നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ ഫെബ്രുവരി 12 വരെ റിമാന്‍ഡ് ചെയ്തു. തന്റെ ജീവിത മാര്‍ഗം തടസ്സപ്പെടുത്തിയതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതി കോടതിയില്‍ പറഞ്ഞ്. തന്നെ 100 വര്‍ഷം ശിക്ഷിച്ചോളൂവെന്നും ഉടന്‍ തന്നെ ശിക്ഷ വിധിക്കണമെന്നും ചെന്താമര പറഞ്ഞു. തനിക്ക് ചില കാര്യങ്ങള്‍ കോടതിയോട് പറയാനുണ്ടെന്ന് ചെന്താമര അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു.
തനിക്ക് ആരോടും പരാതിയില്ലെന്നും ഉദ്ദേശിച്ച കാര്യം പൂര്‍ത്തിയാക്കിയെന്നും ഇയാള്‍ കോടതിയോട് പറഞ്ഞു. മകള്‍ എഞ്ചിനീയറാണെന്നും മരുമകന്‍ ക്രൈംബ്രാഞ്ചിലാണെന്നും അവരുടെ മുന്നില്‍ തല കുനിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ എത്രയും പെട്ടന്ന് തനിക്ക് ശിക്ഷ വിധിയ്ക്കണമെന്നും ചെന്താമര പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇയാളെ കോടതിയില്‍ എത്തിച്ചത്. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചെന്താമരയെ ആലത്തൂര്‍ സബ് ജയിലിലേക്ക് മാറ്റും.
മനസ്താപമില്ലാത്ത പ്രതിയാണ് ചെന്താമരയെന്നും തന്റെ പദ്ധതി പൂര്‍ത്തിയാക്കിയതില്‍ അയാള്‍ക്ക് സന്തോഷം ഉണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വളരെ ആസൂത്രിതമായാണ് പ്രതി കുറ്റകൃത്യം നടത്തിയത്. ഇതിനായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കൊടുവാള്‍ വാങ്ങിയിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.