24 January 2026, Saturday

ഉപഭോക്തൃ ശീലത്തിലെ മാറ്റം: ഷോപ്പിങ് മാളുകള്‍ തകര്‍ച്ചയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2025 10:38 pm

ഉദാരവല്‍ക്കരണ കാലഘട്ടത്തില്‍ കുതിച്ചുയര്‍ന്ന രാജ്യത്തെ ഷോപ്പിങ് മാളുകകള്‍ ജഡവസ്തുക്കളായി മാറുന്നുവെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടസി സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി വ്യാപിച്ച് കിടക്കുന്ന 365 മാളുകളില്‍ 20% നാശത്തിന്റെ വക്കിലോ ഉപേക്ഷിക്കപ്പെട്ട നിലയിലോ ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഓണ്‍ലൈന്‍ വ്യാപാരം പിടിമുറുക്കിയതും മാളുകളുടെ തകര്‍ച്ചയ്ക്ക് കാരണമായി. പ്രവര്‍ത്തരഹിതമായ മാളുകള്‍ പുനരുജ്ജീവിപ്പിക്കുന്നതിലൂടെ 350 കോടിയിലധികം രൂപ വാടകയിനത്തില്‍ നേടാമെന്നും നൈറ്റ് ഫ്രാങ്ക് ചൂണ്ടിക്കാട്ടുന്നു. കണ്‍സള്‍ട്ടസി അവലോകനം ചെയ്ത 134 ദശലക്ഷം ചതുരശ്ര അടി വീസ്തീര്‍ണമുള്ള ഷോപ്പിങ് സെന്റര്‍ സ്റ്റോക്കില്‍ 15.5 ദശലക്ഷം ചതുരശ്രയടി വീസ്തീര്‍ണമുള്ള 74 മാളുകളാണ് ഇടം പിടിച്ചത്. ഉപഭോക്തൃ ശീലങ്ങളിലെ മാറ്റങ്ങള്‍, ബ്രാന്‍ഡ് മാറ്റം, അനുഭവ പരിചയമുള്ള റീട്ടെയില്‍ ഫോര്‍മാറ്റുകളോടുള്ള മുന്‍ഗണന എന്നിവയുമായി പൊരുത്തപ്പെടാന്‍ സാധിക്കാതെയാണ് മാളുകള്‍ നിഷ്ക്രിയമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

നാഗ്പൂര്‍ 49%, അമൃത്സര്‍ 41, ജലന്ധര്‍ 34% എന്നിങ്ങനെ മാളുകള്‍ ഒഴിഞ്ഞുകിടക്കുന്നു. എന്നാല്‍ മൈസൂരു, വിജയവാഡ, വഡോദര എന്നിവിടങ്ങളില്‍ മികച്ച വിപണികളായി തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 32 സംസ്ഥാനങ്ങളിലും റീട്ടെയില്‍ ഒഴിവുകളുടെ ശരാശരി 15.4% ആണ്. സാധാരണയായി ഇത്തരം അസന്തുലിതാവസ്ഥ നിലനിൽക്കുമ്പോൾ തിരുത്തൽ വളരെ വേഗത്തില്‍ സംഭവിക്കുമെന്നും ഇത് പലപ്പോഴും ആളുകളെ അത്ഭുതപ്പെടുത്തുമെന്നും ബ്ലിങ്കിറ്റ് സിഇഒ ആൽബിന്ദർ ദിൻഡ്‌സ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.