ജനപങ്കാളിത്തത്തോടെയുള്ള വികസനത്തിന്റെയും ഭരണനിർവഹണത്തിന്റെയും പുതിയ മാതൃകകൾ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ള കേരളം മുന്നോട്ടുവച്ച പുതിയൊരു ഭരണ നിര്‍വഹണ രീതിയാണ് മേഖലാതല അവലോകന യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന മന്ത്രിസഭ ഒന്നാകെ ഓരോ ജില്ലയിലെയും വികസന പ്രശ്നങ്ങളും ഭരണപരമായ വിഷയങ്ങളും ഉദ്യോഗസ്ഥരുമായി നേരിട്ട് ചർച്ച ചെയ്യുന്നതിനും പരിഹരിക്കുന്നതിനുമായാണ് മേഖലാ അവലോകന യോഗങ്ങള്‍ സംഘടിപ്പിച്ചത്. ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിമാരുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥ നിരയും നാലുകേന്ദ്രങ്ങളിലായി നടത്തിയ യോഗങ്ങളിൽ പങ്കെടുത്തു.
ഏറ്റെടുത്ത ലക്ഷ്യം ഫലപ്രദമായി നിർവഹിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യത്തോടെയാണ് നാലു മേഖലകളിലായി നടന്ന അവലോകന യോഗങ്ങൾ സമാപിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളിലെ പ്രധാന വിഷയങ്ങൾ ജില്ലാ കളക്ടർമാരുടെ നേതൃത്വത്തിലാണ് കണ്ടെത്തിയത്. ഇവയിൽ സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ട 697 പ്രശ്നങ്ങളും ജില്ലാതലത്തിൽ പരിഗണിക്കേണ്ട 265 വിഷയങ്ങളും കണ്ടെത്തിയിരുന്നു. അവയിൽ തെരഞ്ഞെടുത്ത പ്രധാനപ്പെട്ട 162 പ്രശ്നങ്ങളാണ് നാല് അവലോകന യോഗങ്ങളിലായി ചർച്ച ചെയ്തത്. ജില്ലാതലത്തിൽ കണ്ടെത്തിയ വിഷയങ്ങളിൽ 263 എണ്ണം ഇതിനകം തീർപ്പാക്കി. രണ്ട് പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുന്നു. സംസ്ഥാനതലത്തിൽ പരിഗണിക്കേണ്ടവയിൽ 582 എണ്ണം പരിഹരിക്കുകയും 115 പ്രശ്നങ്ങളിൽ നടപടി പുരോഗമിക്കുകയും ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ഉദ്യോഗസ്ഥരുടെ സക്രിയമായ പങ്കാളിത്തം ഈ പരിപാടിയിൽ ഉറപ്പുവരുത്തി. പദ്ധതികൾ നടപ്പാക്കുന്നതിന് അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നേരിട്ടറിഞ്ഞു പരിഹാരങ്ങൾ കണ്ടെത്താനും കഴിഞ്ഞു. ഈ വിധം സംസ്ഥാനത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും മേഖലാ അവലോകന യോഗങ്ങൾ പുതിയ ഊർജം പകർന്നുവെന്നും നിലവിൽ പുരോഗമിക്കുന്ന പ്രശ്ന പരിഹാരനടപടികൾ ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിൽ വിലയിരുത്തി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ സുപ്രധാന പദ്ധതികളുടെയും മിഷനുകളുടെയും പ്രവര്‍ത്തന പുരോഗതി യോഗങ്ങളില്‍ അവലോകനം ചെയ്തു. ഇതിന് പുറമെ അതത് ജില്ലകളിൽ കണ്ടെതിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളിൽ പ്രത്യേക അജണ്ടയായി പരിശോധിച്ചു. ദീർഘമായി പരിഹരിക്കപ്പെടാതെ കിടന്നവ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അതിലുണ്ട്. അവയാകെ ഒറ്റയടിക്ക് പരിഹരിക്കപ്പെടും എന്നല്ല. എന്നാൽ പ്രശ്ന പരിഹാരത്തിലേക്ക് നിർണായകമായ ചുവടുവയ്പ്പ് നടത്താൻ ഈ പരിപാടിയിലൂടെ സാധിച്ചു.
ഭരണ സംവിധാനത്തെയാകെ കൂടുതൽ ചലനാത്മകമാക്കാനും ഒരോ വിഷയങ്ങളിലും പ്രത്യേക ശ്രദ്ധ ഉറപ്പാക്കാനും കഴിഞ്ഞു എന്നതാണ് മേഖലാ യോഗങ്ങൾ അവസാനിച്ചപ്പോൾ ഉണ്ടായ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഖ്യാപിത ലക്ഷ്യങ്ങൾ വേഗത്തിലും കാര്യക്ഷമമായും നടപ്പാകും എന്ന് സർക്കാരിന് പ്രതീക്ഷയുണ്ട്. ഇപ്പോൾ നടന്ന ഈ അവലോകന പ്രക്രിയ കൂടുതൽ ക്രിയാത്മകമായി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി സർക്കാർ നടത്തിയ സർവേയിൽ കണ്ടെത്തിയ 64,000ത്തോളം കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കുവാൻ എടുത്ത നടപടികൾ യോഗം പ്രഥമ പരിഗണന നൽകി പരിശോധിച്ചു. വ്യക്തമായ മൈക്രോ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദേശങ്ങൾ നൽകി. ‘അവകാശം അതിവേഗം’ പദ്ധതിയിലൂടെ വ്യക്തികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുന്ന പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഇതിന്റെ ഭാഗമായി തീരുമാനമെടുത്തിട്ടുണ്ട്.
2025 ഓടെ നമ്മുടെ സംസ്ഥാനത്തെ പൂർണമായും അതിദാരിദ്ര്യ മുക്തമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി, സംസ്കരണ യൂണിറ്റുകൾ സ്ഥാപിക്കാൻ തടസം നേരിടുന്ന പ്രദേശങ്ങളിൽ അതത് ജില്ലാ കളക്ടർമാർ നേതൃത്വം നൽകി യോഗങ്ങൾ നടത്തി പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കും. ഹരിത ടൂറിസം, കാർബൺ പുറന്തള്ളൽ രഹിതമാക്കൽ തുടങ്ങി ഹരിതകേരളം മിഷന്റെ കീഴിലുള്ള വിവിധ സംരംഭങ്ങളുടെ വിലയിരുത്തലും അവലോകന യോഗങ്ങളിൽ ചർച്ച ചെയ്തു.
വിദ്യാകിരണത്തിന്റെ ഭാഗമായി കിഫ്ബിയുടെ അഞ്ച് കോടി പദ്ധതിയിൽ 141 സ്കൂളുകളും, മൂന്ന് കോടി പദ്ധതിയിൽ 385 സ്കൂളുകളും, ഒരു കോടി പദ്ധതിയിൽ 446 സ്കൂളുകളും നവീകരണത്തിന്റെ ഘട്ടങ്ങളിലാണ്. അഞ്ച് കോടി പദ്ധതിയിലെ 141ൽ 134 സ്കൂളുകളും നിർമ്മാണം പൂർത്തിയാക്കിക്കഴിഞ്ഞു. ഏഴ് സ്കൂളുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. പണി പൂർത്തിയാക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ സവിശേഷമായ പ്രശ്നങ്ങൾ പരിശോധിച്ച് പരിഹാരം കാണാൻ പ്രത്യേക ഇടപെടൽ യോഗങ്ങളിലുണ്ടായി.
ആർദ്രം മിഷന്റെ അവലോകനത്തിൽ, വിവിധ ഘടകങ്ങൾ സമഗ്രമായി വിലയിരുത്തി. ആശുപത്രി നവീകരണങ്ങൾ, ലാബ് നെറ്റ് വർക്കുകൾക്കായുള്ള ഹബ് ആന്റ് സ്പോക്ക് മോഡലിന്റെ വിപുലീകരണം, ഐസൊലേഷൻ ബ്ലോക്കുകളുടെ പൂർത്തീകരണം തുടങ്ങിയ നിർണായക ഘടകങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകി. വിവിധ ജില്ലകളിലെ ജീവനക്കാരുടെ ഒഴിവുകൾ നികത്താൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കും.
ലൈഫ് മിഷന്‍ പദ്ധതി പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും ലൈഫ് കോ-ഓർഡിനേറ്റർമാർക്കും നിർദേശം നൽകി. ലൈഫ് മിഷന്റെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമ്മാണം വേഗത്തിലാക്കുവാനും യോഗത്തിൽ തീരുമാനമായി.
കേരള വാട്ടർ അതോറിറ്റി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി വഴി ഇതുവരെ 18,14,622 കണക്ഷനുകൾ നൽകിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, മലപ്പുറം ജില്ലകൾ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ, റോഡ് കട്ടിങ് മുതലായ തടസങ്ങൾ പദ്ധതിക്ക് ഉണ്ടെന്ന് യോഗങ്ങളിൽ വിലയിരുത്തലുണ്ടായി. റോഡ് കട്ടിങ്ങുമായി ബന്ധപ്പെട്ട അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട തടസങ്ങൾ കളക്ടറുടെ നേതൃത്വത്തിൽ ചർച്ച നടത്തി പരിഹരിക്കാനുമുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.
കോവളം-ബേക്കൽ ജലപാതാ പദ്ധതിയുടെ വിവിധ റീച്ചുകളുടെ പുരോഗതി യോഗം വിലയിരുത്തി. ആദ്യ ഘട്ടമായ ആക്കുളം മുതൽ ചേറ്റുവ വരെ ഉള്ള ഭാഗം അടുത്ത വര്‍ഷം മാർച്ചോടുകൂടി സഞ്ചാരയോഗ്യമാകും. വടക്കൻ ജില്ലകളിൽ നിർമ്മിക്കുന്ന കനാലുകളുടെ ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാനുള്ള നിർദേശങ്ങളാണ് ഉണ്ടായത്. ദേശീയ പാത നിര്‍മ്മാണം സമയബന്ധിതമായി തന്നെ പൂർത്തീകരിക്കാൻ കഴിയുമെന്ന് യോഗം വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ പൂർണമായെന്നും കേസുകൾ നിലനിൽക്കുന്ന ഇടങ്ങളിൽ മാത്രമേ ചില കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ ബാക്കിയുള്ളു എന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ജില്ലകളിൽ സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കുവാൻ ജില്ലാ കളക്ടർമാർ യോഗങ്ങൾ കൂടും. പുതിയതായി വരുന്ന ദേശീയപാതകളുടെ അവലോകനത്തിനായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം പൊതുമരാമത്തു സെക്രട്ടറി വിളിച്ചു ചേർക്കും.
മലയോര ഹൈവേ പദ്ധതി അതിവേഗത്തിൽ പുരോഗമിക്കുകയാണ്. ഇതിനോടകം പൂർത്തിയായ കൊല്ലം ജില്ലക്ക് പുറമെ കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ കൂടി പദ്ധതി ഉടൻ പൂർത്തീകരിക്കുവാൻ കഴിയും. ഫോറസ്റ്റ് ക്ലിയറൻസുമായി ബന്ധപ്പെട്ട അപേക്ഷകളിൽ ഉടൻ തന്നെ തീരുമാനമെടുക്കും. തിരുവനന്തപുരം ജില്ലയിലെ പൊഴിയൂർ മുതൽ കാസർകോട് കുഞ്ചത്തൂർ വരെ നീളുന്ന തീരദേശ ഹൈവേ നിലവിൽ ഭൂമി ഏറ്റെടുക്കൽ പ്രക്രിയയിലാണ്. അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന ജോലികൾ നടന്നു വരുന്ന പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിനായി സർക്കാർ ആകർഷകമായ നഷ്ടപരിഹാര പാക്കേജുകൾ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. തർക്കങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ പ്രാദേശികമായി ചർച്ച നടത്തി അവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള ചുമതല കളക്ടർമാർക്ക് നൽകിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം: വയനാട് തുരങ്കപാതയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കാനാകുമെന്ന് മുഖ്യമന്ത്രി. നാലു വർഷത്തിനുളളിൽ പൂർത്തീകരിക്കാന്‍ കഴിയുന്ന വിധം പ്രവൃത്തികൾ ത്വരിതപ്പെടുത്താന്‍ അവലോകന യോഗത്തില്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട തുരങ്കപാത താമരശേരി ചുരത്തിന് ബദൽ റോഡ് ആകുകയും യാത്രാസമയം ചുരുക്കുകയും ചെയ്യും.
നിലവിൽ രണ്ടു ജില്ലകളിലും ഭൂമി ഏറ്റെടുക്കലിന്റെ 19(1) നോട്ടിഫിക്കേഷൻ ഘട്ടത്തിലാണ്. പാരിസ്ഥിതിക അനുമതിയുടെ പഠനങ്ങൾ ഉടൻ തന്നെ പൂർത്തിയാക്കി ഈ വർഷം അവസാനത്തോട് കൂടി അനുമതി ലഭ്യമാക്കാനും ടണലിന്റെ ടെൻഡർ നടപടികൾ വേഗത്തില്‍ ആരംഭിക്കുവാനും കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ണൂർ ഇരിട്ടി താലൂക്കിൽ, കല്ല്യാട് 311 ഏക്കറിൽ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം വിഭാവനം ചെയ്തിട്ടുണ്ട്. 300 കോടി രൂപയ്ക്കു മുകളിൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്റ്റ് സെന്ററിന്റെയും പൂർത്തീകരണം 2024 ജനുവരി മാസത്തിനുള്ളിൽ കഴിയുമെന്ന് യോഗത്തിൽ ബന്ധപ്പെട്ടവർ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
English Summary: chief minister pinarayi vijayan press meet
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.