28 December 2025, Sunday

ചെര്‍ണ്ണോബിയന്‍ ചുംബനം

അജുസ് കല്ലുമല
ചെറുകഥ
January 19, 2025 7:15 am

പ്രേത നഗരത്തിലെ നെഗറ്റീവ് എനര്‍ജിതേടി… യൂട്യൂബ് ചാനലിലെ വീഡിയോയുടെ കവര്‍ഫോട്ടോ കണ്ടാണ് വീഡിയോ പ്ലേ ചെയ്തത്. ആണവ റിയാക്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഇന്നും അരക്ഷിതാവസ്ഥയില്‍ തുടരുന്ന ചെര്‍ണോബിനെ കാണിച്ചു തരികയാണ് മലയാളി വ്‌ളോഗര്‍. ചാനല്‍കാഴ്ചയെ മറച്ച് ഫോണ്‍ സ്‌ക്രീനില്‍ ഇന്‍കമിങ് കോള്‍ വന്നു.
‘ജിത്ത് വക്കീല്‍…’ മുകളിലേക്കും താഴേക്കും തുള്ളിക്കളിക്കുന്ന പച്ചബട്ടണില്‍ മുകളിലേക്ക് നീക്കി ഫോണ്‍ ചെവിയോട് അടുപ്പിച്ചു.
”ആഹ്… വക്കീലേ പറ…”
”നീ ഇതെവിടെ…? ഞാന്‍ വൈകിട്ട് ആറര മുതല്‍ വിളിക്കയാ… വന്ന് വന്ന് നിന്റെ ഫുള്‍ റേഞ്ചും പോയോടാ…?”
”ഹോ… ഇനിയെന്തിനാടാ ജിത്തേ നമുക്കീ റേഞ്ചൊക്കെ… ലൈഫ് ഫുള്‍ ഡാര്‍ക്കാവാന്‍ പോവല്ലേ…”
”ഹെന്റെ പൊന്നെഡാ… നിന്നോട് ഞാന്‍ ഇന്നലെകൂടി പറഞ്ഞതല്ലേ ഇങ്ങനെ ഡാര്‍ക്ക് അടിക്കല്ലെന്ന്… എടാ ഇതൊക്കെ സര്‍വ സാധാരണല്ലേ…”
”ആഹ്… നിനക്കറിയാല്ലോടാ ജിത്തേ… നമ്മുടെ കോളജിലൊക്കെ ഞാനൊക്കെ എന്ത് ഹാപ്പിയായിരുന്നെന്ന്. ശരിക്കും ഭൂമിയിലെ സ്വര്‍ഗമെന്ന് പറയുന്നത് കോളജ് ജീവിതമാടാ.”
”ങാ… ബെസ്റ്റ്. എന്റെ മോളിത് കേള്‍ക്കണ്ട. ഇപ്പോഴത്തെ കുട്യോള്‍ക്ക് കോളജ് ലൈഫൊക്കെ വെറും തടവറയാണെടാ. അത് വിട്… നീ രാവിലെ ഏഴരയ്ക്ക് വീട്ടിലേക്ക് പോന്നേക്ക്. എന്റെ വണ്ടിയില്‍ കോടതിയിലേക്ക് പോകാം. ഇനി ഇത് പറഞ്ഞ് വിളിക്കണ്ട. മണി പത്തിരുപതായി ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഗുഡ് നൈറ്റ്.” വക്കീല്‍ ഫോണ്‍ കട്ട് ചെയ്തു.

ക്ലോക്കിലേക്ക് നോക്കിയത് അപ്പോഴാണ്. ക്ലോക്കില്‍ 10.30 ആയിരിക്കുന്നു സമയം. പത്ത് മിനിറ്റ് ഫാസ്റ്റാക്കി വെച്ചാലേ കൃത്യസമയത്ത് ഓഫീസിലേക്ക് ഇറങ്ങാന്‍ കഴിയൂ എന്ന് പറഞ്ഞ് ക്ലോക്ക് ഫാസ്റ്റാക്കി വെച്ചതാണ്.
ഒറ്റക്കുള്ളതുകൊണ്ടാവാം സമയം മുന്നോട്ട് പോകുന്നത് തീരെ അറിയുന്നില്ല. ഒരു ജീബി തീര്‍ന്നു, ഒന്നര ജീബി തീര്‍ന്നു എന്നൊക്കെ സിം കമ്പനിയുടെ മുന്നിറിയിപ്പ് വരുമ്പോഴാണ് ഫോണ്‍ സ്‌ക്രീനില്‍ കണ്ണുനട്ടിരുന്നിട്ട് എത്രയായെന്നറിയുന്നത് തന്നെ.
വിശപ്പില്ല, കിടക്കുക തന്നെ. ജനാലയുടെ കര്‍ട്ടന്‍ ഭദ്രമായി ഭിത്തിയോട് രണ്ടുവശവും ചേര്‍ത്തിട്ടു. ഉണരുമ്പോള്‍ ഇരുട്ടില്‍ ജനാലയിലൂടെ ചെറുതായെങ്കിലും വെളിച്ചം വരുമ്പോള്‍ വല്ലാത്ത അന്ധാളിപ്പുണ്ടാകാറുണ്ട്.

കട്ടിലില്‍ കിടക്കുമ്പോഴും ഫോണ്‍ കയ്യിലുണ്ടായിരുന്നു. സ്‌ക്രീന്‍ വെളിച്ചത്തില്‍ തലയിണ രണ്ടെണ്ണമെടുത്തു. ഒന്ന് തലയില്‍ വയ്ക്കാനും മറ്റൊന്ന് വെറുതെ മാറോട് ചേര്‍ത്ത് കിടക്കാനും. എന്ത് കടുത്ത പ്രണയതീവ്രവാദിയായിരുന്നു സന്ധ്യയെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. തിരക്കു പിടിച്ച ഓഫിസ് ജീവിതത്തില്‍ അവള്‍ക്ക് ആ തീവ്രതയ്‌ക്കൊപ്പം പ്രണയം കൊടുക്കാന്‍ കഴിയാതെ വന്നത് തന്നെയാണ് തെറ്റ്… അതോര്‍ത്തപ്പോള്‍ കണ്ണുകളിലേക്ക് ചുടു കണ്ണീര്‍ ഇരച്ചെത്തി.
ഗോപൂട്ടന്റെ കുഞ്ഞിക്കൈ പിടിച്ച് സന്ധ്യയ്‌ക്കൊപ്പം ടൗണിലൂടെ നടക്കുമ്പോള്‍ ഇപ്പോ സൈക്കിള്‍ വാങ്ങി കൊടുക്കണമെന്ന് പറഞ്ഞ് ഗോപൂട്ടന്‍ കരഞ്ഞത്. അന്നവന്റെ കണ്ണുകളില്‍ നിന്ന് കണ്ണീര്‍ഗോളങ്ങള്‍ കവിളിലൂടെ ഒഴുകിയിറങ്ങിയത്… അന്നെടുത്ത തീരുമാനമാണ് ഒരിക്കലും ഗോപൂട്ടന്റെ കണ്ണ് നിറയുവാന്‍ അനുവദിക്കരുതെന്ന്. അഞ്ചാം ക്ലാസിലെത്തുമ്പോള്‍ സൈക്കിള്‍ വാങ്ങി നല്‍കാമെന്ന വാക്ക് പാലിച്ചപ്പോള്‍ അവന്റെ കണ്ണുകള്‍ നിറഞ്ഞത്… ഒടുവില്‍ രണ്ട് വര്‍ഷം മുമ്പ് സന്ധ്യയുടെ അച്ഛന്റെ കൈപിടിച്ച് അവനീ വീടിന്റെ പടികളിറങ്ങുമ്പോള്‍ നിറഞ്ഞൊഴുകിയ അവന്റെ കണ്ണുകളെ തുടച്ചുമ്മവയ്ക്കാനാവാതെ അവന്റെ സൈക്കിളിനെ പോലെ വിറങ്ങലിച്ച് ഭിത്തിയില്‍ ചാരി നിന്നത്…

സന്ധ്യയുടെ കവിളിലെ നുണക്കുഴി ചിരിക്കുമ്പോള്‍ കൂടുതല്‍ ഭംഗിയാകുമായിരുന്നു. ആഹാരം കഴിക്കുമ്പോള്‍ ആ നുണക്കുഴി അവളുടെ കവിളിണകളില്‍ നൃത്തം വയ്ക്കുന്നതായി തോന്നാറുണ്ടായിരുന്നു. കൗതുകത്തോടെ അതുനോക്കിയിരിക്കലും, അവളുടെ ചിരികാണാന്‍ കുസൃതി പറയലുമൊക്കെയായി ഒരുനാളുണ്ടായിരുന്നു. ഒന്നിച്ച് ആഹാരം കഴിക്കാനിരുന്നാല്‍ സമയമെത്രപോകുന്നെന്ന് ചിന്തിക്കാറേയില്ലായിരുന്നു.
”ഏട്ടന്‍ എന്റെ മുഖത്തേക്ക് നോക്കിയിട്ടെത്രയായെന്നറിയോ…” പരിഭവിച്ച് വിറയ്ക്കുന്ന ചുണ്ടുകളോടെ അവള്‍ ചോദിച്ചത്.
വിവാഹം കഴിക്കുമ്പോള്‍ ബിഎഡിന് അഡ്മിഷന്‍ ശരിയായിരിക്കയായിരുന്നു. പിന്നീട് പോവേണ്ടന്ന് പറഞ്ഞതും അക്ഷന്തവ്യമായ തെറ്റുതന്നെയായിരുന്നു എന്നുള്ളതും മനസിുലാവുന്നുണ്ട്.
”ഏട്ടന്‍ ഓഫീസില്‍ക്ക് പോകുമ്പോള്‍ ഈ വീട്ടില്‍ ഞാന്‍ തനിച്ച് ആരോടും മിണ്ടാനില്ലാതെ.. എത്രന്ന് വെച്ചാ ഗസലുകള്‍ കേള്‍ക്കണത്, പുസ്തകങ്ങള്‍ വായിക്കണത്. ഒരു മെസേജ് അയച്ചാല്‍ കൂടി ഏട്ടന്‍ നോക്കാറില്ല. ഏട്ടന് സമയം കിട്ടുമ്പോള്‍ മാത്രം വിളിക്കും. മടുത്തേട്ടാ. ടൈംടേബിള്‍ വെച്ചുള്ള ഈ ജീവിതം മടുത്തേട്ടാ.”
സന്ധ്യയുടെ വാക്കുകള്‍ മുറിയുടെ ചുവരുകളില്‍ പ്രതിധ്വനിക്കുന്നു. നുണക്കുഴിയുള്ള അവളുടെ കവിളില്‍ അമര്‍ത്തിയൊരു ചുംബനം കൊടുത്ത്, ‘പോട്ടെട്ടോ, നമുക്ക് ശരിയാക്കാഡോ…’ എന്ന് പറയുവാന്‍…
കോടതിവരാന്തയില്‍ തിരക്ക് കുറവായിരുന്നു. അവസാനം എടുത്ത കേസ് ഇതായിരുന്നു. വക്കീല്‍ ജിത്തിന്റെ തോളില്‍ കൈവെച്ച് വേച്ചുവീഴാതെ നില്‍ക്കയായിരുന്നു.
”എന്താവാന്‍, ഡിവോഴ്‌സ് ആയി. അല്ലാതെന്താ. ശരിയെടാ…ബൈ…”
”അങ്കമാലീന്ന് അരുണായിരുന്നു…” മുഖത്തേക്ക് നോക്കാതെ പറഞ്ഞിട്ട് വക്കീല്‍ ഫോണ്‍ കട്ട് ചെയ്ത് പോക്കറ്റിലേക്കിട്ടു.
സന്ധ്യയുടെ കണ്ണുകള്‍ കോടതി വരാന്തയ്ക്കപ്പുറത്തെ വാകമരത്തിലായിരുന്നു. അവളുടെ കവിളിലെ നുണക്കുഴി വെറുപ്പും സങ്കടവും കൊണ്ട് മാഞ്ഞ് പോയിരിക്കുന്നു. പിണങ്ങുമ്പോള്‍ പണ്ടും അങ്ങനെയായിരുന്നു… ആ കവിളിലൊരു ചുംബനം കൊടുത്താല്‍ ഇത്രനാളുമീ ചുംബനം എവിടായിരുന്നേട്ടാ… എന്ന് ചോദിച്ച് നിറകണ്ണുകളോടെ അവളുടെ ഒരു നോട്ടമുണ്ടായിരുന്നു. നിറമിഴികളിലും ചുംബിച്ച് പിണക്കമൊക്കെ മാറ്റി ഇറുകെ പുണരാന്‍ ഇനി…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.