22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 17, 2024
October 12, 2024
October 11, 2024
October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024

ചാങ്താങ്ങിലെ വൈദ്യുതപദ്ധതി ദുരൂഹം; മോഡി സര്‍ക്കാരിനെതിരെ പ്രതിഷേധം

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2024 3:42 pm

ലഡാക്കിലെ ചാങ്താങ്ങില്‍ 13 ജിഗാവാട്ടിന്റെ പുനരുപയോഗ ഊര്‍ജ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നതില്‍ ആ­ശങ്കയുമായി പ്രദേശവാസികള്‍. കാലാവസ്ഥ മാറ്റത്തിനനുസരിച്ചുള്ള തങ്ങളുടെ കുടിയേറ്റത്തെ ബാധിക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് ആടുകളെ മേയ്ക്കാനായി ചാങ്പാസ് എന്നറിയപ്പെടുന്ന ഇടയന്മാര്‍ പാങ് മേഖലയിലെ പച്ചപ്പുള്ള മേച്ചില്‍പ്പുറങ്ങള്‍ തേടിപ്പോകുന്നത്. മഞ്ഞുകാലം ആരംഭിക്കുന്നതുവരെ ഇത് തുടരും. പുതിയ പദ്ധതി തങ്ങളെ മേച്ചില്‍പ്പുറങ്ങളില്‍ നിന്ന് പുറത്താക്കുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ആറ് മാസത്തെ വേനല്‍ക്കാലത്താണ് പാങ് മേഖലയില്‍ ചെലവഴിക്കുന്നതെന്ന് സമദ് റോക്ചന്‍ ഗ്രാമമുഖ്യന്‍ ലുന്‍ഡപ്പ് ഗ്യാറ്റ്സോ പറയുന്നു. പദ്ധതിക്കായി മേച്ചില്‍പ്പുറങ്ങള്‍ ഏറ്റെടുത്താല്‍ തങ്ങള്‍ക്ക് ആടുകളെ മേയ്ക്കാനൊക്കില്ലെന്നും ആഹാരം ലഭിക്കാതെ അവ ചത്തുപോകുമെന്നും അങ്ങനെ ചാങ്പാസ് എന്ന സമൂഹം തന്നെ അപ്രത്യക്ഷമാകുമെന്നും ഇവര്‍ ഭയപ്പെടുന്നു. 

ജനുവരിയില്‍ ഇവിടെ നിന്ന് 150 കിലോമീറ്റര്‍ വടക്ക് വലിയ പ്രതിഷേധം നടന്നു. ലഡാക്കിന് പൂര്‍ണ സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം പട്ടികയ്ക്ക് കീഴിലുള്ള സംരക്ഷണവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ജനങ്ങള്‍ തലസ്ഥാനമായ ലേയില്‍ ഒത്തുകൂടി. വന്‍കിട വ്യവസായികള്‍ വികസന പദ്ധതികള്‍ക്കായി ചാങ്താങ്ങിലെ മേച്ചില്‍പ്പുറങ്ങള്‍ ഏറ്റെടുക്കുന്നുണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും മാര്‍ച്ചിനെത്തിയവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയായിരുന്നു സന്നദ്ധ സംഘടനയായ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ‍്സ് സ്ഥാപക ഡയറക്ടര്‍ സോനം വാങ്ചുക് കാലാവസ്ഥ ഉപവാസം ആരംഭിച്ചത്. ഇത് ദേശീയ‑അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി. ഈ മാസം ഒന്നിന് ഇതേ ആവശ്യം ഉന്നയിച്ച് വാങ്ചുകും മറ്റ് 150 പേരും രാജ്യതലസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. നിലവില്‍ വാങ്ചുകിന്റെ സമരം ഡല്‍ഹിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഒരു പ്രദേശത്തെ ആറാമത്തെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ ആദിവാസി മേഖല, അല്ലെങ്കില്‍ സ്വയംഭരണ ജില്ലയായി മാറും. അവിടെ ചില മേഖലകളിലെ നിയമനിര്‍മ്മാണ, ജുഡീഷ്യല്‍, എക്സിക്യൂട്ടീവ്, സാമ്പത്തിക തീരുമാനങ്ങള്‍ സ്വതന്ത്രമായി നടപ്പിലാക്കാന്‍ അധികാരമുള്ള പ്രാദേശിക കൗണ്‍സിലുകള്‍ സ്ഥാപിക്കാനാകും. അതുകൊണ്ട് ആറാം പട്ടികയും പരിസ്ഥിതി പ്രശ്നവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. മോഡി സര്‍ക്കാരിന് വലിയ തലവേദനയായിരിക്കുകയാണ് ഈ പ്രതിഷേധം. ഒമ്പത് ജിഗാ വാട്ട് സൗരോര്‍ജവും നാല് ജിഗാ വാട്ട് കാറ്റില്‍ നിന്നുള്ള വൈദ്യുതിയും ഉല്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ വൈദ്യുതി 713 കിലോമീറ്റര്‍ അകലെയുള്ള ഹരിയാനയിലെത്തിച്ച് ദേശീയ ഗ്രിഡില്‍ സംയോജിപ്പിക്കും. പക്ഷെ, പദ്ധതി സര്‍ക്കാര്‍ നടത്തുമോ, സ്വകാര്യ സ്ഥാപനത്തിന് കൊടുക്കുമോ എന്ന് വ്യക്തമല്ല. 

സോനം വാങ്ചുക് വീണ്ടും നിരാഹാരസമരം തുടങ്ങി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ നടപടിയില്‍ പ്രതിഷേധിച്ച് വീണ്ടും നിരാഹാര സമരം ആരംഭിച്ച് പരിസ്ഥിതി പ്ര­വർത്തകൻ സോനം വാങ്ചുക്. ജന്തർമന്ദ­റിൽ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ലഡാക്ക് ഭവനിലാണ് നിരാഹാര സമരം. വാങ്ചുക് ഉള്‍പ്പെടെ 18 പേര്‍ ഇന്നലെ മു­തല്‍ ലഡാക്ക് ഭവന്റെ ഗേറ്റിന് മുന്നില്‍ നിരാഹാരസമരപന്തലിലുണ്ട്. ലഡാക്കിനെ രക്ഷിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് സമരം. ലഡാക്കിന് സ്വയംഭരണാവകാശമടക്കം ആവശ്യങ്ങളുമായി ഡൽഹി പദയാത്രയ്ക്കെത്തിയ വാങ്ചുകിനെയും സംഘത്തെയും ക­ഴിഞ്ഞദിവസം ഡ­ൽഹി പൊലീസ് തടയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും വാങ്ചുക് ക­ത്തയച്ചിരുന്നു. ജന്തർമന്ദ റിൽ സമരമിരിക്കാൻ അനുമതി നൽകണമെന്നും വാങ്ചുക് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനും അനുമതി നിഷേധിച്ചതോടെയാണ് ലഡാക്ക് ഭവനില്‍ തന്നെ നിരാഹാരമിരിക്കാൻ തീരുമാനിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.