തിരുവനന്തപുരം
August 27, 2025 1:41 pm
സംസ്ഥാനത്ത് മലയോരജനത കാലങ്ങളായി നേരിടുന്ന ഭൂപ്രശ്നത്തിന് പരിഹാരം. ഭൂപതിവ് നിയമ ഭേദഗതി ചട്ടങ്ങള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. 1960‑ലെ കേരള ഭൂമി പതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള വിനിയോഗങ്ങള്‍ ക്രമവല്‍ക്കരിക്കാന്‍ ഇതുവഴി സാധിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കി മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുമുള്ള ചട്ടങ്ങളാണ് രൂപീകരിച്ചത്.
എൽഡിഎഫ് പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം കൂടി ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന അന്നുമുതൽ ഇന്നുവരെ നിരന്തരമായ ഇടപെടലുകൾ അതിനായി നടത്തി. അതിന്റെ ഫലമായാണ് വിപ്ലവകരമായ ഭൂപതിവു നിയമ ഭേദഗതി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
1960ലെ കേരള ഭൂമി പതിവ് നിയമത്തിനു കീഴിലെ വിവിധ ചട്ടങ്ങൾ പ്രകാരം വ്യക്തികൾക്കും കുടുംബങ്ങൾക്കും കൃഷി, ഭവന നിർമ്മാണം, അയൽവസ്തുവിന്റെ ഗുണകരമായ അനുഭവം, ഷോപ്പ് സൈറ്റുകൾ എന്നിങ്ങനെ ആവശ്യങ്ങൾക്കായി പട്ടയം അനുവദിക്കുന്നതിന് വ്യവസ്ഥയുണ്ട്. ഈ കാലയളവിനിടയിൽ ഭൂമി പതിച്ച് കിട്ടിയ പലരും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും കൈമാറ്റം ചെയ്യുകയുമുണ്ടായി.
പട്ടയവ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത നിർമ്മാണവും കൈമാറ്റവും പലർക്കും പലവിധ ബുദ്ധിമുട്ടുകൾക്കും കാരണമായി. ഇക്കാര്യത്തിൽ വിവിധ കോടതികളുടെ ഇടപെടലുകളും കർശനമായ നിയന്ത്രണങ്ങളും ഉണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് 2023 സെപ്റ്റംബർ 14ന് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയത്. ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂണ്‍ ഏഴ് വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിനും, പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഈ ഭേദഗതി സഹായകമാകും.
വിവിധ അവസരങ്ങളിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ അഡ്വക്കേറ്റ് ജനറലിന്റെയും റവന്യു, വ്യവസായ, ധന മന്ത്രിമാരുടെയും, ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പരിശോധിച്ചശേഷം വിവിധ തലത്തിലുള്ള യോഗങ്ങൾ ചേർന്നാണ് ചട്ടങ്ങൾക്ക് അന്തിമരൂപം നൽകിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ക്രമവല്‍ക്കരിക്കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍
ഈ ചട്ടമനുസരിച്ച് ‘പതിവുകാരൻ’ (ഉടമസ്ഥൻ) എന്നത് ഭൂമി പതിച്ചുകിട്ടിയ വ്യക്തിയും അനന്തരാവകാശിയും പിന്തുടർച്ചാവകാശിയും ഭൂമി പതിവുവ്യവസ്ഥകൾ ലംഘിച്ച ശേഷമുള്ള കൈമാറി ലഭിച്ച ഉടമസ്ഥനും ഉൾപ്പെടുന്നു. ഇക്കാരണത്താൽ നിലവിലുള്ള ഉടമസ്ഥന് തന്റെ അവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഒരു ഓൺലൈൻ പോർട്ടൽ ഏർപ്പെടുത്തും. അപേക്ഷ സമർപ്പിക്കുവാനും അതിലെ തുടർനടപടികൾ നിരീക്ഷിക്കുവാനും നടപടി സ്വീകരിക്കും. വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വർഷം വരെ സമയമനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകുകയും ചെയ്യും. ഇക്കാരണത്താൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സാവകാശവും ലഭിക്കും.
പതിവ് ലഭിച്ച ഭൂമിയിലെ പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ, ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തെയുള്ള പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങൾ നിർവ്വഹിക്കുന്നതിന് പ്രത്യേക അനുമതി നേടേണ്ടതാണ്. അതായത്, ക്രമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നും തന്നെ പിന്നീട് അനുവദിക്കുകയില്ല.
ഒരു പ്രത്യേക ആവശ്യത്തിനായി അനുവദിച്ച പട്ടയ ഭൂമിയിൽ നിർമ്മിച്ച വീടുകൾക്ക് ക്രമീകരണം ആവശ്യമെങ്കിൽ നിർമ്മിതിയുടെ വലിപ്പം നോക്കാതെ ക്രമവൽക്കരിച്ച് നൽകും. അപേക്ഷയോടൊപ്പമുള്ള ചെറിയ ഫീസ് മാത്രം നൽകിയാൽ മതി. കോമ്പൗണ്ടിംഗ് ഫീസ് പൂർണ്ണമായും ഒഴിവാക്കും. ഉടമ സമർപ്പിക്കുന്ന സത്യവാങ്മൂലം അടിസ്ഥാനമാക്കിയാകും നടപടി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഫീസില്ല
സാധാരണ ഗതിയിൽ കാർഷിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോ കാർഷികോൽപ്പന്നപരമോ ആയ ആവശ്യങ്ങൾക്കായി നിർമ്മിച്ച കെട്ടിടം. മറ്റൊന്ന് ആരാധനാലയമായി ഉപയോഗിക്കുന്ന ഭൂമി. ഭൂമിയിൽ സർക്കാർ അംഗീകാരമുള്ളതോ യൂണിവേഴ്സിറ്റികളിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതോ ആയ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമ്മിച്ചതും ഉപയോഗിക്കുന്നതുമായ കെട്ടിടം ഇതിനൊന്നും ഫീസ് ഉണ്ടാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.