16 December 2025, Tuesday

Related news

November 28, 2025
November 21, 2025
October 9, 2025
September 24, 2025
August 10, 2025
July 24, 2025
June 25, 2025
May 13, 2025
February 19, 2025
July 17, 2024

സിബിഎസ്ഇ അക്കാദമിക് ഘടനയില്‍ മാറ്റം

Janayugom Webdesk
ന്യൂഡൽഹി
February 1, 2024 9:03 pm

സെൻട്രൽ ബോർഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) സെക്കന്‍ഡറി, ഹയർ സെക്കന്‍ഡറി വിദ്യാഭ്യാസത്തിനായുള്ള അക്കാദമിക് ഘടനയില്‍ അടിമുടി മാറ്റം. പത്താം ക്ലാസിൽ നിലവിൽ പഠിക്കുന്ന രണ്ടു ഭാഷകൾക്ക് പുറമെ ഒരു ഭാഷ കൂടി നിർബന്ധമായും പഠിക്കണം. ഇതിൽ രണ്ട് എണ്ണം ഇന്ത്യൻ ഭാഷയായിരിക്കണം. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വിജയ മാനദണ്ഡത്തിലും മാറ്റം വരുത്തി. പത്താം ക്ലാസിൽ അഞ്ചു വിഷയങ്ങളിൽ വിജയം നിർബന്ധമാക്കി. 

പന്ത്രണ്ടാം ക്ലാസിൽ നിലവിലുള്ള അഞ്ചു വിഷയങ്ങൾക്ക് പകരം പുതുതായി അഞ്ചു വിഷയങ്ങൾ കൂടി ചേർക്കും. ഇതോടെ പത്തു വിഷയങ്ങൾ പന്ത്രണ്ടാം ക്ലാസിൽ പഠിക്കണം. പന്ത്രണ്ടാം ക്ലാസിൽ ഒരു ഭാഷക്ക് പകരം രണ്ടു ഭാഷകൾ പഠിക്കണം. ഇതിൽ ഒന്ന് മാതൃഭാഷയായിരിക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും തമ്മിലുള്ള അക്കാദമിക് തുല്യത സൃഷ്ടിക്കാനാണ് പുതിയ ചട്ടക്കൂട് ലക്ഷ്യമിടുന്നത്.
നിലവിൽ, പരമ്പരാഗത സ്‌കൂൾ പാഠ്യപദ്ധതിയിൽ സംഘടിത ക്രെഡിറ്റ് സംവിധാനം ഇല്ല. പുതിയ നിർദ്ദേശം അനുസരിച്ച് ഒരു മുഴുവൻ അധ്യയന വർഷം 1,200 സാങ്കൽപ്പിക പഠന സമയമായാണ് കണക്കാക്കുക. ഇത് നാല്പത് ക്രെഡിറ്റായി കണക്കാക്കും. ഒരു സാധാരണ വിദ്യാര്‍ത്ഥിക്ക് പ്രത്യേക പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആവശ്യമായ സമയത്തെയാണ് സാങ്കൽപ്പിക സമയം സൂചിപ്പിക്കുന്നത്. 

സെക്കണ്ടറി, അപ്പർ സ്‌കൂൾ പാഠ്യപദ്ധതിയിൽ കൂടുതൽ വിഷയങ്ങൾ ചേർക്കാനും വിദ്യാഭ്യാസ ബോർഡ് നിർദ്ദേശിച്ചു. പത്താം ക്ലാസിന്റെ കാര്യത്തിൽ, ക്രെഡിറ്റ് അധിഷ്ഠിത സംവിധാനത്തിന് കീഴിൽ, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (രണ്ട് ഭാഷകളും ഗണിതം, സയൻസ്, സോഷ്യൽ സ്റ്റഡീസ് ഉൾപ്പെടെ മൂന്ന് പ്രധാന വിഷയങ്ങളും) പകരം 10 വിഷയങ്ങളുമാക്കും. (ഏഴ് പ്രധാന വിഷയങ്ങളും മൂന്ന് ഭാഷകളും) 

ഗണിതം-കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, സോഷ്യൽ സയൻസ്, സയൻസ്, ആർട്ട് എജ്യുക്കേഷൻ, ഫിസിക്കൽ എജ്യുക്കേഷൻ, ക്ഷേമം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, പരിസ്ഥിതി വിദ്യാഭ്യാസം എന്നിവയാണ് പത്താം ക്ലാസിലേക്ക് ശുപാർശ ചെയ്യുന്ന ഏഴ് പ്രധാന വിഷയങ്ങൾ. ഇതിന് പുറമെയാണ് ഭാഷാ വിഷയങ്ങൾ. 

11ഉം 12ഉം ക്ലാസുകൾക്ക്, നിലവിലുള്ള അഞ്ച് വിഷയങ്ങൾക്ക് (ഒരു ഭാഷയും നാല് ഐച്ഛികങ്ങളും ഉൾപ്പെടുന്ന) പകരം, വിദ്യാർത്ഥികൾ ആറ് വിഷയങ്ങൾ (രണ്ട് ഭാഷകളും നാല് വിഷയങ്ങളും ഉൾപ്പെടെ) പഠിക്കേണ്ടതുണ്ട്. രണ്ട് ഭാഷകളിൽ ഒന്ന് ഇന്ത്യൻ മാതൃഭാഷ ആയിരിക്കണം.

9, 10, 11, 12 ക്ലാസുകളിലെ അക്കാദമിക് ഘടനയിലെ മാറ്റങ്ങളുടെ രൂപരേഖ കഴിഞ്ഞ വർഷം അവസാനത്തോടെ സി.ബി.എസ്.ഇയുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപന മേധാവികൾക്കും അയച്ചിരുന്നു. 2023 ഡിസംബർ 5നകം നിർദ്ദേശം അവലോകനം ചെയ്യാനും ഫീഡ്ബാക്ക് നൽകാനും നിർദ്ദേശിച്ചു.

Eng­lish Sum­ma­ry: Change in CBSE Aca­d­e­m­ic Structure

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.