
ഒരു പേരിലെന്തിരിക്കുന്നു എന്നാണെങ്കിൽ, പലതുമിരിക്കുന്നുണ്ട് എന്നാണ് ഡബ്ല്യുടിഒ ഇപ്പോൾ പറയുന്നത്. അതിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറലിന്റെ പേര് മാറിയിരിക്കുന്നു. അഞ്ജലാ എല്ലാർഡിന് പകരം ജെന്നിഫർ നോർദ് ക്വിസ്റ്റ് ആയി. എന്നാൽ അത് വെറുമൊരു പേര് മാറ്റം മാത്രമല്ല, ഒരു നിലപാട് മാറ്റം കൂടിയാണ് എന്നാണ് തെളിഞ്ഞു കൊണ്ടിരിക്കുന്നത്. ഡബ്ല്യുടിഒ എന്നാൽ ലോക വാണിജ്യസംഘടന. രാഷ്ട്രങ്ങൾ തമ്മിലുള്ള വ്യാപാരത്തിന്റെയും അതിന്മേലുള്ള ചുങ്കത്തിന്റെയും കാര്യങ്ങൾ ആലോചിക്കാനായി 1948 ൽ രൂപം കൊള്ളേണ്ടിയിരുന്ന ഒരു സംഘടനയായിരുന്നു ഇന്റര്‍നാഷനൽ ട്രെയ്ഡ് ഓർഗനൈസേഷൻ (ഐടിഒ).
ലോക ബാങ്കിനും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) ക്കുമൊപ്പം സ്ഥാപിതമാവേണ്ടിയിരുന്ന ആ സംഘടനയുടെ നിയമാവലി പോലും തയ്യാറാക്കി വച്ചതാണ്. പക്ഷേ അമേരിക്ക പറഞ്ഞത് തങ്ങളുടെ വാണിജ്യ കാര്യം നോക്കാൻ തങ്ങളുടെ നാട്ടിലെ നിയമങ്ങൾ ധാരാളമാണെന്നും അതിനായൊരു അന്താരാഷ്ട്ര സംഘടന ആവശ്യമില്ലെന്നുമാണ്. അങ്ങനെയാണ് ഐടിഒയ്ക്ക് പകരം ഗാട്ട് (GATT) എന്ന പൊതുധാരണ (ജനറൽ എഗ്രിമെന്റ്) രൂപം കൊള്ളുന്നത്. കൊണ്ടു നടന്നതും നീയേ ചാപ്പാ എന്നാൽ അതിന് പുതിയ പല്ലും നഖവും മുളപ്പിച്ച് വീണ്ടും സംഘടനയാക്കണമെന്ന് ശഠിച്ചതും അതേ അമേരിക്ക തന്നെ. അതാണ് പിന്നീട് മൾട്ടി ലാറ്ററൽ ട്രേയ്ഡ് ഓർഗനൈസേഷൻ (എംടിഒ) എന്ന പേരിൽ പുതിയ സംഘടനയായി 1993 ഡിസംബറിൽ രൂപം കൊള്ളേണ്ടിയിരുന്നത്. എന്നാൽ ലോക പൊതുജനാഭിപ്രായം തലതിരിച്ചിടാനുള്ള കഴിവ് തങ്ങൾക്കുണ്ടെന്ന് തെളിയിക്കാനാണ് അമേരിക്ക M നെ തിരിച്ചിട്ട് W ആക്കി, മൾട്ടി ലാറ്ററൽ ട്രേയ്ഡ് ഓർഗനൈസേഷൻ എന്ന പേര് അവസാന നിമിഷം മാറ്റിച്ച് വേൾഡ് ട്രേയ്ഡ് ഓർഗനൈസേഷൻ എന്നാക്കിക്കുന്നത്. 1993 ഡിസംബർ 15ന് ഗാട്ട് ആസ്ഥാനത്ത് ഒപ്പിടാനെത്തിയ അംബാസഡർമാർക്ക് വിതരണം ചെയ്ത രേഖയിൽ എംടിഒ എന്നാണ് രേഖപ്പെടുത്തിയിരുന്നത്. M എന്നത് W എന്നാക്കി മാറ്റുകയാണ് എന്ന ഒരു മൈക്കറിയിപ്പ് വഴിയാണ് ഒരട്ടിമറി നടത്തി പുതിയ സംഘടനയുടെ പേര് തന്നെ തിരുത്തിയത് എന്ന് ചക്രവർത്തി രാഘവൻ അന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രവുമല്ല ഡബ്ല്യുടിഒ എന്ന ചുരുക്കപ്പേരിൽ വേൾഡ് ടൂറിസം ഓർഗനൈസേഷൻ എന്ന പേരിൽ മറ്റൊരു സംഘടനയുണ്ട് എന്ന കാര്യം ശക്തമായി അവതരിപ്പിച്ചിട്ടും അമേരിക്കയുടെ അവസാന നിമിഷത്തെ കടുംപിടുത്തം വിജയിക്കുകയായിരുന്നു. കൊണ്ടോയ്ക്കൊന്നതും നീയേ ചാപ്പാ അമേരിക്കൻ മേധാവിത്വമുള്ള ആ സംഘടനയുടെ തർക്കപരിഹാര സമിതിയുടെ ചില നടപടികൾ തങ്ങളുടെ താല്പര്യത്തിന് എതിരായി വരുമെന്ന് കണ്ടതോടെ അതിനെത്തന്നെ നിർവീര്യമാക്കാനായി അവരുടെ ശ്രമം. രാഷ്ട്രങ്ങൾ തമ്മിലുള്ള വാണിജ്യ കാര്യത്തിലുണ്ടാകാവുന്ന തർക്കങ്ങളിൽ ഇടപെട്ട് തീർപ്പ് കല്പിക്കാനും പ്രതിക്രിയാ നടപടികൾ കൈക്കൊള്ളാനും അധികാരമുള്ള ആ സമിതിയെ ചൂണ്ടിക്കാട്ടിയാണ് അന്താരാഷ്ട്രവാണിജ്യം പുഷ്ടിപ്പെടാൻ പോവുകയാണ്, റൂൾബെയ്സ്ഡ് ആയിത്തീരുകയാണ് എന്ന് സാമ്രാജ്യത്വശക്തികൾ വീമ്പിളക്കിയിരുന്നത്. എന്നാൽ ആ തർക്കപരിഹാര സമിതിയുടെ തീരുമാനങ്ങളിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കാനുള്ള അപ്പലറ്റ് ബോഡിയെത്തന്നെ നിർവീര്യമാക്കിക്കൊണ്ടാണ് അമേരിക്ക അതിനെ തകർക്കാൻ ശ്രമിച്ചത്.
ആ ബോഡിയിൽ നിന്ന് ഓരോരുത്തരായി പിരിയുമ്പോഴൊന്നും പകരക്കാരെ വയ്ക്കാൻ സമ്മതിക്കാതെ നീട്ടി നീട്ടിക്കൊണ്ടുപോയി ഇപ്പോൾ അതിന് ക്വാറം തികയ്ക്കാനാവാത്ത അവസ്ഥയിലെത്തിച്ച നാടാണ് അമേരിക്ക. അങ്ങനെ തർക്കപരിഹാര സമിതിയെത്തന്നെ തർക്കവിഷയമാക്കി മാറ്റി അതിനെ നോക്കുകുത്തിയാക്കുന്ന കാര്യത്തിൽ വിജയിച്ചു നിൽക്കുകയാണവർ. ആ തർക്കപരിഹാര സമിതിയുടെ ജൂലായ് 25 യോഗത്തിൽ അപ്പലറ്റ് ബോഡിയുടെ നിയമനം ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയത്തെ തടയാനും അമേരിക്കക്കായി. ഇത് 89-ാം തവണയാണ് അപ്പലറ്റ് ബോഡി നിയമന കാര്യം തർക്കപരിഹാര സമിതിയിൽ ഉയരുന്നത്. 130 അംഗ രാജ്യങ്ങൾ ഒപ്പിട്ട പ്രമേയമാണ് കൊളംബിയ അവതരിപ്പിക്കാൻ മുതിർന്നത്. ആ നിയമനവും ഈ നിയമനവും ആ നിയമന കാര്യത്തിൽ അമേരിക്കൻ നിലപാടിനൊപ്പമായിരുന്ന ഡബ്ല്യുടിഒ ഡയറക്ടർ ജനറൽ എൻഗോസി ഒക്കാഞ്ജോ ഐവീല, ഇപ്പോൾ മറ്റൊരു നിയമനം നടത്തുമ്പോൾ ട്രംപിനോടുള്ള വിനീത ദാസ്യമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. ഇതേ ഒക്കാഞ്ജോവിന്റെ പേര് ഡബ്ല്യുടിഒ തലൈവിയായി നിർദേശിക്കപ്പെട്ടപ്പോൾ, ഇതേ ട്രംപിന്റെ ഭരണകാലത്ത് തന്നെ കടുത്ത എതിർപ്പാണ് അമേരിക്ക ഉയർത്തിയിരുന്നത്. എന്നാലിപ്പോൾ ഏകപക്ഷീയമായ താരിഫ് നിരക്കുകൾ പ്രഖ്യാപിച്ച് ബഹുകക്ഷി ചർച്ചാസംവിധാനമായ ഡബ്ല്യുടിഓവിനെ തകർച്ചയിലേക്ക് നയിക്കുന്ന ട്രംപിന്റെ പരിഷ്കാര നിർദേശങ്ങളെ പിന്തുണയ്ക്കുകയാണവർ. ബൈഡന്റെ കാലത്ത് ഡബ്ല്യുടിവിന്റെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ച അഞ്ജലാ എല്ലാർഡിന് പകരം ജെന്നിഫർ നോർദ് ക്വിസ്റ്റിനെ അവരോധിക്കുന്നതും അതേ ജൂലായ് 25 ന് തന്നെ! ശക്തിയുടെ യുക്തി യുക്തിയുടെ ശക്തിക്ക് മേൽ വിജയം നേടുകയാണ് എന്നർത്ഥം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.