതായിരുന്നു. 1922ലാണ് മാര്‍ബിളുകളും വിലപിടിപ്പുള്ള കല്ലുകളും ഉപയോഗിച്ച് സ്മാരകത്തിന്റെ പുനര്‍ നിര്‍മ്മാണം ആരംഭിച്ചത്. ഏതെങ്കിലും പ്രത്യേകമായ വാസ്തുശാസ്ത്ര ശൈലിയിലാണ് നിര്‍മ്മാണമെന്ന് പറയാനാകില്ല. നിരവധി ശൈലികളുടെ സംയുക്ത രൂപമാണിതെന്ന് വിശ്വാസികളിലൊരായ പ്രമോദ് കുമാര്‍ പറഞ്ഞു. 

നിരവധി ശില്പിമാര്‍ അവരുടെ ജീവിതകാലം മുഴുവന്‍ ഇതിന്റെ നിര്‍മ്മാണജോലിക്കായി ചെലവഴിച്ചിട്ടുണ്ട്. ആദ്യകാലത്ത് നിര്‍മ്മാണത്തില്‍ പങ്കെടുത്ത പലരുടെയും മക്കളും കൊച്ചുമക്കളും ചേര്‍ന്നാണ് ഒടുവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതെന്നും പ്രമോദ് കുമാര്‍ പറഞ്ഞു. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെയും പത്നി മുംതാസിന്റെയും ശവകുടീരമായ താജ്മഹല്‍ 22 വര്‍ഷം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

Eng­lish Sum­ma­ry: Chal­lenge to Taj Mahal; A new mar­ble mau­soleum was opened

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.