ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉപരിപ്ലവമായ പരിഷ്കാരമല്ല കാലാനുസൃത ഉടച്ചുവാർക്കൽ ആണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘അടുത്ത കൊല്ലം നാല് വർഷ ബിരുദ കോഴ്സ് നടപ്പാക്കുന്നതോടെ ആർട്സ് ആന്റ് സയൻസ് കോളജുകളുടെ മുഖച്ഛായ തന്നെ മാറും. കലാ-കായിക രംഗത്തെ നേട്ടങ്ങൾക്ക് വിദ്യാർത്ഥികൾക്ക് ക്രെഡിറ്റ് ലഭിക്കുംവിധമാണ് കോഴ്സ് പരിഷ്കാരം. ഈ നേട്ടങ്ങൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. പൂർണമായും വിദ്യാർത്ഥി കേന്ദ്രീകൃത മാറ്റമാണ് നടപ്പാക്കുന്നത്’. നവകേരള സദസിന്റെ തുടർച്ചയായി ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ മൂന്ന് വർഷമായി വലിയ തുകയാണ് സംസ്ഥാന സർക്കാർ ഗവേഷണ മേഖലയിൽ ചെലവഴിക്കുന്നത്. 176 പേർക്കാണ് പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് ലഭിച്ചത്. ഗവേഷണ മേഖലയിൽ മുടക്കുന്ന പണം ചെലവായല്ല, ഭാവിയിലേക്കുള്ള നിക്ഷേപമായാണ് കാണുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ കേരളത്തിന് കഴിയാത്തതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നൊബേൽ ജേതാക്കളുടെ ഗവേഷണ സംഘത്തിൽ പോലും മലയാളികൾ ഉണ്ട്. എന്നാൽ ഗവേഷണ മേഖലയിൽ ലോകനിലവാരത്തിൽ എത്താൻ സംസ്ഥാനത്തിന് സാധിക്കുന്നില്ല. ഇൻ‑ഹൗസ് എക്സലൻസ് നമുക്ക് സാധ്യമാകുന്നില്ല. ഇതേക്കുറിച്ച് ഗൗരവമായി ചിന്തിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കണം. ഗവേഷണ മേഖലയിൽ പ്രവേശിക്കുന്ന ഡോക്ടർമാർ കുറവാണെന്നും അത് പോരെന്നും പറഞ്ഞ മുഖ്യമന്ത്രി ബയോമെഡിക്കൽ ഗവേഷണം ത്വരിതപെടുത്താൻ ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ മേഖലയുടെ സാധ്യതകൾ പൂർണമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കൂടുതൽ ഡോക്ടർമാർ ഗവേഷണത്തിന് വരണം. അത് വലിയ മാറ്റമുണ്ടാക്കും. മെഡിക്കൽ കോളേജുകളിൽ ബയോമെഡിക്കൽ ഗവേഷണത്തിനുള്ള ഇക്കോ സിസ്റ്റം രൂപീകരിക്കാൻ ശ്രമം തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. മുഖാമുഖത്തിൽ വിദ്യാർത്ഥികൾ പങ്കുവച്ച അഭിപ്രായങ്ങൾ ഗൗരവമായി പരിഗണിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി.
കേരളത്തിലെ മുഴുവൻ കലാലയങ്ങൾക്കുമായി ഏകീകൃത അക്കാദമിക കലണ്ടർ വികസിപ്പിക്കും. ഇതിലൂടെ പരീക്ഷ, മൂല്യനിർണയം, ഫല പ്രഖ്യാപനം എന്നിവയിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ സാധിക്കുമെന്നും മുഖ്യമന്ത്രി ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു.
English Summary:
Chief Minister said that face to face is a platform for students to share their ideas
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.