യുവേഫാ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിനായി ഇന്ന് ബാഴ്സലോണ ഇറങ്ങുന്നു. ജര്‍മ്മന്‍ കപ്പ് ബോറുസിയാ ഡോര്‍ട്ട്മുണ്ടാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ലയെ നേരിടും.
ബെൻഫിക്കയെ 4–1 ന് പരാജയപ്പെടുത്തിയാണ് ഹാൻസി ഫ്ലിക്കിന്റെ ബാഴ്സലോണ അവസാന എട്ടിലേക്ക് കടന്നത്. റയൽ മാഡ്രിഡ്, ബയേൺ മ്യൂണിക്ക് എന്നിവർക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിൽ 20ലധികം തവണ ക്വാർട്ടർ ഫൈനലിൽ എത്തുന്ന മൂന്നാമത്തെ ടീമായി, മാറുകയും ചെയ്തിരുന്നു. സ്വന്തം തട്ടകത്തിൽ റയൽ ബെറ്റിസുമായി സമനിലയില്‍ പിരിഞ്ഞ മത്സരത്തിന് ശേഷമാണ് ബാഴ്‌സലോണ എത്തുന്നത്. ഇരുടീമുകളും ഒരോ ഗോൾ വീതം നേടിയപ്പോൾ മത്സരം സമനിലയിൽ പിരിഞ്ഞു. ലാലിഗയില്‍ 30 കളിയിൽ നിന്ന് 67 പോയിന്റുമായി ബാഴ്‌സ നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാമതുണ്ട്. ഇത്തവണ ചാമ്പ്യന്‍സ് ലീഗും കോപ ഡെല്‍റേയും കൂടി വിജയിച്ച് ട്രിപ്പിള്‍ കിരീടനേട്ടം സ്വന്തമാക്കുകയാണ് ടീമിന്റെ മുന്നോട്ടുള്ള ലക്ഷ്യം. പൗ ക്യൂബാർസിയും ഇനിഗോ മാർട്ടിനെസും സീസണിലുടനീളം ഹാൻസി ഫ്ലിക്കിന്റെ ടീമിലെ സ്ഥിരാംഗങ്ങളാണ്. റൊണാൾഡ് അറാഹോ ആദ്യഇലവനില്‍ സ്ഥാനം നേടാന്‍ ഇവരോട് പൊരുതേണ്ടി വരും. ജൂൾസ് കൗണ്ടെയും അലജാൻഡ്രോ ബാൽഡെയും അവരുടെ ഫുൾ‑ബാക്ക് സ്ഥാനങ്ങൾ നിലനിർത്തിയേക്കും. മധ്യനിരയില്‍ പെഡ്രിയുടെയും ഫ്രെങ്കി ഡി ജോങ്ങിന്റെയും മുന്നിൽ ആരായിരിക്കും പത്താം നമ്പർ എന്ന ചോദ്യം ബാഴ്സയെ അലട്ടുന്നു. കഴിഞ്ഞദിവസം ഈ സ്ഥാനത്ത് കളിച്ച ഗാവി ഗോൾ നേടിയിരുന്നു. ഫെർമിൻ ലോപ്പസ് ഈ സ്ഥാനത്തേക്ക് വന്നാല്‍ ബാഴ്സയുടെ അറ്റാക്കിങ് കൂടുതല്‍ ശക്തമാക്കാനാകും.
മുന്നേറ്റനിരയില്‍ ലാമിൻ യമൽ, റോബർട്ട് ലെവൻഡോവ്‌സ്‌കി, റാഫിഞ്ഞ എന്നിവര്‍ തന്നെയായിരിക്കും ഫ്ലിക്കിന്റെ ടീമില്‍ ഇടംനേടുക. ഫെറാൻ ടോറസ് മികച്ച ഫോമിലാണെങ്കിലും ആദ്യ ഇലവനില്‍ ഇടമുണ്ടായേക്കില്ലെന്നാണ് വിലയിരുത്തല്‍. ഈ സീസണിൽ ബാഴ്‌സലോണ 32 ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയിട്ടുണ്ട്. 10 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളിൽ നേരിട്ട് പങ്കാളിയായ റാഫിഞ്ഞയാണ് ആക്രമണത്തിന് നേതൃത്വം വഹിക്കുന്നത്. 2011-12 സീസണിൽ ലയണൽ മെസി സ്ഥാപിച്ച 14 ഗോളുകൾ, അഞ്ച് അസിസ്റ്റുകൾ എന്ന റെക്കോഡാണ് റാഫിഞ്ഞയ്ക്ക് മുന്നിലുള്ളത്. നിക്കോ കൊവാചിന്റെ കീഴിലുള്ള ബൊറൂസിയ ഡോർട്ട്മുണ്ട് ടീം ഫ്രീബർഗിനെ 4–1 ന് തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. പകരക്കാരനായി സ്ഥാനമേറ്റെടുത്തതിനുശേഷം കൊവാച് ചാമ്പ്യൻസ് ലീഗിൽ ഇതുവരെ തോറ്റിട്ടില്ലെന്നതും ശ്രദ്ധേയം. ലിലെക്കതിരെ 3–2 അഗ്രഗേറ്റ് വിജയത്തോടെയായിരുന്നു ഡോർട്ട്മുണ്ടിന്റെ ക്വാർട്ടർ പ്രവേശവം. ഒമ്പതാം തവണയാണ് ചാമ്പ്യൻസ് ലീഗിന്റെ അവസാന എട്ടിലേക്ക് മുന്നേറിയത്.
റാഫിഞ്ഞയ്ക്ക് പിന്നിൽ, 10 ഗോളുകളുമായി ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള സെർഹൗ ഗുയിറാസിയാണ് ടീമിലെ ഗോളടിയന്ത്രം. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും രണ്ടുതവണ ഏറ്റുമുട്ടിയിരുന്നു. ആദ്യപാദത്തില്‍ ഗോള്‍രഹിത സമനിലയും രണ്ടാംപാദത്തില്‍ ബാഴ്സയുടെ 3–1 വിജയവുമായിരുന്നു മത്സരഫലങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.