റുതുരാജ് ഗെയ്ക്‌വാദിന് പരിക്കേറ്റതോടെ വീണ്ടും ക്യാപ്റ്റന്‍ വേഷമണിഞ്ഞ് എം എസ് ധോണി കളത്തിലിറങ്ങിയിട്ടും ചെന്നൈ സൂപ്പര്‍ കിങ്സിന് രക്ഷയില്ല. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 29 പന്തില്‍ 31 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. കൊല്‍ക്കത്തയ്ക്കായി സുനില്‍ നരെയ്ന്‍ നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
ഓപ്പണര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനായില്ല. സ്കോര്‍ 16ല്‍ നില്‍ക്കെ ഡെവോണ്‍ കോണ്‍വെയെ ആദ്യം നഷ്ടമായി. 11 പന്തില്‍ 12 റണ്‍സെടുത്താണ് താരം പുറത്തായത്. ഇതേ സ്കോറില്‍ തന്നെ മറ്റൊരു ഓപ്പണറായ രചിന്‍ രവീന്ദ്രയെയും മടക്കി ചെന്നൈയെ പ്രതിരോധത്തിലാക്കി. മൂന്നാമനായെത്തിയ രാഹുല്‍ ത്രിപാഠിക്ക് സ്കോര്‍ ഉയര്‍ത്താനായില്ല. 22 പന്തില്‍ 16 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. വിജയ് ശങ്കര്‍ പൊരുതിയെങ്കിലും അധികനേരം നീണ്ടുനിന്നില്ല. 21 പന്തില്‍ 29 റണ്‍സെടുത്ത് താരം പുറത്തായി. ആര്‍ അശ്വിന്‍ (ഒന്ന്), രവീന്ദ്ര ജഡേജ (പൂജ്യം), ദീപക് ഹൂഡ (പൂജ്യം) എന്നിവര്‍ നിരാശപ്പെടുത്തി. 14.2 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലായി ചെന്നൈ. പിന്നാലെ എം എസ് ധോണി ക്രീസിലെത്തി. നാല് പന്തില്‍ ഒരു റണ്‍ എടുത്ത ധോണിയെ സുനില്‍ നരെയ്ന്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.