9 December 2025, Tuesday

Related news

November 2, 2025
October 20, 2025
October 19, 2025
October 16, 2025
August 21, 2025
August 17, 2025
August 5, 2025
July 31, 2025
July 30, 2025
July 30, 2025

ചന്ദ്രോപരിതലത്തില്‍ വീണ്ടും സള്‍ഫര്‍ സാന്നിധ്യം

web desk
ന്യൂഡല്‍ഹി
August 31, 2023 9:46 pm

ചന്ദ്രയാൻ 3 റോവറിലെ രണ്ടാമത്തെ ഉപകരണവും ചന്ദ്രോപരിതലത്തിലെ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ചു. റോവറിലെ ആൽഫ പാർടിക്കിൾ എക്സ്റേ സ്പെക്ട്രോമീറ്ററാണ് സൾഫർ സാന്നിധ്യം വീണ്ടും ഉറപ്പിച്ചത്. റോവറിലെ തന്നെ ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ക് ഡൗൺ സ്പെക്ട്രോസ്കോപ് കഴിഞ്ഞ ദിവസം സള്‍ഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. സൾഫറിന് പുറമെ അലൂമിനിയം, കാത്സ്യം, ക്രോമിയം എന്നീ മൂലകങ്ങളും ചന്ദ്രോപരിതലത്തിലുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായാണ് ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി മൂലകസാന്നിധ്യം സ്ഥിരീകരിക്കുന്നത്.

വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ റോവർ എപിഎക്സ്എസ് ഉപകരണം പ്രവർത്തിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും ഐഎസ്ആഒ പുറത്തുവിട്ടു. അഹമ്മദാബാദിലെ ഫിസിക്കൽ റിസർച്ച് ലബോറട്ടറിയാണ് എപിഎക്സ്എസ് വികസിപ്പിച്ചത്. കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ കാമറ പക‍ർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നിൽ നാല് മീറ്റ‍ർ വ്യാസമുള്ള ഗർത്തം രൂപപ്പെട്ടു. ഇത് ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കി. ഗർത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോൾ റോവറിന്റെ ചക്രങ്ങൾ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് ഇസ്രൊ പുറത്തുവിട്ടത്.

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്നതാണ് പുതിയ വിവരം. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ മണ്ണിന്റെ താപനില അളക്കപ്പെടുന്നത്.

അതേസമയം ചന്ദ്രോപരിതലത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന ചന്ദ്രയാൻ 3 ന്റെ വിക്രം ലാൻഡർ ചന്ദ്രനിൽ ‘സ്വാഭാവിക’ പ്രകമ്പനം കണ്ടെത്തിയതായി ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രനിലെ പ്രകമ്പനങ്ങൾ കണ്ടെത്തുന്നതിനുള്ള ഇൽസ (ഇൻസ്ട്രുമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി) ഓഗസ്റ്റ് 26നാണ് പ്രകമ്പനം രേഖപ്പെടുത്തിയതെന്നും ഈ സംഭവത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു.

Eng­lish Sam­mury: Sul­fur present again on the lunar surface

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.