
ഇന്ന് കേരളത്തിലെ കന്നുകാലി വളർത്തൽ മേഖല പ്രധാനമായും സങ്കരയിനം കന്നുകാലികളായ ജഴ്സി, ബ്രൗൺ സ്വിസ്, ഹോൾസ്റ്റീൻ ഫ്രീഷ്യൻ എന്നിവയിൽ ഊന്നിയാണ്. ദിനംപ്രതി പാലിന്റെ ആവശ്യകത വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ സങ്കരയിനം കന്നുകാലികളുടെ പരിചരണത്തിനും വളർത്തലിനും കർഷകർ കൂടുതൽ മുൻഗണന നൽകുന്നു. 2020 ‑21 ലെ കണക്കനുസരിച്ച് 25.32 ലക്ഷം മെട്രിക്ട് ടണ്‍ ആണ് പാലുല്പാദനം. സങ്കരയിനം പശുക്കളായ ജേഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ എന്നിവയിൽ നിന്നും ഏകദേശം 23.7 ലക്ഷം മെട്രിക്ക് ടൺ പാൽ ലഭിക്കുന്നുണ്ട്. നോൺ ഡിസ്ക്രിപ്റ്റ് പശുക്കളിൽ നിന്നും 0.24 ലക്ഷം മെട്രിക് ടൺ പാലും ലഭിക്കുന്നുണ്ട്. പാലിന്റെ ആവശ്യകത 33.51 ലക്ഷം മെട്രിക് ടണ്ണാണ്. ദൈനംദിനം മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വാങ്ങുന്ന പാൽ ഏകദേശം 1.34 ലക്ഷം ലിറ്റർ വരും.
കേരളം അനുവർത്തിച്ചുവരുന്ന കന്നുകാലി പ്രജനന നയത്തിനനുസൃതമായി കൃത്രിമ ബീജസങ്കലനത്തിന് ആവശ്യമായ ബീജ തന്മാത്രകൾ വിതരണം ചെയ്യുന്നത് കേരള കന്നുകാലി വികസന ബോർഡാണ്. ഇത്തരത്തിൽ കൃത്രിമ ബീജസങ്കലനനത്തിലൂടെ ഉരുത്തിരിയുന്ന ഒരു സങ്കരയിനം ജേഴ്സി പശുവിന്റെ പ്രതിദിന ഉല്പാദനം 10 മുതൽ 20 ലിറ്റർ വരെയും സങ്കരയിനം ഹോൾസ്റ്റീൻ ഫ്രീഷ്യന്റെ ഉല്പാദനം 15 മുതൽ 25 ലിറ്റർ വരെയുമാണ്. എന്നാൽ ഇത്തരം ഉരുക്കൾ ഉല്പാദനത്തിൽ മുന്നിലാണെങ്കിലും രോഗബാധാസാധ്യതയിലും മുന്നിലാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തുടങ്ങി വളരെ പ്രതികൂലമായ ഘടകങ്ങൾ ഇവരുടെ ഉല്പാദനത്തെ സാരമായി ബാധിക്കുന്നുണ്ട്. എന്നാൽ ഇത്തരം പ്രതികൂല ഘടകങ്ങൾ ഏറെ ബാധിക്കാത്തതുകൊണ്ട് ഇന്ത്യൻ കന്നുകാലി വർഗങ്ങളായ ഗിർ, സഹിവാൾ, കാൺക്രജ് എന്നിവയെ നിരവധി കർഷകർ വളർത്തിവരുന്നുണ്ട്.
ഗിർ
ഗുജറാത്ത് ആണ് ഇവയുടെ ഉത്ഭവം. പ്രതിദിന പാലുല്പാദനം ശരാശരി 12 മുതൽ 20 ലിറ്ററും പാലിലെ കൊഴുപ്പിന്റെ അളവ് 4.5 മുതൽ 5 ശതമനം വരെയുമാണ്. ചൂടിനെ തടുക്കാനുള്ള കഴിവ് ഇവർക്ക് കൂടുതലായുണ്ട്. രോഗപ്രതിരോധശേഷിയും കൂടുതലാണ്. കേരളത്തിലേത് പോലുള്ള ട്രോപ്പിക്കൽ കാലാവസ്ഥയ്ക്ക് കൂടുതൽ അനുയോജ്യമായ ഇനമാണ് ഇത്. ഗിർ പശുക്കൾക്ക് 15 മുതൽ 20 വർഷം വരെ ആയുസ് ഉണ്ടാവും. 10 മുതൽ 12 വർഷം വരെ പാൽ നൽകാനും ഇവർക്ക് കഴിയും. മനുഷ്യരോട് ഏറെ ഇണങ്ങുന്ന ഇനവും ആണിത്.
സഹിവാൾ
ഇന്ത്യയും പാകിസ്ഥാനുമായുള്ള അതിർത്തിയിലുള്ള പഞ്ചാബ് പ്രദേശത്തെ ഇനമാണ് ഇത്. പ്രതിദിന പാലുല്പാദനം എട്ടു മുതൽ 15 ലിറ്റർ വരെയും കൊഴുപ്പ് 4.5 മുതൽ 5.5 വരെയുമാണ്. ദീർഘകാലം ചൂടിൽ കഴിയാൻ കഴിയുന്ന ഇനമാണിത്. ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷി, ബാഹ്യപരാദങ്ങളോടുള്ള പ്രതിരോധം, കാൽമുട്ട് രോഗങ്ങൾ എന്നിവയോടുള്ള പ്രതിരോധശേഷിയും ഇവകളുടെ പ്രത്യേകതകളാണ്. 15 മുതൽ 20 വർഷം വരെയാണ് ശരാശരി ആയുസ് . താപം, ഈർപ്പം എന്നിവയ്ക്കെതിരെ മികച്ച പ്രതിരോധശേഷിയും ഉണ്ട്.
ഹോൾസ്റ്റീൻ ഫ്രീഷ്യൻ എന്ന വിദേശ ഇനവും സഹിവാൾ എന്ന ദേശീയ ഇനവും സംയോജിപ്പിച്ച് ഇന്ത്യയിൽ ഐസിഎആർ സൃഷ്ടിച്ച ഫ്രീസ്വാൾ ഉല്പാദനത്തിലും രോഗപ്രതിരോധശേഷിയിലും ഏറെ മുന്നിലാണ് .
കാങ്കറേജ്
ഗുജറാത്തിലെ കച്ച് പ്രദേശത്തും രാജസ്ഥാനിലും ഉരുത്തിരിഞ്ഞ ഇനമാണ് ഇത്. പാല്‍ പ്രതിദിനം 20 — 25 ലിറ്റർ. കറവ കാലയളവ് 305 മുതൽ 400 ദിവസങ്ങളും ആണ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറെ അനുയോജ്യമായ ഒരു ഇനമാണ്. കുറഞ്ഞ പരിപാലന ചെലവിൽ വളർത്താവുന്നതും രോഗപ്രതിരോധശേഷി ഏറെയുള്ള ഇനവുമാണ്. തദ്ദേശീയമായ ഇനങ്ങളുടെ സംരക്ഷണത്തിനും വികസനത്തിനും കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി അവ കർഷകർക്ക് ലഭ്യമാക്കിയാൽ പാലുല്പാദനത്തിൽ ഏറെ മുന്നോട്ടു പോകുവാൻ കഴിയും. നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡും കേരള കന്നുകാലി വികസന ബോർഡും ചേർന്ന് മുൻ വർഷങ്ങളിൽ ഫലപ്രദമായി നടപ്പിലാക്കിയ ഇത്തരം പദ്ധതികളുടെ തുടർച്ചയ്ക്കായി കാത്തിരിക്കുകയാണ് ക്ഷീര കർഷകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.