22 January 2026, Thursday

കഠ്‌വ ബലാത്സംഗക്കേസ് ശുഭം സാംഗ്രയ്ക്കെതിരെ കുറ്റപത്രം

Janayugom Webdesk
ശ്രീനഗര്‍
January 8, 2023 10:59 pm

കഠ്‌വ കൂട്ട ബലാത്സംഗ, കൊലപാതകക്കേസില്‍ പ്രതി ശുഭം സാംഗ്രയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കഠ്‌വ ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെയാണ് ജമ്മു കശ്മീര്‍ പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം കുറ്റപത്രം സമര്‍പ്പിച്ചത്. വിഷയം ഈ മാസം 24ന് വീണ്ടും പരിഗണിക്കും. 2018ലാണ് കഠ്‌വയില്‍ എട്ട് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്.
കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തടങ്കലില്‍ വയ്ക്കല്‍ തുടങ്ങിയകുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. 2018ലെ സുപ്രീം കോടതി വിധി പ്രകാരം പഞ്ചാബിലെ പഠാന്‍കോട്ട് കോടതിയിലാണ് വിചാരണ നടക്കുക. 

നവംബര്‍ 16നാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റും ജമ്മു കശ്മീർ ഹൈക്കോടതിയും പ്രായപൂര്‍ത്തിയായിട്ടില്ലെന്നു വിധിച്ച പ്രതിയെ മുതിര്‍ന്ന ആളായി തന്നെ കണക്കാക്കി വിചാരണ നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനെത്തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ നിന്ന് പ്രതിയെ കഠ്‌വ ജയിലിലേക്ക് മാറ്റിയിരുന്നു. കുറ്റകൃത്യത്തില്‍ സാംഗ്രയുടെ പങ്ക് കുറ്റപത്രത്തില്‍ വിശദീകരിച്ചിട്ടുണ്ട്. എട്ട് വയസുകാരിക്ക് ബലമായി അമിത അളവില്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികാതിക്രമവും കൊലപാതകവും ചെറുക്കുന്നതിന് പ്രാപ്തിയില്ലാതാക്കിയത് സാംഗ്ര ആണെന്ന് ക്രൈം ബ്രാഞ്ച് പറയുന്നു.

രാജ്യമെങ്ങും പ്രതിഷേധമുയര്‍ത്തിയ സംഭവമായിരുന്നു കഠ്‌വ ബലാത്സംഗക്കേസ്. 2018 ജനുവരി 10നാണ് ബക്കര്‍വാള്‍ നാടോടി സമുദായത്തിൽ പെട്ട പെൺകുട്ടിയെ കാണാതാവുന്നത്. വീടിനു സമീപത്തായി തന്റെ കുതിരകളെ തീറ്റാൻ കൊണ്ടുപോയ കുട്ടിയെ പ്രതികളിൽ ഒരാളായ 19കാരൻ കാണാതായ കുതിരയെ കണ്ടെത്താൻ സഹായിക്കണമെന്നു പറഞ്ഞാണ് കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ ക്ഷേത്രത്തിലെത്തിച്ച് കൂട്ട ബലാത്സംഗം ചെയ്തു.
ജനുവരി 14ന് കല്ലുകൊണ്ട് തലയ്ക്കിടിച്ചു പെൺകുട്ടിയെ കൊലപ്പെടുത്തി. ജനുവരി 17ന് ക്ഷേത്രത്തിനു സമീപത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. പ്രത്യേക വിചാരണ കോടതി കേസിലെ മൂന്നു പ്രതികളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. എന്നാല്‍ സാംഗ്രയ്ക്കു പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ട് കേസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലേക്കു കൈമാറുകയായിരുന്നു. 

Eng­lish Sum­ma­ry: Charge sheet against Sub­ham San­gra in Kath­wa rape case

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.