21 November 2024, Thursday
KSFE Galaxy Chits Banner 2

ചേലക്കര ഇടറാതെ ഇടതിനൊപ്പം

ബിനോയ് ജോര്‍ജ് പി 
ചേലക്കര
November 8, 2024 11:18 pm

ഇടതുമുന്നണി വിജയം കയ്യെത്തും ദൂരത്താണെന്ന് പറയാന്‍ മൂന്നു പതിറ്റാണ്ടോളമെത്തുന്ന മണ്ഡലത്തിന്റെ വികസനരേഖ തന്നെ ധാരാളമാണ്. ഇക്കാലയളവില്‍ പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ സംഭവിച്ച മുന്നേറ്റത്തെക്കുറിച്ച് പുറത്തുള്ളവരെക്കാള്‍ തദ്ദേശവാസികള്‍ക്കറിയാം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ നെട്ടോട്ടത്തില്‍ അവയെല്ലാം ഓര്‍മ്മിപ്പിക്കുക മാത്രം മതി ഇടതുപക്ഷത്തിന് വിജയം ഉറപ്പിക്കാന്‍. 

1996 മുതല്‍ മണ്ഡലത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ ഭാഗ്യമുണ്ടായ കെ രാധാകൃഷ്ണനൊപ്പം 2016ല്‍ യു ആര്‍ പ്രദീപ് കൂടി ചേര്‍ന്നപ്പോള്‍ ഒരു നാടിനായി ചെയ്യാനാകുന്നതെല്ലാം അവര്‍ ചെയ്തു. ഗതാഗതത്തിന് ആവശ്യമായത്, അത് പാലമായാലും റോഡായാലും പൂര്‍ത്തീകരിക്കാന്‍ ഇവര്‍ക്കായി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ പ്രചരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഊഴം വച്ചാണ് എത്തുന്നത്. മികച്ച സംഘടനാ സംവിധാനവും പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യവും പ്രചരണം ശക്തമാക്കുന്നു.
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനാണ് പ്രധാന ചുമതല. മന്ത്രി കെ രാജന്‍ പ്രചരണത്തിന്റെ ആദ്യഘട്ടം മുതല്‍ സജീവമാണ്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, ടി എം തോമസ് ഐസക് തുടങ്ങിയവരെല്ലാം സജീവമായെത്തുന്നുണ്ട്. ഇന്നും നാളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചേലക്കരയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. രണ്ടാം തവണയാണ് മുഖ്യമന്ത്രിയെത്തുന്നത്. 

1967മുതല്‍ 1996 വരെ ഒറ്റത്തവണ ഒഴികെ ചേലക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നിയമസഭയിലെത്തിയെങ്കിലും നാടിനും നാട്ടാര്‍ക്കും ഗുണമൊന്നും ഉണ്ടായില്ലെന്നതാണ് അനുഭവം. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ 96ന് ശേഷമുള്ള ഇടതുമുന്നണിയുടെ വികസനജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യക്തമാകും. വിദ്യാഭ്യാസം, പൊതുഗതാഗതം, ആരോഗ്യം, കൃഷി എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങള്‍ ചില ഉദാഹരണങ്ങള്‍മാത്രം. 2021ല്‍ ഇടതുമുന്നണിയിലെ കെ രാധാകൃഷ്ണന്‍ ഇവിടെ നിന്നും വിജയിച്ചത് 83,415 വോട്ട് നേടിയാണ്. (54.41 ശതമാനം) കോണ്‍ഗ്രസിലെ സി സി ശ്രീകുമാറിന് 44,015 വോട്ടു മാത്രമാണ് ലഭിച്ചത്. രാധാകൃഷ്ണന്റെ ഭൂരിപക്ഷം 39,400.

ചേലക്കരയും ദേശമംഗലവും കൊണ്ടാഴിയും പാഞ്ഞാളും വരവൂരും ഉള്‍പ്പെടെ ഒമ്പത് പഞ്ചായത്തുകള്‍ ചേര്‍ന്ന കാര്‍ഷിക മേഖലയായ മണ്ഡലത്തില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2,13,103 വോട്ടര്‍മാരുണ്ട്. നിയമസഭാ മണ്ഡലം ഉള്‍പ്പെടുന്ന ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ എംപി രമ്യ ഹരിദാസ് ഇത്തവണത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുകയുമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ വലിയ കലഹങ്ങള്‍ തുടരുകയാണ്. 

രമ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ശക്തമായ പ്രതിഷേധവുമായി കെപിസിസി സെക്രട്ടറിയായിരുന്ന എന്‍ കെ സുധീര്‍ വിമതനായി മത്സരരംഗത്തുണ്ട്. എംപിയായിരുന്നപ്പോള്‍ തൃശൂര്‍ ജില്ലാ നേതൃത്വത്തെ അവഗണിച്ചുവെന്നും മണ്ഡലത്തിനായി ഒന്നും ചെയ്യാനായില്ലെന്നുമുള്ള വിമര്‍ശനവും കോണ്‍ഗ്രസിലും യുഡിഎഫിലും ഉയരുന്നുണ്ട്. ഇതെല്ലാം കോണ്‍ഗ്രസിന്റെ വിജയപ്രതീക്ഷയെ ഇല്ലാതാക്കുമെന്നാണ് നിരീക്ഷണം. 

ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണന്‍ മത്സരിക്കുന്നുവെന്നല്ലാതെ മറ്റു പ്രതീക്ഷകളൊന്നും അവര്‍ക്കിവിടെയില്ല. 2021ല്‍ ബിജെപിക്ക് 15.68 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മാത്രമല്ല, കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി സംസ്ഥാന‑ജില്ലാ നേതൃത്വത്തിന്റെ പങ്ക് ഓഫിസ് സെക്രട്ടറിയായിരുന്ന സതീശന്‍ വെളിപ്പെടുത്തിയത് കൂടുതല്‍ തിരിച്ചടിയായിട്ടുമുണ്ട്. 

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.