
ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. ചെങ്ങറയിലെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. ബന്ധപ്പെട്ട മന്ത്രിമാർ ഉദ്യോഗസ്ഥരുമായും പ്ലാന്റേഷൻ കോർപറേഷൻ, ഫാമിങ് കോർപറേഷൻ തുടങ്ങിയവരുമായും ചർച്ച ചെയ്ത് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കണം. പ്രത്യേക ക്യാമ്പ് നടത്തി റേഷൻ കാർഡ് വിതരണം നടത്തിയിട്ടുണ്ട്. ഓണക്കിറ്റും വിതരണം ചെയ്തു. അടുത്തമാസം മുതൽ ഭക്ഷ്യവസ്തുകൾ കൊടുക്കാൻ സഞ്ചരിക്കുന്ന റേഷൻ കടകൾ ആരംഭിക്കും. തൊഴിൽ കാർഡ് വിതരണം ഉടൻ പൂർത്തിയാക്കും.
കുട്ടികളുടെ പോഷകാഹാരപ്രശ്നം പരിഹരിക്കാൻ നിലവിലുള്ള അങ്കണവാടികളെ ശക്തിപ്പെടുത്തി പരിഹാരം കണ്ടെത്തണം. ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. വിദ്യാർത്ഥികൾക്ക് പഠിക്കാനായി സോളാർ ലാമ്പ് നൽകാൻ നടപടി സ്വീകരിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാനും മുഖ്യമന്ത്രി നിർദേശിച്ചു. മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, എം ബി രാജേഷ്, ഒ ആർ കേളു, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നിയമ സെക്രട്ടറി കെ ജി സനൽകുമാർ, റവന്യു സെക്രട്ടറി എം ജി രാജമാണിക്യം തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.