16 December 2025, Tuesday

ചെവല്ല അപകടം: റോഡുകളില്‍ ടിപ്പറുകള്‍ വീണ്ടും കൊലയാളികളാകുന്നത് എന്തുകൊണ്ട്?

Janayugom Webdesk
അമരാവതി
November 3, 2025 10:18 pm

ഈ വര്‍ഷം ഇതുവരെ സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ 200-ലധികം പേര്‍ മരിക്കുകയും 600-ലധികം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തെ ചെവല്ല മണ്ഡലത്തിലെ ഖാനാപൂര്‍ ഗേറ്റിന് സമീപം കഴിഞ്ഞദിവസം ഉണ്ടായ ടിപ്പര്‍ അപകടം തെലങ്കാനയിലുടനീളം ഞെട്ടലുണ്ടാക്കിയിരിക്കുന്നു.

അപകടങ്ങളില്‍ വലിയൊരു ശതമാനം ടിപ്പറുകളും ട്രാക്ടറുകളും ഓട്ടോകളും ഉണ്ടാക്കിയതാണ്. റോഡുകളില്‍ ടിപ്പര്‍ ഡ്രൈവര്‍മാര്‍ ലൈസന്‍സുള്ള കൊലയാളികളായി മാറിയോ എന്ന ചോദ്യം പല കോണില്‍ നിന്നും ഉയരുന്നുണ്ട്. ഇവര്‍ അപകടകരമായ രീതിയില്‍ അമിത വേഗതയിലാണ് വാഹനം ഓടിക്കുന്നത്. വാഹന ഉടമകളുടെ അത്യാഗ്രഹമാണ് ഇതിന് കാരണമെന്ന് പറയുന്നു. കൂടുതല്‍ സര്‍വീസ് നടത്തി കൂടുതല്‍ വരുമാനം നേടാനായി ഡ്രൈവര്‍മാരില്‍ ഇവര്‍ ചെലുത്തുന്ന സമ്മര്‍ദം, നിയമപാലനത്തിലെ വീഴ്ച, റോഡിലെ അപാകതകള്‍, വ്യാപകമായ അഴിതമി, ഡ്രൈവര്‍മാരുടെ മോശമായ പെരുമാറ്റം എന്നിവയെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നു.

അമിത വേഗത അപകടങ്ങള്‍ക്കുള്ള പ്രധാനകാരണമാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടും സര്‍ക്കാര്‍ ഫലപ്രദമായ നടപടി സ്വീകരിക്കാതിരിക്കുന്നത് വലിയ പരാജയമായി മാറുകയാണെന്ന് എഐടിയുസി നേതാവ് രവീന്ദ്രനാഥ് പറഞ്ഞു. ടിപ്പറുകള്‍ക്ക് വേഗത നിയന്ത്രണങ്ങളും റൂട്ട് മാര്‍ഗനിര്‍ദേശങ്ങളും നടപ്പാക്കിയിരുന്നെങ്കില്‍ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നു. അതില്ലാത്തതിനാല്‍ മറ്റേത് വാഹനത്തെയും പോലെ ടിപ്പറുകളും തിരക്കേറിയ സമയങ്ങളില്‍ റോഡുകളിലൂടെ പായുന്നു.

ഇത് ഗുരുതരമായ അപകടങ്ങള്‍ സൃഷ്ടിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ടിപ്പറുകള്‍ക്ക് പ്രത്യേക പാതകള്‍ ഇല്ലാത്തതും സ്പീഡ് ഗണ്ണുകളുടെ അഭാവവും പ്രശ്നം കൂടുതല്‍ വഷളാക്കുന്നു. ടിപ്പറുകളുടെ സഞ്ചാര സമയം രാത്രിയിലാക്കുകയും അറ്റകുറ്റപ്പണികളും പരിശോധനകളും ഉറപ്പാക്കുകയും വേണം. വേഗം നിയന്ത്രിക്കുന്ന ഉപകരണമായ സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കണം. സംസ്ഥാന ജില്ലാ തലങ്ങളില്‍ ടിപ്പറുകളുടെ പാതകള്‍ ഗതാഗത വകുപ്പ് വ്യക്തമായി നിര്‍വചിക്കണം. വേഗപരിധി നിശ്ചയിക്കണം. അമിതഭരം കയറ്റാന്‍ അനുവദിക്കരുത്. നിലവില്‍ ഇതൊന്നും നടപ്പാക്കുന്നില്ല. നിയമങ്ങളുണ്ടെങ്കിലും ശിക്ഷാനടപടികളില്ലാത്തതിനാല്‍ ഡ്രൈവര്‍മാര്‍ അവ അവഗണിക്കുന്നു.

ഓരോ ട്രിപ്പുകള്‍ക്ക് അനുസരിച്ച് വാഹന ഉടമകള്‍ പണം നല്‍കുന്നത് ടിപ്പര്‍ ഡ്രൈവര്‍മാരില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഒരു ദിവസം ഇത്ര ട്രിപ്പ് നടത്തണമെന്ന് ക്വാട്ട നല്‍കുന്നു. ഇതോടെ അവര്‍ അമിത വേഗതയില്‍ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് അപകടസാധ്യത വര്‍ദ്ധിപ്പിക്കും. മണിക്കൂര്‍ അനുസരിച്ച് പണം നല്‍കുന്നതിന് പകരം ട്രിപ്പിന്റെ അടിസ്ഥാനത്തിലോ, എത്തിക്കുന്ന സാധനങ്ങളുടെ ടണ്‍ കണക്കാക്കിയോ ആണ് കൂലി നല്‍കുന്നത്. ഇത് കാരണം കൂടുതല്‍ ട്രിപ്പുകള്‍ക്കായി അവര്‍ പരക്കംപായും. അങ്ങനെ വരുമാനവും വേഗതയും അപകടത്തിന് കാരണമായി മാറുന്നു. വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന, സ്പീഡ് ഗവര്‍ണറുകള്‍ സ്ഥാപിക്കുക, യാത്രാ പട്ടിക നിശ്ചയിക്കുക, ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക, വിശ്രമ സംയം ഉറപ്പാക്കുക എന്നീ കാര്യങ്ങളില്‍ ഗതാഗത വകുപ്പ് കാണിക്കുന്ന അനാസ്ഥയാണ് അപകടങ്ങള്‍ക്കുള്ള മറ്റ് കാരണങ്ങള്‍.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.