
ഛഠ് പൂജ ആഘോഷത്തിനായി യമുനാ നദിക്കരയിൽ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വേണ്ടി ബിജെപി കൃത്രിമ യമുനാ ഘട്ട് നിർമ്മിച്ചെന്ന ഗുരുതര ആരോപണവുമായി ആം ആദ്മി പാർട്ടി (എഎപി) രംഗത്ത്. സാധാരണ ഭക്തർ മലിന ജലത്തിൽ കുളിക്കുമ്പോൾ, പ്രധാനമന്ത്രി മാത്രം ഫിൽട്ടർ ചെയ്ത വെള്ളം നിറച്ച ഘട്ടിൽ കുളിച്ചു എന്നാണ് എഎപിയുടെ വിമർശനം. വസീറാബാദ് ട്രീറ്റ്‌മെന്റ് പ്ലാൻ്റിൽ നിന്നും കൊണ്ടുവന്ന വെള്ളമാണ് മോഡി ഉപയോഗിച്ചതെന്നും, ഈ നടപടിയിലൂടെ ബിജെപി പൂർവാഞ്ചലിയിൽനിന്നുള്ള ഭക്തരെ വഞ്ചിച്ചു എന്നും എഎപി ആരോപിച്ചു. എന്നാൽ, ആരോപണങ്ങളെ ബിജെപി തള്ളിപ്പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ നിരാശയാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും, ഭക്തർക്കായി യമുനാ ഘട്ട് വൃത്തിയാക്കിയിരുന്നെന്നും ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്‌ദേവ് പ്രതികരിച്ചു.
യമുനാ ഘട്ടിലെ വെള്ളത്തിൽ കുളിക്കുന്നത് സുരക്ഷിതമല്ലെന്നും ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഡൽഹി മലിനീകരണ നിയന്ത്രണ സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് എഎപി ചൂണ്ടിക്കാട്ടുന്നു. ബിഹാറിലെ വോട്ടുകൾക്കായി മോഡി ആരോഗ്യത്തോടൊപ്പം വിശ്വാസവും ഇല്ലാതാക്കുന്നു എന്നും എഎപി ആരോപിച്ചു. 2018‑നും 2024‑നും ഇടയിൽ യമുനാ തീരത്ത് ഛഠ് പൂജ നടത്തുന്നത് ആം ആദ്മി സർക്കാർ നിരോധിച്ചിരുന്നു. പിന്നീട് ബിജെപി സർക്കാർ അധികാരത്തിലെത്തിയപ്പോഴാണ് ഇവിടം വീണ്ടും ഭക്തർക്കായി തുറന്ന് കൊടുത്തത്. ബിഹാർ, ഉത്തർപ്രദേശ്, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലെ ആളുകളാണ് ഛഠ് ആഘോഷിക്കുന്നത്. ഉത്സവത്തിൻ്റെ ഭാഗമായി ഭക്തർ ജലാശയങ്ങളിൽ സൂര്യനെ ആരാധിക്കുന്ന ചടങ്ങാണിത്. ഈ വർഷത്തെ ഛഠ് പൂജയുടെ ആഘോഷങ്ങൾ ഇന്ന് അവസാനിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.