16 September 2024, Monday
KSFE Galaxy Chits Banner 2

Related news

September 12, 2024
September 12, 2024
September 7, 2024
August 15, 2024
August 14, 2024
July 13, 2024
July 12, 2024
July 10, 2024
July 9, 2024
July 4, 2024

സ്വാതന്ത്രദിനം സന്തോഷത്തിന്റെയും, അഭിമാനത്തിന്റെയും ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Janayugom Webdesk
തിരുവനന്തപുരം
August 15, 2024 9:51 am

എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം സ്വാതന്ത്ര്യത്തിന്റെ എഴുപത്തെട്ടാം വർഷത്തിലേക്കു കടക്കുകയാണെന്നും സ്വാതന്ത്ര്യദിനം എന്നത് ഓരോ ഇന്ത്യക്കാരനെയും സംബന്ധിച്ച് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമാണെന്നും മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

അധിനിവേശ വിരുദ്ധ പോരാട്ടങ്ങളിലൂടെ സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച സ്വാതന്ത്ര്യ സമരത്തിന്റെയും ധീര ദേശാഭിമാനികളുടെയും സ്മൃതികൾ ആരിലാണ് സന്തോഷവും അഭിമാനവും നിറയ്ക്കാത്തത്. എന്നാൽ, അത്രയേറെ ഉള്ളുതുറന്ന് സന്തോഷിക്കാൻ കഴിയുന്ന ഒരു സാഹചര്യത്തിലല്ല, നാമിന്നുള്ളത്. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തം നമ്മുടെ നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ ഓർമ്മകൾക്കു മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

ആഗോളതാപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പ്രത്യക്ഷ ഉദാഹരണമാണ് വയനാട്ടിലെ ദുരന്തം. അവ ഏൽപ്പിക്കുന്ന ആഘാതം ഇന്ന് വളരെ വലുതാണ്. 77 കൊല്ലങ്ങൾക്കു മുമ്പ് നമ്മുടെ രാജ്യം സ്വതന്ത്രമാകുമ്പോൾ ഇത്തരം പ്രതിസന്ധികളെ കുറിച്ച് ലോകത്തിനുതന്നെ അത്ര അവബോധം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ ഭരണഘടനാ ശില്പികളുടെ ശ്രദ്ധയിൽ അത്തരം വിഷയങ്ങൾ കടന്നുവന്നതുമില്ല. എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുക്കുമ്പോൾ ഭരണഘടനാ ഭേദഗതികളിലൂടെയും നിയമനിർമാണങ്ങളിലൂടെയും പരിസ്ഥിതി സംരക്ഷണം എന്നത് നമ്മിൽ അർപ്പിക്കപ്പെട്ട ഉത്തരവാദിത്തമായി മാറി.

ആഗോളതലത്തിൽത്തന്നെ കൂട്ടായ ഇടപെടലുകളിലൂടെ മാത്രമേ കാലാവസ്ഥാ വ്യതിയാനത്തെ ചെറുത്തു തോൽപ്പിക്കാൻ കഴിയൂ. എന്നാൽ, പ്രാദേശിക തലങ്ങളിൽത്തന്നെ അതിനുതകുന്ന മുൻകൈകൾ ആത്മാർത്ഥതയോടെ ഏറ്റെടുക്കാൻ നമുക്കു കഴിയേണ്ടതുണ്ട്. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും സ്വാതന്ത്ര്യം നേടുക എന്ന നിലയിലേക്കു നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കേണ്ടതുണ്ട്. അതിനുള്ള തുടക്കം ഈ 78-ാം സ്വാതന്ത്ര്യദിനത്തിൽ നമുക്കു കുറിക്കാൻ കഴിയണം.
സ്വാതന്ത്ര്യസമര പ്രസ്ഥാനവും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളും സമാന്തരമായാണ് നമ്മുടെ നാട്ടിൽ വികസിച്ചത്. അവ മുന്നോട്ടുവെച്ച മാനുഷികവും പുരോഗമനോന്മുഖവുമായ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് നമ്മുടെ രാഷ്ട്രസങ്കൽപം രൂപപ്പെട്ടത്.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന — ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കാനും തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനും ഈ രാഷ്ട്ര സങ്കൽപം നമ്മോട് ആഹ്വാനം ചെയ്യുന്നുണ്ട്. എന്നാൽ, സ്വാതന്ത്ര്യസമര — പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യംവെച്ച നേട്ടങ്ങളിലേക്ക് പൂർണ്ണമായി എത്തിച്ചേരാൻ നമുക്കിന്നും കഴിഞ്ഞിട്ടില്ല. എല്ലാ കാര്യത്തിലും മുന്നേറാൻ കഴിഞ്ഞിട്ടില്ല എന്നല്ല ഇതിനർത്ഥം. എന്നാലതേസമയം ചില കാര്യങ്ങളിൽ നമ്മുടെ നില ഇന്നും നിരാശാജനകമാണ് എന്നത് നാം അംഗീകരിച്ചേ മതിയാവൂ.

അവയ്ക്കു പരിഹാരം കാണാനും സ്വാതന്ത്ര്യസമര പുരോഗമന പ്രസ്ഥാനങ്ങൾ ലക്ഷ്യമിട്ട നേട്ടങ്ങളിലേക്ക് എത്തിച്ചേരാനും നമ്മെ പുനരർപ്പിക്കേണ്ട അവസരമാണ് ഈ 78-ാം സ്വാതന്ത്ര്യദിനം.
വൈവിധ്യങ്ങളുടെ ഒരു വലിയ സമന്വയമാണ് ഇന്ത്യ എന്ന രാഷ്ട്രം. നമ്മുടെ രാഷ്ട്രത്തിന്റെ നിലനിൽപ്പുതന്നെ നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ സങ്കൽപത്തിലൂന്നിയതാണ്. എന്നാൽ, അതിനെ തകർക്കാനുള്ള ശ്രമങ്ങൾ ഇന്ന് ചില കോണുകളിൽ നിന്ന് ഉണ്ടാവുകയാണ്. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഏകതാനതയിലേക്ക് ചുരുങ്ങാൻ ശ്രമിച്ച നമ്മുടെ അയൽരാജ്യങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ ഈ ഘട്ടത്തിൽ നമുക്ക് പാഠമാകേണ്ടതുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും ഇഷ്ടമുള്ള ആരാധനക്രമം പിന്തുടരാനും നിർഭയമായി ഓരോ ഇന്ത്യാക്കാരനും കഴിയുന്ന സ്ഥിതി ഈ നാട്ടിൽ നിലനിൽക്കണം. അത് ഉറപ്പുവരുത്തുക എന്നതാവും നമ്മുടെ ധീരദേശാഭിമാനികൾക്കു നൽകാൻ കഴിയുന്ന ഏറ്റവും വലിയ ആദരം.

ദേശാതിർത്തികളെ അതിലംഘിച്ചുകൊണ്ടു മാത്രമല്ല, അധിനിവേശത്തിന്റെ ജീർണ സംസ്‌കാരം കടന്നുവരുന്നത്. അധിനിവേശത്തെ, എല്ലാ തലത്തിലും ചെറുക്കാൻ കഴിയുക സ്വന്തമെന്ന നിലയ്ക്ക് അഭിമാനിക്കാൻ തനിമയുള്ള ചിലതുണ്ട് എന്ന് തിരിച്ചറിയുമ്പോഴും അവ നഷ്ടപ്പെടുത്തിക്കൂടാ എന്ന അഭിമാനബോധം ഉണരുമ്പോഴുമാണ്. അതുണർത്താൻ നമ്മുടെ സ്വാതന്ത്ര്യസമര സ്മൃതികൾക്ക് കഴിയട്ടെ. നഷ്ടപ്പെടാൻ വിലപ്പെട്ടതായി ഒന്നുമില്ലെന്നു കരുതുന്ന ഒരു ജനതയെ ഏത് അധിനിവേശ ശക്തിക്കും കീഴടക്കാം. നഷ്ടപ്പെടുത്തിക്കൂടാത്ത ചിലതു തങ്ങൾക്കുണ്ടെന്ന ബോധമാണ് ചെറുത്തുനിൽക്കാൻ കരുത്തു നൽകുന്നത്. 

ആ കരുത്തിലൂന്നി നിന്നുകൊണ്ട് രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്കു നയിക്കാൻ ആത്മസമർപ്പണത്തോടെ പ്രവർത്തിക്കും എന്ന് നമുക്ക് ഏവർക്കും ഈ സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Eng­lish Summary:
Chief Min­is­ter Pinarayi Vijayan said that Inde­pen­dence Day is a day of hap­pi­ness and pride

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.