
ചൂട് കൂടിയതോടെ ജില്ലയിലെ കോഴി കർഷകരും പ്രതിസന്ധിയിൽ. ചൂട് താങ്ങാനാവാതെ കോഴികൾ കൂട്ടത്തോടെ ചാകുന്നതാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. വിപണിയിൽ കോഴിയുടെ ലഭ്യത കുറഞ്ഞതോടെ കോഴി ഇറച്ചിയുടെ വിലയും കൂടി. വേനൽക്കാല രോഗങ്ങളായ കോഴിവസന്ത, കോഴി വസൂരി, കണ്ണിൽ ബാധിക്കുന്ന അസുഖം എന്നിവയാണ് ജില്ലയിൽ വ്യാപകമായിരിക്കുന്നത്. 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ് കോഴികൾക്ക് വളരാൻ അനുയോജ്യമായ താപനില. എന്നാൽ 30 മുതൽ 36 വരെയാണ് ഇപ്പോൾ ജില്ലയിൽ ചൂട് അനുഭവപ്പെടുന്നത്. നേരിയ തോതിലുള്ള അധിക ചൂട് പോലും കോഴിയുടെ ആരോഗ്യത്തെയും മുട്ട ഉത്പാദനത്തെയും സാരമായി ബാധിക്കും. ചൂട് കൂടിയതോടെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് കർഷകരെയും ദുരിതത്തിലാക്കുന്നു. ഒരു കോഴിക്കുഞ്ഞിന് നൂറ് രൂപ കൊടുത്ത് വാങ്ങിയാണ് വളർത്താനിടുന്നതെന്ന് കോഴി കർഷകനായ പാറോപ്പടി സ്വദേശി സുജേഷ് പറയുന്നു. 45 ദിവസം തീറ്റയും വെള്ളവും കൊടുത്ത് വളർത്തിയാലാണ് ഇറച്ചിക്കടയിൽ വിൽക്കാൻ പാകമാവുക. പക്ഷെ കഷ്ടപ്പെട്ട വളർത്തി 35 ദിവസം പിന്നിടുമ്പോഴേക്കും ചൂട് താങ്ങാനാവാതെ കോഴികൾ ചത്തു വീഴുകയാണെന്നും സുജേഷ് പറഞ്ഞു. കുന്ദമംഗലം, മുക്കം ഭാഗങ്ങളിൽ നിരവധി പേരാണ് വീടുകളിൽ കോഴിക്കൃഷി ചെയ്യുന്നത്. പ്രധാന വരുമാന മാർഗം അടഞ്ഞുപോകുന്നതിന്റെ ആശങ്കയിലാണിവർ.
വേനൽക്കാലത്ത് ശരിയായ പരിചരണം നൽകണമെന്നും വേനൽ രോഗങ്ങൾക്കെതിരെ കരുതൽ വേണമെന്നും മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ക്രമാതീതമായി ഉയരുന്ന ചൂടിന് മുന്നിൽ പകച്ചു നൽക്കുകയാണ് ജില്ലയിലെ കോഴി കർഷകർ. താപനില വർധിക്കുന്നതിനനുസരിച്ച് മുട്ടയുടെ ഉത്പാദനവും കുറയുന്നുണ്ട്. മുട്ടയുടെ വലിപ്പവും പുറം തോടിന്റെ കനവും കുറയും. അതിനാൽ മുട്ട പെട്ടെന്ന് പൊട്ടും. മുട്ടയുടെ ഗുണമേന്മയെ ഇത് ബാധിക്കുകയും വേഗത്തിൽ കേടാവുകയും ചെയ്യും. കേടാകുന്നുവെന്ന പരാതി കാരണം പല കടകളിലും മുട്ട വിൽപ്പന കുറച്ചതായി വ്യാപാരികൾ പറയുന്നു. കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന കോഴികളാണ് ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുക. ഉറക്കം തൂങ്ങി നിൽക്കുക, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കൽ, വെള്ളകലർന്ന വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധമൂലമുണ്ടാകുന്ന കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങൾ. കണ്ണുകളിൽ നിന്നും, മൂക്കിൽ നിന്നും നീരൊലിപ്പ്, പോളവീക്കം, ആയാസപ്പെട്ടുള്ള ശ്വസനം എന്നിവയാണ് ബാക്ടീരിയകൾ കാരണമായുണ്ടാവുന്ന കണ്ണുചീയൽ രോഗത്തിന്റെ ലക്ഷണങ്ങൾ. വായുവിലൂടെയും രോഗം പകരും. ഒരുതരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകൾ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. കടുത്ത വേനൽ കഴിയുന്നത് വരെ കോഴികളെ കൂട്ടിലടച്ച് വളർത്താതിരിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സിക്കണമെന്നും ഇടക്കിടെ ശുദ്ധമായ വെള്ളം നൽകണമെന്നും വൃത്തിയുള്ള ചുറ്റുപാടുകളിൽ വളർത്തണമെന്നും അധികൃതർ മുന്നറിയിപ്പു നൽകുന്നു. അതേസമയം, ജില്ലയിൽ ചിലയിടങ്ങളിൽ ഇന്നലെ മഴ ലഭിക്കുകയുണ്ടായി. ഇത് കർഷകർക്ക് താത്കാലിക ആശ്വാസം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.