28 January 2026, Wednesday

Related news

January 26, 2026
January 23, 2026
January 20, 2026
January 20, 2026
January 19, 2026
January 18, 2026
January 14, 2026
January 12, 2026
January 12, 2026
January 10, 2026

പൊലീസിന് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി

Janayugom Webdesk
തിരുവനന്തപുരം
September 16, 2025 4:09 pm

സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പൊലീസിന് പുതിയ മുഖം നല്‍കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമസഭയിൽ യുഡിഎഫ് കൊണ്ടുവന്ന അടിയന്തരപ്രമേയത്തിൽ നടന്ന ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ജനമൈത്രി പൊലീസ് എന്നതിലേക്ക് മാറ്റാനുള്ള ശ്രമവും ഉണ്ടായി. നല്ല മാറ്റം ആ കാര്യത്തിൽ ഉണ്ടായി എന്നതാണ് കാണാൻ സാധിക്കുന്നത്.

നിപ, പ്രളയ ഘട്ടം, കോവിഡ് മഹാമാരി എന്നീ ഘട്ടങ്ങളിൽ വളരെ വ്യത്യസ്തമായ മുഖമാണ് കേരള പോലീസിൻറെ ദർശിക്കാനായത്. ചില വ്യക്തികൾ ഈ പുതിയ സമീപനം അതുപോലെ ഉൾക്കൊള്ളാത്തവർ ഉണ്ടാകും. പഴയതിന്റെ ഹാങ്ങോവറിൽ നിൽക്കുന്നവർ ഉണ്ടാകും. അത്തരം ആളുകൾ തെറ്റ് ചെയ്താൽ അവരെ സംരക്ഷിക്കുന്ന നിലപാട് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

2016 – 2024 വരെ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ ഏതെങ്കിലും ഒരു നടപടി കോൺഗ്രസിന്റെ ഭാഗനിന്നും ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ. കേരളത്തിൽ ഏറെക്കാലം ഭരിച്ചവർ അല്ലേ കോൺഗ്രസ് എന്നും മുഖ്യമന്ത്രി ചോദിച്ചു. 1947 നു ശേഷം ഏറ്റവും കൂടുതൽ പൊലീസ് മർദ്ദനത്തിന് ഇരയാകേണ്ടി വന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയത് എന്നത് വസ്തുതയാണ്. ഇതൊക്കെ ചെയ്യാനുള്ള കരുത്ത് എങ്ങനെയാണ് കിട്ടിയത്.ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടാൻ വേണ്ടി കുറുവടിപ്പടയ്ക്ക് നേതൃത്വം നൽകിയിരുന്നു. 

കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആൾക്കാർ വരാതിരിക്കാൻ ഉതകുന്ന മർദ്ദന രീതികളാണ് ഉപയോഗിച്ചിരുന്നത്. ലോക്കപ്പിനകത്ത് മർദ്ദനം മാത്രമല്ല ഇടിച്ചിടിച്ചു കൊല്ലുന്ന അതിക്രൂരമായി കൊല്ലുന്ന അവസ്ഥയും ഉണ്ടായി. ലോക്കപ്പിൽ ഉണ്ടായിരുന്ന ആളെ അവിടുന്ന് കൊണ്ടുപോയി മാടിക്കുന്നിൽ വച്ചല്ലേ വെടിവെച്ചു കൊന്നത്. രാജ്യം റിപ്പബ്ലിക് ആയതിനുശേഷം അല്ലേ അത് നടന്നത്. കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടല്ലേ അങ്ങനെ നടന്നത്. അതിൽ എന്തെങ്കിലും നടപടി ഉണ്ടായോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

നിയമസഭയിൽ ഭരണപക്ഷ നിരയിൽ ഇരിക്കുന്നതിൽ എത്രയെത്ര പേരാണ് പൊലീസ് മർദ്ദനം നേരിടേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. എത്ര ഭീകരമായ മർദ്ദനമാണ് കേരളത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായത്. അതിൽ എന്തെങ്കിലും നടപടി ഉണ്ടായോ. അങ്ങനെയൊരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. ഒരു പ്രകടനം പോലും നടത്താൻ സാധിക്കാത്ത കാലം കേരളത്തിന് ഉണ്ടായിരുന്നു. അത് ബ്രിട്ടീഷുകാരുടെ കാലത്ത് നിന്ന് കിട്ടിയതാണ്. കേരളത്തിൽ എപ്പോഴാണ് ഇതിന് മാറ്റം വന്നത്. അതാണ് നാം ചിന്തിക്കേണ്ടത്.

രാജ്യത്ത് നടന്നു പോകുന്ന ഈ നയത്തിൽ ആദ്യമായി മാറ്റം വന്നത് കേരളത്തിലാണ്. 57 ൽ അധികാരത്തിൽ വന്ന സർക്കാരാണ് പൊലീസ് നയത്തിൽ മാറ്റം വരുത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാട്ടിൽ സമീപനത്തിന്റെ കാര്യത്തിലാണ വ്യത്യാസം കാണുന്നത്. പൊലീസ് വലിയ ഒരു സേനയാണ്. തെറ്റായ കാര്യങ്ങൾ അവരിൽ ചിലർ ചെയ്താൽ. അവരെ സംരക്ഷിക്കേണ്ട ബാധ്യത ഞങ്ങൾക്കില്ല. പക്ഷേ നിങ്ങൾ അതല്ല സ്വീകരിച്ചത്. കോൺഗ്രസ് ഒരു ഘട്ടത്തിലും അതല്ല സ്വീകരിച്ചത്. നിങ്ങൾ നിങ്ങളുടെ താല്പര്യം സംരക്ഷണത്തിനായി പോലീസിനെയും പോലീസ് സേനയെയും ഉപയോഗിക്കുകയായിരുന്നു.നിങ്ങൾക്ക് അവരെ സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. 2016 ന് ശേഷം ഞങ്ങൾ സ്വീകരിക്കുന്ന പൊതുവായ നില ഉണ്ട്.

തെറ്റ് ചെയ്തവർക്കെതിരെ കർക്കശ നടപടി എന്നതാണ് ആ നിലയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ നാട്ടിൽ പോലീസിനെ ഗുണ്ടകൾക്ക് അകമ്പടി സേവിക്കുന്ന ആളാക്കിയത് ആരായിരുന്നുവെന്ന് മുഖ്യമന്ത്രി ചോദിച്ചു. അവർ ലക്ഷ്യം വെച്ചത് ഞങ്ങളുടെ പ്രവർത്തകരെ ആയിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയുടെ പൂർണ്ണ സംരക്ഷണത്തോടെയായിരുന്നു അത്തരം ആക്രമണങ്ങൾ ഉണ്ടായത്.ബോംബിട്ട സംസ്കാരം ആദ്യം കൊണ്ടുവന്നതും ഈ വഴിയിലാണ്. ഞങ്ങൾ അധികാരത്തിൽ വന്നപ്പോൾ അത് ആവർത്തിക്കാൻ അല്ല നോക്കിയത്. പുതിയൊരു സംസ്കാരം പടുത്തുയർത്താനാണ് നോക്കിയത്. അതിൻറെ ഭാഗമായി നല്ല മാറ്റം കേരളത്തിൻറെ പോലീസിൽ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ദിവസം വന്ന കോടതിവിധിയെ നമ്മളെ എല്ലാവരെയും വല്ലാതെ വേദനിപ്പിച്ചു. ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ പ്രതികളെ എല്ലാം മോചിപ്പിക്കുന്ന നിലയുണ്ടായി. സമൂഹ മനസ്സാക്ഷിയെ വേദനിപ്പിച്ച ഒന്നാണ്. അന്ന് അവിടത്തെ പൊലീസ് ഒരു വ്യാജ എഫ്ഐആർ തയ്യാറാക്കി. മോഷണക്കുറ്റം ഉദയകുമാറിൽ ചുമത്താൻ ശ്രമിച്ചു. ഉദയകുമാറിന്റെ തുടകളിൽ ഉള്ളം കാലിൽ അടിയേറ്റ് പാടുകൾ ഉണ്ടായിരുന്നു. അത് ത്വക്ക് രോഗമാണ് എന്ന് സ്ഥാപിക്കാനാണ് പൊലീസ് ശ്രമിച്ചത്. ഉരുട്ടിക്കൊലയാണെന്ന് പിന്നീട് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അതുപോലെയുള്ള എത്രയെത്ര സംഭവങ്ങളാണ് നമ്മുടെ സംസ്ഥാനത്ത് ഉണ്ടായതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇതിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് കോൺഗ്രസിൻറെ ഭാഗത്തുനിന്നും ഉണ്ടായത്. അവിടെയാണ് വ്യത്യാസം. സമീപനത്തിലാണ് വ്യത്യാസം.സംരക്ഷിക്കുന്ന സമീപനം ഞങ്ങളുടെ ഭാഗത്ത് ഇല്ല. അതിക്രമങ്ങൾക്കെതിരെ കർക്കശമായ നടപടി എന്നതാണ് ഞങ്ങളുടെ നിലപാട്. ആ കാര്യത്തിൽ ഒരു മാറ്റവുമില്ല. പോലീസിന് പുതിയ മുഖം നൽകാനാണ് ഞങ്ങൾ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.