4 March 2026, Wednesday

Related news

March 3, 2026
February 28, 2026
February 27, 2026
February 26, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 21, 2026
February 20, 2026

‘മുഖ്യമന്ത്രി എന്നോടൊപ്പം’ അഥവാ സി എം വിത്ത് മി

Janayugom Webdesk
തിരുവനന്തപുരം
September 17, 2025 11:21 pm

ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തമുറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭം ആരംഭിക്കും. ‘മുഖ്യമന്ത്രി എന്നോടൊപ്പം ’ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെന്റർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവുമായ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക, പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിന്റെ പ്രതിബദ്ധതയാണ് സാക്ഷാത്കരിക്കപ്പെടുക.ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളുമാണ് എന്നാണ് ഇതിലൂടെ ഉറപ്പാക്കപ്പെടുക.

ലക്ഷ്യങ്ങൾ: പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്‌ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക.
പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക. ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ, പരിസ്ഥിതി സുസ്ഥിരത തുടങ്ങിയ മേഖലകളിൽ, ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ ആവിഷ്കരിച്ച വിവിധ മിഷനുകൾ ജനങ്ങൾ നേരിട്ട് ഭാഗഭാക്കായ സംരംഭങ്ങളാണ്. ഇവയെക്കുറിച്ച് ജനങ്ങളുടെ നിർദേശങ്ങളും അവയുടെ വിലയിരുത്തലും.
പൊതുജനങ്ങൾ ഉന്നയിക്കുന്ന വിഷയങ്ങൾക്കും പരാതികൾക്കും മറുപടി ഉറപ്പാക്കുക. സ്ഥിരതയുള്ള ജനസമ്പർക്ക സംവിധാനത്തിലൂടെ സുതാര്യതയും ഭരണത്തിലുള്ള ജനപങ്കാളിത്തവും വർധിപ്പിക്കുക. അടിയന്തര ഘട്ടങ്ങളിൽ കൃത്യമായ വിവരങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിലൂടെയും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ആശയവിനിമയം ഏകോപിപ്പിക്കുന്നതിലൂടെയും സർക്കാർ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെയും വിശ്വസനീയമായ ഒരു ജനസേവന സംവിധാനമായി പ്രവർത്തിക്കുക. 

ശക്തമായ ആശയവിനിമയ സംവിധാനം വഴി പൊതുജന-സർക്കാർ ഇടപെടൽ കൂടുതൽ ആഴത്തിലാക്കാനും കേരളത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനമാതൃകയെ ശക്തിപ്പെടുത്താനും പങ്കാളിത്ത ഭരണത്തിന്റെ കേരള മാതൃകയുടെ പ്രശസ്തി കൂടുതൽ ശക്തിപ്പെടുത്താനും കഴിയും എന്നാണ് പ്രതീക്ഷ. നവകേരളം കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്ന കിഫ്ബി, അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും ആവശ്യമായ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതിലും നിർണായക പങ്ക്‌ വഹിക്കും. പരിപാടിക്ക് സാങ്കേതിക, അടിസ്ഥാന സൗകര്യങ്ങളും മനുഷ്യവിഭവശേഷിയും നൽകുന്നതിന് കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിനെ (കെഐഎഫ്ബി) മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി. 

വർക്കിങ് അറേഞ്ച്മെന്റ് അടിസ്ഥാനത്തിൽ കെഎഎസ് ഓഫിസർമാർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാരെ നിയമിക്കും. തത്വത്തിൽ അതിനായി ആവശ്യമായ ഉത്തരവുകൾ പുറപ്പെടുവിക്കാനും മേൽനോട്ടത്തിനായി അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരെ പുനർവിന്യസിക്കാനും ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിനും അവരുടെ അഭിപ്രായം സ്വരൂപിക്കാനും അവർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനും ഉള്ളടക്ക നിർമ്മാണം, വികസനം, പ്രചരണം എന്നിവയ്ക്കുമായി ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പിന് അധിക വകയിരുത്തലിലൂടെ 20 കോടി രൂപ അനുവദിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.